അന്ധരായ മുസ്‌ലിം വനിതകള്‍ക്കായി പുനരധിവാസ കേന്ദ്രമൊരുങ്ങുന്നു

Posted on: November 23, 2014 11:41 am | Last updated: November 23, 2014 at 11:41 am

മലപ്പുറം: അന്ധരായ മുസ്‌ലിം വനിതകളുടെ പുനരധിവാസവും മത-ഭൗതിക പഠനവും ലക്ഷ്യമിട്ട് തിരൂരങ്ങാടിയില്‍ ആരംഭിക്കുന്ന അന്ധ വനിതാ സെന്റര്‍ ഉദ്ഘാടനവും പഠന ക്യാമ്പും ഇന്ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊണ്ടോട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഇബ്‌നു ഉമ്മു മക്തൂം എന്ന പേരില്‍ കേന്ദ്രം ആരംഭിക്കുന്നത്.
രാവിലെ 10ന് തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കാഴ്ചയില്ലാത്ത മുസ്‌ലിംസഹോദരന്‍മാര്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കാഴ്ചയില്ലാത്തവര്‍ ചേര്‍ന്ന് രൂപവത്കരിച്ച കൂട്ടായ്മയാണ് മുസ്‌ലിം എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്.
അറബി ബ്രയില്‍ ലിപിയില്‍ പരിശീലനം. റിലീഫ് പ്രവര്‍ത്തനങ്ങള്‍, ഭൗതിക വിദ്യാഭ്യാസത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍, വിവാഹ ധന സഹായം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റിന് കീഴില്‍ നടന്ന്‌വരുന്നത്. കൃത്യമായ വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ പൊതുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ജന്‍മനാ കാഴ്ച ശക്തി നഷ്ടപ്പെട്ടവരും ഇടക്ക് കാഴ്ചയില്ലാതായവരുമായ നൂറ് കണക്കിന് പേര്‍ക്കാണ് ഇതിനകം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുള്ളത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതലറിയാന്‍ 9895850842, 9847818275 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് സെക്രട്ടറി കെ അബൂബക്കര്‍ സിദ്ദീഖ്, സഹായ സഹകരണ സമിതി ചെയര്‍മാന്‍ കുറ്റിയില്‍ അബ്ദുസമദ്, സിദ്ദീഖുല്‍ അക്ബര്‍ പങ്കെടുത്തു.