അന്‍സില്‍ വധം: കൗമാരക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ അറസ്റ്റില്‍

Posted on: November 24, 2014 5:17 am | Last updated: November 23, 2014 at 11:18 pm

tsr arrest potoതൃപ്രയാര്‍: ഏകാദശി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളിലൊരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഗുണ്ടാ സംഘങ്ങളില്‍ പെട്ട 20 പേര്‍ അറസ്റ്റില്‍. തൃത്തല്ലൂര്‍ ചെട്ടിക്കാട് എരച്ചുവീട്ടില്‍ അന്‍സിലിനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട സ്‌പൈഡര്‍ അനുനെയും സംഘാംഗങ്ങളെയുമാണ് റൂറല്‍ എസ് പി വിജയകുമാര്‍, ഡി വൈ എസ് പി. പി എ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളില്‍ മൂന്ന് പേര്‍ ആര്‍ എം പി പ്രവര്‍ത്തകരാണ്.
ഗുണ്ടാ നേതാവ് നാട്ടിക കൊടപ്പുള്ളി സ്‌പൈഡര്‍ അനു എന്ന അരുണ്‍ (27), വലപ്പാട് കരയാമുട്ടം വേളയില്‍ വീട്ടില്‍ പ്രണവ് (21), വലപ്പാട് ബീച്ചില്‍ കാരേപറമ്പില്‍ ആകാശ് (18), കരയാമുട്ടം ഡിസ്‌ക്കോ സെന്ററില്‍ കാരയില്‍ തെക്കൂട്ട് വീട്ടില്‍ ആകാശ് (18), തൃപ്രയാര്‍ പണിക്കവീട്ടില്‍ നിഹാന്‍ (18), കരയാമുട്ടം വന്നേരി വീട്ടില്‍ ശ്രീഹരി (18), വലപ്പാട് കൊതകുളം ബീച്ചില്‍ കാരേപറമ്പില്‍ ഹരികൃഷ്ണന്‍ (19), വട്ടപ്പരത്തി അമ്പലത്തിനു സമീപം കാലത്തില്‍ വീട്ടില്‍ ജിനീഷ് (20), തെക്കെപനക്കല്‍ വീട്ടില്‍ രാഹുല്‍ (18), നാട്ടിക ചെമ്മാപ്പിള്ളി വെള്ളഞ്ചേരി വീട്ടില്‍ (നിതിന്‍ 22), മുറ്റിചൂര്‍ മേപ്പുറത്ത് വീട്ടില്‍ സനീഷ് (22), കരയാമുട്ടം കാരേപ്പറംബില്‍ വീട്ടില്‍ അനുഗ്രഹ് (18 ), കരയാമുട്ടം വട്ടപ്പരത്തി മുളങ്ങാട്ടു പറമ്പില്‍ ഷൈജു (18) തുടങ്ങി 20 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഏഴ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ലഹരിക്ക് അടിപ്പെട്ട സംഘം അന്‍സിലിനെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഏകാദശി ദിവസം അന്തിക്കാട്ട് നിന്ന് മറ്റൊരു ക്വട്ടേഷന്‍ നേതാവായ സ്മിത്തും സംഘവും തന്നെ അക്രമിക്കാന്‍ വരുമെന്ന് സ്‌പൈഡര്‍ അനുവിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതു പ്രകാരം അനുവും സംഘവും ആറര ലിറ്റര്‍ മദ്യവും മയക്കു മരുന്നും കഞ്ചാവും വലിച്ച് തയ്യാറായി ഇരുന്നു. 36 പേരെയാണ് സ്‌പൈഡര്‍ തയ്യാറാക്കിയിരുന്നത്. ഇവരിലെ സംഘത്തിലൊരുവന്റെ നിര്‍ദേശ പ്രകാരം ഇവര്‍ തൃപ്രയാര്‍ പോളിടെക്‌നിക്കിലെ കോളജ് ഹോസ്റ്റലും കോമ്പൗണ്ടിലുണ്ടായിരുന്ന ബൈക്കും ഒരു കാറും അടിച്ചു തകര്‍ത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന കോളജ് യൂനിയന്‍ ചെയര്‍മാനടക്കം അഞ്ച് പേരെ സംഘം മാരകമായി ആക്രമിച്ചാണ് മടങ്ങിയത്. പിന്നീട് ചെമ്മാപ്പിള്ളി കോളനിയിലേക്ക് പോകുന്ന വഴിയില്‍ പതുങ്ങിയിരുന്ന സംഘം ബൈക്കില്‍ പോകുകയായിരുന്ന നാല് യുവാക്കളെ ആക്രമിച്ചു. ആദ്യ ബൈക്കില്‍ പോകുകയായിരുന്ന വിഷ്ണുവിനെയും തൗഫീഖിനെയും വാളുകൊണ്ട് വെട്ടിയെങ്കിലും ഇരുവരും രക്ഷപ്പെട്ടു. പിന്നീട് പിറകെ വരികയായിരുന്ന അന്‍സിലിനെയും സുഹൃത്തായ ഹസൈനെയും വീണ്ടും സംഘം എറിഞ്ഞിട്ടു. നിലത്ത് വീണ ഇരുവരെയും സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ നാട്ടുകാര്‍ ഇരുവരെയും ആശുപ്രതിയിലെത്തിച്ചെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച്ചയോടെ അന്‍സില്‍ മരിച്ചു. തുടര്‍ന്ന് പോലീസിന്റെ ഊര്‍ജിത അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു.
സ്‌പൈഡര്‍ അനു എന്ന അരുണ്‍ ഇരുപതോളം കേസിലെ പ്രതികൂടിയാണ്. സീനിയര്‍ സി പി ഒമാരായ പി സി സുനില്‍, എന്‍ കെ അനില്‍ കുമാര്‍, ജലീല്‍, റഫീഖ്, സജി, സി പി ഒമാരായ കെ എം മുഹമ്മദ് അശ്‌റഫ്, രാജേഷ്, പ്രവീണ്‍, സൂരജ്, വി ദേവ്, ലിജു, അനന്തകൃഷ്ണന്‍, ശിവപ്രസാദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എ ഐ വൈ എഫ് ചെട്ടിനാട് യൂനിറ്റ് സെക്രട്ടറിയായിരുന്നു അന്‍സില്‍.