Connect with us

Malappuram

മൂവായിരം രൂപയുടെ മുത്തുമാല അടിച്ചയാള്‍ക്ക് പാഴ്‌സലില്‍ ലഭിച്ചത് 10 രൂപയുടെ മാല

Published

|

Last Updated

കാളികാവ്: നറുക്കെടുപ്പില്‍ മൂവായിരം രൂപ വിലവരുന്ന മുത്തുമാല അടിച്ചതായി ഫോണിലൂടെ പറഞ്ഞ് വിശ്വസിപ്പിച്ച് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്ഥാപനം കാളികാവ് മേഖലയില്‍ നിരവധി പേരില്‍നിന്നും പണം തട്ടി. നറുക്കെടുപ്പില്‍ ഇന്ത്യയില്‍ നിന്നും 40 പേരെ വിജയികളായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതില്‍ ഉള്‍പ്പെട്ട താങ്കള്‍ക്ക് പ്രകൃതി ദത്തമായ മുത്തുമാല അയച്ച് നല്‍കുമെന്നും തപാല്‍ വഴി പാഴ്‌സല്‍ വരുമ്പോള്‍ 500 രൂപയും പോസ്റ്റല്‍ ചാര്‍ജ്ജും നല്‍കിയാല്‍ മതിയെന്നും പറഞ്ഞാണ് തട്ടിപ്പ്. എന്നാല്‍ കൈയ്യില്‍ കിട്ടിയ പാഴ്‌സല്‍ പൊളിച്ച് നോക്കുമ്പോഴാണ് കടകളില്‍ പത്ത് രൂപ മാത്രം വിലയുള്ള മാലയാണ് അകത്തുള്ളതെന്ന് മനസിലാക്കുന്നത്.
കാളികാവ് ജംഗ്ഷന്‍ ബസ് സ്റ്റാന്‍ഡിലെ സിറ്റി കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന അക്കരപീടിക മന്‍സൂറാണ് ഒടുവില്‍ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ പ്രിഷ പേള്‍ ഇന്ത്യാ എന്ന് പറയുന്ന കമ്പനിയുടെ തട്ടിപ്പിന് ഇരയായത്.
ഈ മാസം എട്ടിന് ഹൈദരാബാദില്‍ നിന്നുമാണ് മലയാളത്തില്‍ മന്‍സൂറിന് സമ്മാന വിവരവുമായി ഫോണ്‍വിളിയെത്തിയത്.
ഫോണ്‍ കമ്പനികളില്‍നിന്നാണ് വിലാസം ശേഖരിച്ചതെന്നും അറിയിച്ചു. ഇതനുസരിച്ച് കഴിഞ്ഞ ദിവസത്തെ പോസ്റ്റലില്‍ സമ്മാനവും എത്തി. എന്നാല്‍ പാഴ്‌സല്‍ തുറന്നപ്പോഴാണ് അകത്ത് വില കുറഞ്ഞ മാല കണ്ടത്. കാളികാവ് അങ്ങാടിയിലെ കൊല്ലാരന്‍ ഫൈസലിനും ഇതേ അനുഭവമുണ്ടായി. എന്നാല്‍ ഇയാള്‍ പോസ്‌റ്റോഫീസില്‍നിന്നും പാഴ്‌സല്‍ വാങ്ങാന്‍ തയ്യാറായില്ല. മാളിയേക്കല്‍ വലിയപറമ്പ്, പുറ്റമണ്ണ അടക്കം നിരവധി പേര്‍ ഈ തട്ടിപ്പില്‍ കുടുങ്ങിയതായി വിവരമുണ്ട്.
ചിലരില്‍നിന്നും ആയിരത്തിലധികം രൂപയും ഈടാക്കിയതായി അറിയുന്നു. പ്രിഷ പേള്‍, പി ഒ ബോക്‌സ് നമ്പര്‍ 1413, ഹുമയുണ്‍ നഗര്‍, ഹൈദരാബാദ് 500028 എന്ന വിലാസമാണ് പാഴ്‌സലിന്റെ പുറത്ത് ലേബലില്‍ വിലാസം നല്‍കിയിരിക്കുന്നത്. തട്ടിപ്പ് സംഘത്തിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ഇരയായ ഫൈസല്‍ പറഞ്ഞു.

Latest