Connect with us

Wayanad

വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ സാഹിത്യോത്സവം 25ന്

Published

|

Last Updated

കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിന്റെ ജില്ലാ സാഹിത്യോത്സവ മത്സരങ്ങള്‍ 25 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 ന് തരിയോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുക, സര്‍ഗാത്മക രചനകള്‍ക്ക് അവസരങ്ങള്‍ ഒരുക്കുക, മാതൃഭാഷാ സ്‌നേഹം വളര്‍ത്തി കലാപരവും കലാപരവും സാഹിത്യപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുട്ടികളെ സജ്ജരാക്കുക എന്നിവയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ലക്ഷ്യമിടുന്നത്. 17 ാമത് സാഹിത്യോത്സത്തില്‍ നാടന്‍പാട്ട്, കാവ്യമഞ്ജരി (എന്‍.എന്‍. കക്കാടിന്റെ കവിതകള്‍), കാവ്യകേളി. അക്ഷരശ്ലോകം, സാഹിത്യ പ്രശ്‌നോത്തരി, പോസ്റ്റര്‍ രചന, പുസ്തകാസ്വാദനം, കഥാരചന, കവിതാരചന, ഉപന്യാസ രചന, പെയിന്റിംഗ്, കൈയെഴുത്ത്, കഥാപൂരണം, കവിതാപൂരണം, കടംകഥ, വായന എന്നീ ഇനങ്ങള്‍ മത്സരത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ജില്ലാ സാഹിത്യോത്സവം ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ചാക്കോ അധ്യക്ഷത വഹിക്കും. ചലചിത്രതാരം എസ്തര്‍ സാഹിത്യോത്സവത്തിന് തിരിതെളിയിക്കും. ഡിഡിഇ ഇ. മേരി ജോസ് മുഖ്യ പ്രഭാഷണം നടത്തും. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് നിര്‍വഹിക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഉപജില്ലകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് ജില്ലാ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാം. കവിത, ഉപന്യാസ രചന, കവിതാലാപനം എന്നിവയില്‍ അധ്യാപകര്‍ക്ക് മത്സരങ്ങള്‍ ഉണ്ടായിരിക്കും. കഥാരചന, കവിതാരചന, ഉപന്യാസ രചന, ജലഛായം, പുസ്തകാസ്വാദനം, സാഹിത്യ ക്വിസ്, നാടന്‍ പാട്ട്, കാവ്യമഞ്ജരി എന്നീ വിഭാഗങ്ങളില്‍ വിജയിക്കുന്നവരെ ഉള്‍പ്പെടുത്തി ഡിസംബര്‍ 20 മുതല്‍ 23 വരെ കൊല്ലം പികെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവം, ശില്‍പശാല, പ്രതിഭാ സംഗമം, സാംസ്‌കാരിക ഘോഷയാത്ര എന്നിവ സംഘടിപ്പിക്കും. എസ്എസ്എ, വിദ്യാരംഗം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന സാഹിത്യോത്സവം നടക്കുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ സി.ടി. ചാക്കോ, ഡിഇഒ കെ.എം. തോമസ്, കണ്‍വീനര്‍ പി.കെ. വാസു, പബ്ലിസിറ്റി കണ്‍വീനര്‍ സുരേഷ്ബാബു വാളല്‍, ജില്ലാ കണ്‍വീനര്‍ പൃഥ്വിരാജ് മൊടക്കല്ലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.