കൊയിലാണ്ടിയില്‍ റെയില്‍വേ നടപ്പാലത്തിനായി നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Posted on: November 23, 2014 11:35 am | Last updated: November 23, 2014 at 11:35 am

കൊയിലാണ്ടി: റെയില്‍വേ നടപ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോം നീളം കൂട്ടാനായി മുത്താമ്പി റോഡിലെ റെയില്‍വേ ഗേറ്റ് 200 മീറ്റര്‍ അകലെ മാറ്റി സ്ഥാപിച്ചിരുന്നു. ഇതുകാരണം പത്ത് മിനിട്ട് കൊണ്ട് എത്താവുന്ന ടൗണിലേക്ക് ഇപ്പോള്‍ ഒന്നര കിലോമീറ്ററോളം സഞ്ചരിക്കണം. 2013ല്‍ റെയില്‍വേ മേല്‍പാലം തുറന്നതോടെ മുത്താമ്പി റെയില്‍വേ ഗേറ്റ് അടക്കുകയും ഇതുവഴിയുള്ള റോഡ് ഗതാഗതം ഇല്ലാതാകുകയും ചെയ്തു. മേല്‍പ്പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്ക് യാതൊരു സൗകര്യവും ഒരുക്കിയതുമില്ല. റെയില്‍പാളം മുറിച്ചു കടക്കുക മാത്രമാണ് പരിസരവാസികളുടെ മുമ്പിലെ ഏക മാര്‍ഗം.
പാളം മുറിച്ചു കടക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞവര്‍ നിരവധിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്‍കൈ എടുത്ത് എസ്റ്റിമേറ്റ് തുക കെട്ടിവെച്ചാല്‍ 30 ശതമാനം തുക മുടക്കി നടപ്പാലം നിര്‍മിക്കുമെന്ന് റെയില്‍വേ ഉറപ്പു നല്‍കിയതായി നാട്ടുകാര്‍ പറയുന്നു. കൊയിലാണ്ടി നഗരസഭ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്റെ എം പി ഫണ്ടില്‍ നിന്നും അരക്കോടി രൂപ അനുവദിക്കാമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ നിര്‍മാണത്തിന് റെയില്‍വേ തത്വത്തില്‍ അംഗീകാരം നല്‍കിയ്യിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിസരത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. ആദ്യ പടിയായി ഡിസംബര്‍ 13ന് പ്രകടനവും ധര്‍ണയും നടക്കും.