പുതിയ സി ബി ഐ ഡയറക്ടര്‍: നടപടികള്‍ ത്വരിതഗതിയില്‍

Posted on: November 24, 2014 5:44 am | Last updated: November 23, 2014 at 11:45 pm

cbiന്യൂഡല്‍ഹി: പുതിയ സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. നിലവിലെ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ കാലാവധി ഒരാഴ്ചക്കകം കഴിയുമെന്നതിനാലാണിത്. സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതിന് മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ലിസ്റ്റ് കൈമാറാന്‍ പേഴ്‌സനല്‍, ട്രെയിനിംഗ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് സിന്‍ഹയുടെ കാലാവധി അവസാനിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച, 2ജി കേസ് അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് സിന്‍ഹയെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു.
പുതിയ മേധാവിയെ തിരഞ്ഞെടുക്കാനുള്ള നടപടി ആരംഭിച്ചതായും ഡയറക്ടറുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നും പേഴ്‌സനല്‍, ട്രെയിനിംഗ് വകുപ്പ് അറിയിച്ചു. പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാറാണ് സി ബി ഐ മേധാവിയെ പ്രഖ്യാപിക്കേണ്ടത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ്, ചീഫ് ജസ്റ്റിസ് നാമനിര്‍ദേശം ചെയ്യുന്ന സുപ്രീം കോടതി ജഡ്ജി എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ്. മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ആഭ്യന്തര മന്ത്രാലയം, പേഴ്‌സനല്‍ മന്ത്രാലയത്തിന് കൈമാറും. സീനിയോറിറ്റി, പ്രതിച്ഛായ, അഴിമതി കേസുകളിലെ അന്വേഷണ പരിചയം എന്നിവ അനുസരിച്ച് പേഴ്‌സനല്‍ മന്ത്രാലയം ലിസ്റ്റ് തയ്യാറാക്കും.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാത്തതിനാല്‍ ലോക്പാലും ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമവും ഭേദഗതി വരുത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് ഒരംഗമാണ്. രണ്ട് നിയമങ്ങളിലും ഭേദഗതി വരുത്തി സെലക്ഷന്‍ കമ്മിറ്റിക്ക് ക്വാറം തികക്കേണ്ടെന്ന തരത്തിലാണ് നിയമമുണ്ടാക്കുക. ഒരംഗത്തിന്റെ അഭാവത്താലോ ഒഴിവിനാലോ സമിതിക്ക് അയോഗ്യത കല്‍പ്പിക്കപ്പെടാതിരിക്കാനാണിത്. നിയമങ്ങള്‍ ഭേദഗതി വരുത്തണമെന്ന പേഴ്‌സനല്‍ വകുപ്പിന്റെ ശിപാര്‍ശ കഴിഞ്ഞ പത്താം തീയതി ചേര്‍ന്ന മന്ത്രിസഭാ യോഗം മാറ്റിവെക്കുകയായിരുന്നു. ഇന്ന് മുതല്‍ നടക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നേക്കും.
നേരത്തെ ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുത്തത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ ചെയര്‍മാനും വിജിലന്‍സ് കമ്മീഷണര്‍മാരും ആഭ്യന്തര സെക്രട്ടറിയും കോ ഓഡിനേഷന്‍ ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ് ദ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറിയും അംഗങ്ങളായുള്ള സമിതിയായിരുന്നു ഡയറക്ടറെ തിരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ ലോക്പാല്‍, ലോകായുക്ത നിയമം കൊണ്ടുവന്നതോടെ ഇതില്‍ സമൂല മാറ്റമുണ്ടാകുകയായിരുന്നു.