സ്വകാര്യ ആഡംബര ബസുകളില്‍ മിന്നല്‍ പരിശോധന; വന്‍ ക്രമക്കേട് കണ്ടെത്തി

Posted on: November 24, 2014 3:18 am | Last updated: November 23, 2014 at 11:19 pm

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ഹൈടെക് എയര്‍ ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ വന്‍ തോതില്‍ നികുതി വെട്ടിച്ച് ചരക്കുകള്‍ കടത്തുന്നതായി വിജിലന്‍സ് കണ്ടെത്തി. തലസ്ഥാനത്ത് എത്തിയ ബസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. സംസ്ഥാനത്ത് പലതരത്തില്‍ പ്രതിവര്‍ഷം 6,000 കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പ് നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നെത്തിയ ബസുകളിലായിരുന്നു പരിശോധന. വ്യാപകമായി നികുതി വെട്ടിപ്പു കണ്ടെത്തിയ സാഹചര്യത്തില്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ വില്‍പ്പന നികുതി സ്‌ക്വാഡിനോട് വിജിലന്‍സ് ആവശ്യപ്പെടും. തിരുവനന്തപുരത്തിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍ തുടങ്ങിയ നഗരങ്ങളിലും ഇത്തരത്തില്‍ ഹൈടെക് ബസുകള്‍ മുഖേന യാത്രക്കാരല്ലാത്തവര്‍ നികുതി വെട്ടിച്ച് ചരക്കുകള്‍ കടത്തുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ പ്രതിമാസം സര്‍ക്കാര്‍ ഖജനാവിന് നഷ്ടമാകുന്നത്. റജിസ്‌ട്രേഡ് ഏജന്റ് അല്ലാത്തവര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാണിജ്യാവശ്യത്തിനുള്ള സാധനങ്ങള്‍ നികുതി അടക്കാതെ കൊണ്ടുവരാം. സുരക്ഷിതമായി സാധനങ്ങള്‍ കേരളത്തില്‍ എത്തിക്കാമെന്ന് ഉറപ്പ് നല്‍കുന്ന ബസ് ബുക്കിംഗ് ഏജന്റുമാര്‍, വില്‍പ്പന നികുതി സ്‌ക്വാഡ് പിടിച്ചാല്‍ ഉത്തരവാദിത്വം ഏല്‍ക്കില്ല.
ചരക്കുകള്‍ക്ക് ഒപ്പം യാത്രക്കാരില്ലാത്ത കേസുകളാണ് അധികവും. ബസുകാര്‍ക്ക് നല്‍കുന്നത് വ്യാജ മേല്‍വിലാസമായതിനാല്‍ നികുതിവെട്ടിപ്പുകാരെ കണ്ടെത്താന്‍ കഴിയില്ല. ചരക്കുകള്‍ ട്രാവല്‍ ഓഫീസില്‍ ആവശ്യക്കാര്‍ നേരിട്ടെത്തി കൈപ്പറ്റുകയാണ് പതിവ്. ഇത്തരം ബസുകള്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധിക്കുന്ന പതിവില്ല. സര്‍വീസ് നടത്തുന്ന ബസാണോ വിനോദ സഞ്ചാരത്തിനുള്ള ബസാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനവും നിലവിലില്ല. ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ചാണ് ഇവര്‍ സര്‍വീസ് നടത്തുന്നത്. നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ അനുമതിയില്ല. ഫലത്തില്‍ ഇവര്‍ നടത്തുന്നത് അനധികൃത സര്‍വീസാണെന്ന് വ്യക്തമാണ്. മാത്രമല്ല കേരളം ആസ്ഥാനമായ ട്രാവല്‍ കമ്പനികള്‍ പോലും നികുതി ലാഭിക്കാന്‍ അന്യസംസ്ഥാനങ്ങളിലാണ് ബസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഇതും സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നുണ്ട്.
സര്‍ക്കാര്‍ ബസുകള്‍ പോലും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായാണ് സര്‍വീസ് നടത്തുന്നത്. ഇതുവഴി കെ എസ് ആര്‍ ടി സിക്കും റെയില്‍വേക്കും ലഭിക്കേണ്ട വരുമാനമാണ് സ്വകാര്യ ലോബി തട്ടിയെടുക്കുന്നത്.