ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തെ വെല്ലുവിളിച്ച് മമത

Posted on: November 22, 2014 2:54 pm | Last updated: November 23, 2014 at 12:05 am

mamathaകൊല്‍ക്കത്ത: ശാരദാ ചിട്ടി ഫണ്ട് കേസില്‍ പാര്‍ട്ടി എം പി അറസ്റ്റിലായതിന് പിറകേ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. കേന്ദ്ര സര്‍ക്കാര്‍ തന്നെയും പാര്‍ട്ടിയെയും തിരഞ്ഞെടുപ്പ് പക തീര്‍ക്കുകയാണെന്ന് മമത ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും തന്നെ അറസ്റ്റ് ചെയ്യാനും അവര്‍ കേന്ദ്രത്തെ വെല്ലുവിളിച്ചു. ശൈത്യകാല സമ്മേളനത്തോട് അനുബന്ധിച്ച് പാര്‍ലിമെന്ററി കാര്യ മന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകകക്ഷി യോഗത്തില്‍ തൃണമൂല്‍ പങ്കെടുക്കില്ല.
‘എന്നെ ജയിലിലടക്കൂ. ഞാന്‍ നോക്കിക്കോളാം ബാക്കി കാര്യങ്ങള്‍. എത്ര വലിയ ജയിലുകള്‍ ഉണ്ടെന്ന് ഞാനൊന്ന് കാണട്ടെ. ഞങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യും. എല്ലാ വെല്ലുവിളികളും ഞങ്ങള്‍ സ്വീകരിക്കും’- പാര്‍ട്ടി എം പിമാരുടെയും മന്ത്രിമാരുടെയും എം എല്‍ എമാരുടെയും പ്രവര്‍ത്തകരുടെയും യോഗത്തില്‍ മമതാ ബാനര്‍ജി തുറന്നടിച്ചു.
ബി ജെ പിയെ ഭയക്കരുത്. കാവിപാര്‍ട്ടിയുടെ ഗൂഢാലോചനകള്‍ക്കതിരെ ഒറ്റക്കെട്ടായി പോരാടണം. സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താന്‍ വെല്ലുവിളിക്കുന്നു. ബാലറ്റിലൂടെ ഞങ്ങള്‍ മറുപടി നല്‍കും. ഞങ്ങള്‍ അധികാരത്തിന്റെ അടിമകളല്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പകപോക്കല്‍ രാഷ്ട്രീയത്തിനെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കും. എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ നിശ്ശബ്ദമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സോണിയാ ഗാന്ധി പോലും മിണ്ടുന്നില്ല. അവര്‍ക്ക് എന്നെ ഭയമാണ്. അതുകൊണ്ട് അവരും ഗൂഢാലോചനയില്‍ പങ്കു ചേരുന്നു- നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ സദസ്സില്‍ മമത പറഞ്ഞു.
നെഹ്‌റുവിന്റെ 125ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തത് കൊണ്ടാണ് കേന്ദ്രം തന്നെ ആക്രമിക്കുന്നത്. ആ വെല്ലുവിളി ഞാന്‍ സ്വീകരിക്കുന്നു. മതേതരമായ അത്തരം ചടങ്ങുകളില്‍ ഇനിയും ആയിരം തവണ പങ്കെടുക്കും. തനിക്ക് അവരുടെ സാക്ഷ്യപത്രം ആവശ്യമില്ല. മതേതര മൂല്യങ്ങളെയും പ്രാദേശിക പാര്‍ട്ടികളെയും തകര്‍ക്കാനാണ് അവര്‍ നടക്കുന്നതെന്നും മമത പറഞ്ഞു.
മമതയുടെ അടുത്ത അനുയായിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം പിയുമായ സ്രിന്‍ജോയ് ബോസിനെ ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ സി ബി ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബിസിനസുകാരന്‍ കൂടിയായ ബോസ്, ബംഗാളി ദിനപത്രമായ സമ്പദ് പ്രതിദിനിന്റെ ഉടമയാണ്.
ബോസിന് പുറമെ പശ്ചിമ ബംഗാള്‍ ടെക്‌സ്റ്റൈല്‍സ് മന്ത്രി ശ്യാമപദ മുഖര്‍ജി, കോണ്‍ഗ്രസ് നേതാവ് സോമന്‍ മിത്ര എന്നിവരും കഴിഞ്ഞ ദിവസം ശാരദാ കേസുമായി ബന്ധപ്പെട്ട് സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിരുന്നു. ശാരദാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ രാജ്യസഭാ എം പിയാണ് ബോസ്. ഇതിന് മുമ്പ് അറസ്റ്റിലായ കുനാല്‍ ഘോഷ് ഒരു വര്‍ഷത്തിലധികമായി തടവിലാണ്. കഴിഞ്ഞ ദിവസം കുനാല്‍ ഘോഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.