Connect with us

Wayanad

യുവാക്കളെ കബളിപ്പിച്ച് പണം തട്ടല്‍; പ്രതികളിലൊരാള്‍ മുംബൈയില്‍ പിടിയില്‍

Published

|

Last Updated

കാഞ്ഞങ്ങാട്: ഗള്‍ഫുകാരായ യുവാക്കളെയും മറ്റും രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് ശൃംഗരിച്ച് മയക്കിയെടുത്ത ശേഷം വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും പിന്നീട് അവരില്‍നിന്ന് പണവും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തില്‍പ്പെട്ടയാള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. ഞാണിക്കടവ് സ്വദേശി റംഷീദാണ് ഇന്നലെ രാവിലെ ഗള്‍ഫിലേക്ക് കടക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ പിടിയിലായത്.
ഒക്‌ടോബര്‍ എട്ടിന് രാത്രി കാറ്ററിംഗ് സര്‍വീസ് നടത്തുന്ന നോര്‍ത്ത് ചിത്താരിയിലെ നിസാറിനെ തൈക്കടപ്പുറം സ്വദേശിനിയും ഷാഫിയുടെ ഭാര്യയുമായ സി എച്ച് സൈനബയെ ഇടനിലക്കാരിയാക്കി തൈക്കടപ്പുറത്തെ വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് അങ്ങോട്ട് യാത്ര തിരിച്ച നിസാര്‍ സഞ്ചരിച്ച കാര്‍ പടന്നക്കാട് മയ്യത്ത് റോഡില്‍ എത്തിയപ്പോള്‍ നാല് യുവാക്കള്‍ തടഞ്ഞ് നിര്‍ത്തുകയും ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് കൈയിലുണ്ടായിരുന്ന 25,000 രൂപയും മൊബൈല്‍ ഫോണും പിടിച്ച് വാങ്ങുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് റംഷീദ്. സൈനബയെ കൊണ്ട് യുവാക്കളെ ഫോണില്‍ വിളിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി. ഈ കേസില്‍ സൈനബയെ ഒരാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. റംഷീദിനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരാന്‍ ഹൊസ്ദുര്‍ഗ് എ എസ് ഐ. മോഹനനും സംഘവും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെത്തിച്ച ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതോടെ ബ്ലാക്ക്‌മെയില്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നും പോലീസ് പറഞ്ഞു.
ഈ സംഘത്തില്‍പ്പെട്ട രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. പള്ളിക്കരയിലെ ഗള്‍ഫുകാരനെ ഇതേ രീതിയില്‍ സൈനബയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.