എ കെ ബാലന്റെ ഭാര്യ പാലക്കാട് ഗവ. മെഡി. കോളജ് സ്‌പെഷ്യല്‍ ഓഫീസറാകും

Posted on: November 23, 2014 11:54 pm | Last updated: November 23, 2014 at 11:54 pm

പാലക്കാട്: സംസ്ഥാനതലത്തില്‍ സി പി എമ്മും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. ജമീലയെ പാലക്കാട് ഗവ. മെഡിക്കല്‍ കോളജിന്റെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാലക്കാട് എം എല്‍ എ ഷാഫി പറമ്പിലിന്റെ എതിര്‍പ്പ് മറികടന്നാണ് മന്ത്രി വി എസ് ശിവകുമാര്‍ തീരുമാനമെടുത്തത്.
എന്നാല്‍ ശിവകുമാര്‍ വിചാരിച്ചാല്‍ മാത്രം മുന്‍ മന്ത്രി ബാലന്റെ ഭാര്യയെ ഉന്നതസ്ഥാനത്ത് നിയമിക്കാനാകില്ല. ഇതിനര്‍ഥം ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ഇടപെട്ടു എന്നു തന്നെയാണ്. കഴിഞ്ഞവര്‍ഷം ഡോ. ജമീല ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും വിരമിച്ചിരുന്നു. സര്‍ക്കാര്‍ അവരുടെ സേവനകാലാവധി ഒരുവര്‍ഷം നീട്ടിക്കൊടുത്തു. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് സേവനം നീട്ടിനല്‍കിയത്.
കോണ്‍ഗ്രസ് സംഘടനകള്‍ അന്നും ജമീലക്കെതിരെ രംഗത്തുവന്നെങ്കിലും ഉമ്മന്‍ ചാണ്ടിയും ശിവകുമാറും വഴങ്ങിയില്ല. പാലക്കാട് മെഡിക്കല്‍ കോളജിനെതിരെ വ്യാപകമായ പ്രതിഷേധം കോണ്‍ഗ്രസ് തന്നെ ഉയര്‍ത്തിയിരുന്നു. പി എസ് സി വഴിയല്ലാതെ മെഡിക്കല്‍ കോളജിലേക്ക് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയിരുന്നു. സി പി എം അനുഭാവികള്‍ക്കും സര്‍ക്കാര്‍ നിയമനം നല്‍കിയെന്ന് ചുരുക്കം. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് മെഡിക്കല്‍ കോളജിന്റെ പേരില്‍ വകമാറ്റിയതായും ആരോപണം ഉയര്‍ന്നിരുന്നു.
എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യം ഏറ്റുപിടിച്ചില്ല. യുവമോര്‍ച്ച ഇതിനെതിരെ സമരരംഗത്തെത്തിയെങ്കിലും സി പി എമ്മിന്റെ യുവജന സംഘടനകള്‍ നിശബ്ദത പാലിച്ചു. വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനാണ് നിലവില്‍ മെഡിക്കല്‍ കോളജിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തികയിലുള്ളത്. ഒരു മന്ത്രിയാണ് നിയമനത്തിന് പിന്നിലെന്നറിയുന്നു. വിഷയം സി പി എമ്മിനുള്ളില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സി പി എം സംസ്ഥാന നേതാക്കള്‍ ബാലനൊപ്പമാണ്.
ബാലന്റെ അഡ്ജസ്റ്റ്‌മെന്റ് സി പി എം ജില്ലാ നേതാക്കളെ അലോസരപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബാലന്റെ കാര്യത്തില്‍ എതിര്‍ നിലപാടെടുക്കാന്‍ പിണറായിയോ കൊടിയേരിയോ തയ്യാറാകുകയില്ല. ബാലന്റെ വിഷയം ജില്ലാ നേതാക്കള്‍ സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കൊണ്ടുവന്നെങ്കിലും ഇത്തരം സംഭവങ്ങള്‍ മേലില്‍ അവതരിപ്പിക്കരുതെന്ന് സംസ്ഥാന നേതാക്കള്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.