5000 വര്‍ഷം മുമ്പ് ഇന്ത്യയില്‍ വിമാനയാത്ര ഉണ്ടായിരുന്നെന്ന് ചരിത്ര വിഭാഗം മേധാവി

Posted on: November 22, 2014 5:24 am | Last updated: November 21, 2014 at 11:25 pm

sudarshan raoന്യൂഡല്‍ഹി: വിചിത്രമയ ‘കണ്ടുപിടിത്ത’ങ്ങളുമായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷന്‍. ഇന്ത്യയില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആളുകള്‍ വിമാനങ്ങളില്‍ സഞ്ചരിച്ചിരുന്നുവെന്നും കാണ്ഡകോശ ഗവേഷണം നടത്തിയിരുന്നുവെന്നും കോസ്മിക് ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നുമാണ് കൗണ്‍സില്‍ അധ്യക്ഷന്‍ പ്രൊഫ. വൈ സുദര്‍ശന്‍ റാവു പറയുന്നത്. അക്കാലത്ത് എന്ത് നടന്നുവെന്ന് മനസ്സിലാക്കാനുള്ള ഉപാധിയായി ഹിന്ദു പുരാണങ്ങള്‍ അടിസ്ഥാനമാക്കണമെന്നാണ് റാവുവിന്റെ ശാഠ്യം. അനാവശ്യ ഗവേഷണങ്ങള്‍ക്ക് മുതിരേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കൗണ്‍സിലിലെ മറ്റ് വിദഗ്ധര്‍ തന്നെ ഇതിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റയുടനെയാണ് കൗണ്‍സിലിന്റെ തലപ്പത്ത് റാവുവിനെ അവരോധിച്ചത്. പ്രവര്‍ത്തനം തുടങ്ങിയ അന്ന് മുതല്‍ ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ശാസ്ത്രീയ സ്ഥിരീകരണം നല്‍കാനുള്ള തിരക്കിലാണ് അദ്ദേഹമെന്ന് മതേതര ചരിത്രകാരന്‍മാര്‍ പറയുന്നു. ഈ സമീപനം രാജ്യത്തിന്റെ മതേതര പാരമ്പര്യം തകര്‍ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മഹാഭാരതത്തിലും രാമായണത്തിലും പറയുന്ന കാര്യങ്ങള്‍ക്ക് തങ്ങളുടെ കൈയില്‍ നിരവധി തെളിവുകളുണ്ടെന്ന് 69കാരനായ റാവു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ പാഠപുസ്തകങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ മുന്നോട്ട് വെച്ച വികല ചരിത്രമാണ് പഠിപ്പിക്കുന്നതെന്നും അവ മുഴുവന്‍ മാറ്റിയെഴുതണമെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പറയുന്നു.