Connect with us

Wayanad

വയനാട് റയില്‍വേ ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നു

Published

|

Last Updated

കല്‍പ്പറ്റ: വരുന്ന ഫെബ്രുവരി മാസത്തെ റയില്‍വേ ബ്ജറ്റില്‍ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാത അനുവദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുന്തതാന്‍ നീലഗിരി -വയനാട് നാഷണല്‍ ഹൈവേ ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചു. ആക്ഷന്‍ കമ്മറ്റി ഉടന്‍തന്നെ പുതിയ റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ സന്ദര്‍ശിച്ച് നഞ്ചന്‍ഗോഡ്- നിലമ്പൂര്‍ റയില്‍പാത സംബന്ധിച്ച് ചര്‍ച്ച നടത്തും.
ആക്ഷന്‍ കമ്മറ്റി തിങ്കളാഴ്ച ബാംഗ്ലൂരില്‍ രവിശങ്കറുമായി ചര്‍ച്ച നടത്തി. നഞ്ചന്‍ഗോഡ് -നിലമ്പൂര്‍ റയില്‍പാതയും പരിസ്ഥിതി പ്രാധാന്യം തനിക്ക് ബോധ്യപ്പെട്ടതായും തന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതികളില്‍ ഈ റയില്‍പാതയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. റയില്‍വേ മന്ത്രിയുയേയും പ്രധാനമന്ത്രിയുയേയും വയനാട് റയില്‍പാതയുടെ പ്രാധാന്യം ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വയനാട്ടില്‍ നിന്നും നീലഗിരിയില്‍ നിന്നുമായി മുതുമല, ബന്തിപ്പൂര്‍, നാഗര്‍ഹോള നാഷണല്‍ പാര്‍ക്കുകളും വയനാട് വന്യജീവി സങ്കേതവും മുറിച്ച് കടന്ന് നാല് റോഡുകളാണ് മൈസൂറിലേക്കുള്ളത്. ഈ നാലു റോഡുകളും ചേര്‍ന്ന് 136 കി.മി. ദൂരമാണ് വനം മുറിച്ച് കടക്കുന്നത് എന്നാല്‍ നിര്‍ദ്ദിഷ്ടം റെയില്‍പാത 10കി.മീ ദുരമാണ് നാഷണല്‍ പാര്‍ക്കിലൂടെ കടന്നു പോകുന്നത്. ഈ ഭാഗം മേല്‍പ്പാലത്തിലൂടെയുമാണ്. റയില്‍പാത വരുന്നതോടെ വനത്തിലൂടെ കടന്നു പോകുന്ന റോഡുകളില്‍ നിന്ന് ആയിരക്കണക്കിന് വാഹനങ്ങള്‍ ഇല്ലാതാകുന്നതോടെ വയനാടിന്റേയും പശ്ചിമഘട്ടത്തിന്റേയും പരിസ്ഥിതി മലിനീകരണത്തിനും വാഹനത്തിരക്ക് വന്യജീവികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാകും. കര്‍ണ്ണാടകയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പാണ്ഡുരംഗയുമായും ആക്ഷന്‍കമ്മറ്റി ചര്‍ച്ച നടത്തി. അദ്ദേഹവും പരിസ്ഥിതി സംരക്ഷിക്കുന്ന റയില്‍പാത എന്ന ആശയത്തിന് പിന്തുണ അറിയിച്ചു. വയനാട്ടിലെത്തിയ കെ.പി.സി.സി. പ്രസിഡണ്ട് വി.എം.സുധീരന്‍ നഞ്ചന്‍ഗോഡ് വയനാട് നിലമ്പൂര്‍ റയില്‍പാത കമ്പനി രൂപീകരിച്ച് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായ് ചര്‍ച്ചനടത്തുമെന്ന് ആക്ഷന്‍കമ്മറ്റിയെ അറിയിച്ചു. കേരള യാത്ര പൂര്‍ത്തിയായലുടന്‍ ഇത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കും.
കേരളം വിഹിതം അനുവദിച്ചെങ്കിലും കര്‍ണ്ണാടകയില്‍ നിന്ന് വിഹിതം ലഭിക്കാന്‍ കാലതാമസം വരുന്നതിനാല്‍ നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍പ്പാത കമ്പനി രൂപീകരിച്ച് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സി.എം.ആര്‍.സിയെ ചുമതലപ്പെടുത്തുന്നതിന് സംസ്ഥാന മന്ത്രിസഭ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് ആക്ഷന്‍ കമ്മറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ആക്ഷന്‍ കമ്മറ്റി യോഗത്തില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സ്വീകരണം നല്‍കി. ബി.ജെ.പി. ജില്ലാ നേതാക്കളും പങ്കെടുത്തു. നഞ്ചന്‍ഗോഡ്- നിലമ്പൂര്‍ റയില്‍പാത ബി.ജെ.പി. സംസ്ഥാന ഘടകം സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെയാണ് കാണുന്നത് അദ്ദേഹം വ്യക്തമാക്കി. ആക്ഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി.യും എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
യോഗത്തില്‍ പി.സി. മോഹനന്‍മാസ്റ്റര്‍, അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍, അഡ്വ. ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, കെ.സദാനന്ദന്‍, ഫാ. ടോണി കോഴിമണ്ണില്‍, അഡ്വ. പി. വേണുഗോപാല്‍, വി.മോഹനന്‍, പി.വൈ.മത്തായി, കെ.മുഹമ്മദ്, നാസര്‍കാസീം, സംഷാദ്, മധു, ഡോ. തോമസ് മോഡിശ്ശേരി, എന്നിവര്‍ പ്രസംഗിച്ചു.

Latest