International
കെനിയന്‍ നഗരമായ മൊബാസയില്‍ ഏറ്റുമുട്ടല്‍; മൂന്ന് പള്ളികള്‍ പൂട്ടി

നെയ്‌റോബി: കെനിയന്‍ നഗരമായ മൊബാസയില്‍ അടച്ചുപൂട്ടിയ പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. ഈ ആഴ്ച ആദ്യം ഉണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതിന് പിറകെയാണ് ഈ സംഭവം. വ്യാഴാഴ്ച മുതല്‍ അടച്ചുപൂട്ടിയ സ്വാഫ പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാക്കളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മതമൗലിക വാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സ്വാഫയും മറ്റ് മൂന്ന് പള്ളികളും പോലീസ് അടച്ചുപൂട്ടിയത്. സ്വാഫയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഗ്രനേഡ്, പെട്രോള്‍ ബോംബ്, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. സൊമാലിയന്‍ തീവ്രവാദികളായ അല്‍ ശബാബുമായി സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ നഗരത്തില്‍ വ്യാപകമായ പോലീസ് നടപടികളുണ്ടായിരുന്നു.
നൂറ് കണക്കിന് പേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇതിന് പ്രതികാരമായി ഒരു കൂട്ടം യുവാക്കള്‍ പോലീസിനെതിരെ ആക്രമണവും നടത്തിയിരുന്നു. പോലീസ് റെയ്ഡിനെതിരെ മുസ്‌ലിം പണ്ഡിതരും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധിച്ചിരുന്നു. മൊബാസയിലെ മുസ്‌ലിം സമൂഹത്തെ ഒട്ടാകെ പോലീസ് ലക്ഷ്യംവെക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മൊമബാസ. ഫെബ്രുവരിയില്‍ മുസ പള്ളിയില്‍ നടത്തിയ സമാനമായ റെയ്ഡിനെത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു.