Connect with us

Kerala

റോഡ് നികുതിയുടെ പകുതിപോലും നിര്‍മാണത്തിന് ചെലവഴിക്കുന്നില്ല: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

Published

|

Last Updated

കൊച്ചി: റോഡ് നികുതിയിനത്തില്‍ പ്രതിവര്‍ഷം പിരിച്ചെടുക്കുന്ന തുകയുടെ പകുതിപോലും റോഡു നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമായി ഉപയോഗിക്കുന്നില്ലെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍. കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച നിര്‍മിതി ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റോഡുകള്‍ക്ക് വേണ്ടത്ര നിലവാരമില്ല. കരാര്‍ തുകയുടെ നല്ലൊരുഭാഗം ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കിയാലും ബില്ല് മാറി കിട്ടാന്‍ കാലതാമസമുണ്ടാകുന്നു. ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലിയും കരാറുകാരുടെ ലാഭം കഴിച്ചുള്ള തുകയ്ക്ക് റോഡു നിര്‍മിച്ചാല്‍ ഒരു മാസത്തെ ആയുസേ ഉണ്ടാവുകയുള്ളൂ. അഴിമതിക്കെതിരെ നിയമ മുള്ള രാജ്യത്ത് ഇതിന്റെ പേരില്‍ പ്യൂണിനെയോ ക്ലര്‍ക്കിനെയോ മാത്രമാണ് അസ്റ്റു ചെയ്യുന്നത്. വലിയ ആളുകളെ തൊടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറുകള്‍ വികസനത്തിന് ആവശ്യമായ പണം നീക്കിവയ്ക്കുന്നില്ല. വരുമാനത്തിന്റെ 70 ശതമാനവും ശമ്പവും പെന്‍ഷനും പലിശയടവുമായി ചെലവാക്കുന്നു. ബാക്കിയുള്ളതാണ് വികസനത്തിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ലാഭമില്ലാത്തതിനാല്‍ കേരളത്തിലെ വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ പൂട്ടിപ്പോവുകയോ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയോ ചെയ്തു. മികച്ച നിലവാരത്തില്‍ നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണിത്.
ഗുണനിലവാരമുറപ്പാക്കാനായി ഇതിനായി ആധുനിക ഉപകരണങ്ങള്‍ വാങ്ങാനായി കരാറുകാരുടെ കണ്‍സോര്‍ഷ്യമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്തു വകുപ്പിന്റെ കരാറുകള്‍ക്ക് നികുതി ഈടാക്കുന്നത് ഒഴിവാക്കേണ്ടതാണ്. സര്‍ക്കാരിന്റെ ഒരു വകുപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് നികുതി മാറ്റാനായി ജോലിക്കാരെ നിയമിച്ച് ചെലവ് കൂട്ടുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ പുതിയ വലിയ പദ്ധതികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെജിസിഎ പ്രസിഡന്റ് വര്‍ഗീസ് കണ്ണേമ്പിള്ളി അധ്യക്ഷനായി. കെഎഫ്‌സി ചീഫ് മാനേജര്‍ കെ എം ഹരിദാസ്, വി ആനന്ദ്, ആന്റു ജോസഫ്, പി ജെ ടോമി, ജോമി ജോര്‍ജ്ജ്, സി കരീം എന്നിവര്‍ സംസാരിച്ചു. കെജിസിഎ പ്രസിഡന്റ് വി പി ആര്‍ റോയ് സ്വാഗതം പറഞ്ഞു.