വോളിബോള്‍ മത്സരത്തിനിടെ അഫ്ഗാനില്‍ ചാവേര്‍ ആക്രമണം; 45 മരണം

Posted on: November 23, 2014 8:36 pm | Last updated: November 24, 2014 at 12:06 am

bomb blastകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വോളിബോള്‍ മത്സരത്തിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ യഹ്‌യാഖായില്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അറുപതിലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. വോളിബോള്‍ മത്സരത്തിനിടെ ജനക്കൂട്ടത്തിന് മധ്യത്തിലെത്തിയ ചാവേര്‍ ഡിറ്റനേറ്ററുകള്‍ ഉപയോഗിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പക്തിക പ്രവിശ്യാ ഗവര്‍ണര്‍ പറഞ്ഞു. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് പക്തിക. യു എസ്, നാറ്റോ സൈന്യത്തെ രാജ്യത്ത് കൂടുതല്‍ കാലം കഴിയാന്‍ അനുവദിക്കുന്ന കരാറിന് അഫ്ഗാന്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
സമീപകാലത്ത് അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് ഇന്നലെ നടന്നത്. 2010ല്‍ വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ വോളിബോള്‍ മത്സരത്തിനിടെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മുപ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.