മുന്നണിക്കുള്ളിലെ മൂപ്പളിമ തര്‍ക്കം

Posted on: November 22, 2014 5:11 am | Last updated: November 21, 2014 at 11:13 pm

PINARAYI+PANNYAN_-dih1മഴ തീര്‍ന്നെങ്കിലും മരം പെയ്യുന്നപോലെ സി പി ഐ – സി പി എം തര്‍ക്കം തുടരുന്നുണ്ട്. പ്രത്യയശാസ്ത്രപ്രശ്‌നങ്ങളില്‍ സി പി എമ്മുമായുള്ള സംവാദം തുടരുമെന്ന സി പി ഐ നേതാക്കളുടെ പ്രഖ്യാപനത്തെ അങ്ങനെ കണ്ടാല്‍ മതിയാകും. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേര്‍ക്കുയര്‍ന്ന ആരോപണം ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ നിന്ന് മാറിനിന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരം ദിവസം പിന്നിടുമ്പോഴേക്കും പിന്‍വലിച്ചത് മുതല്‍ ഉയര്‍ന്ന ഒത്തുതീര്‍പ്പ് സമരമെന്ന ആക്ഷേപത്തെ, ബലപ്പെടുത്താന്‍ സി പി ഐ നേതാക്കള്‍ അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ സഹായിച്ചിരുന്നു. പിന്നീട് സി പി എം പ്രഖ്യാപിച്ച നികുതി നിഷേധ സമരം എങ്ങുമെത്താതായതിന് പിറകിലും ഒത്തുതീര്‍പ്പാണോ എന്ന സംശയം ഉയര്‍ത്താനും ബാര്‍ കോഴ ആരോപണമുണ്ടായപ്പോള്‍ കെ എം മാണിയോട് സി പി എം മൃദു സമീപനം സ്വീകരിച്ചുവെന്ന ശങ്കയെ ബലപ്പെടുത്താനും സി പി ഐ നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ സഹായിച്ചു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി മാറി മാറി ഇരിക്കുന്ന മുന്നണികളുടെ നേതാക്കള്‍ക്കിടയില്‍ അതാര്യമായ ചില ധാരണകള്‍ നിലനില്‍ക്കുന്നുവെന്ന സന്ദേഹം മുന്‍പുതന്നെ പ്രബലമാണ്. ഒരു മുന്നണി ഭരിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന വിജിലന്‍സ് കേസുകള്‍ രണ്ടാം മുന്നണി അധികാരത്തിലെത്തുമ്പോള്‍ ഇല്ലാതാകുന്നതും, ഭരിക്കുന്ന മുന്നണിയുടെ പ്രതിനിധികളെക്കുറിച്ച് പ്രതിപക്ഷ മുന്നണിയുടെ പ്രതിനിധികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ മുന്നണി ഭരണത്തിലെത്തുമ്പോള്‍ അന്വേഷിക്കപ്പെടാതെ പോകുന്നതുമൊക്കെ പതിവാകുന്നത് അണിയറയില്‍ ഉരുത്തിരിയുന്ന ധാരണകളുടെ ഫലമാണെന്ന് തന്നെ കരുതണം. അതേക്കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ സഹായിച്ചു സി പി ഐ – സി പി എം തര്‍ക്കം എന്നത് അതിന്റെ ഗുണഫലമായി കാണാം.
ഇതിനപ്പുറത്തുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ കൂടി തര്‍ക്കത്തെയും തര്‍ക്കത്തിലേക്ക് നയിച്ച സംഗതികളെയും കണക്കിലെടുക്കുമ്പോള്‍ വിലയിരുത്തേണ്ടതുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരം പിടിച്ചതോടെ ബി ജെ പിക്കുണ്ടായ ഉണര്‍വ്, കേരളത്തിലും പ്രതിഫലിക്കാനുള്ള സാധ്യത മുന്‍കൂട്ടി കാണേണ്ടതുണ്ട്. ബംഗാളിലെ ഇടത് കേന്ദ്രങ്ങളില്‍, പ്രത്യേകിച്ച് സി പി എമ്മിന് സ്വാധീനമുണ്ടായിരുന്ന മേഖലകളില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുണ്ടാക്കിയ മുന്നേറ്റവും പിന്നീട് സി പി എം ഓഫീസുകള്‍ ബി ജെ പി ഓഫീസുകളായി മാറുന്ന സാഹചര്യവും മുന്നില്‍നില്‍ക്കുന്നു. ഇതിനെയൊക്കെ കൂടുതല്‍ ഗൗരവത്തിലെടുക്കേണ്ട ബാധ്യത, പലകാരണങ്ങളാല്‍ സി പി എമ്മിനാണ്.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് സി പി എം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. സംഘടനാ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനെന്ന പേരില്‍ സമാഹരിച്ച വലിയ സമ്പത്തുണ്ട് പാര്‍ട്ടിക്ക്. സി പി എമ്മിന്റെ നിയന്ത്രണത്തില്‍ തുടരുന്ന സഹകരണമേഖലയിലും പുറത്തുമുള്ള നിരവധി സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. ഇതിന്റെയൊക്കെ നിലനില്‍പ്പ് ആ പാര്‍ട്ടിയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അത് സാധിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ അവസരം ലഭിക്കുക തന്നെ വേണമെന്ന് അവര്‍ തിരിച്ചറിയുന്നുമുണ്ട്. കേരളത്തില്‍ വളരാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഫലം കണ്ടാല്‍, വലിയ ചോര്‍ച്ചയുണ്ടാകുക സി പി എമ്മിന്റെ വോട്ടു ബേങ്കിനായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈഴവരില്‍ നിന്നും പട്ടിക വിഭാഗക്കാരില്‍ നിന്നുമാണ് എക്കാലത്തും സി പി എമ്മിന് വലിയ പിന്തുണ ലഭിക്കുന്നത്. ആ വിഭാഗങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കങ്ങള്‍ (ശിവഗിരിയിലെയും കായല്‍ സമര വാര്‍ഷിക സമ്മേളനത്തിലെയും നരേന്ദ്ര മോദി സാന്നിധ്യം ഓര്‍ക്കുക) കുറച്ചൊക്കെ ഫലം കാണുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം വോട്ടു ബേങ്കിനെ സംബന്ധിച്ച് സി പി എം നേതൃത്വത്തിന് തന്നെയും ആശങ്കകളുണ്ടാകാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് അധികാരത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ വോട്ടു ബേങ്കിന്റെ ശിഥിലീകരണത്തിന് വേഗം കൂടാനിടയുണ്ടെന്നതിന് ബംഗാള്‍ സാക്ഷി.
ഇതൊക്കെക്കൂടി പരിഗണിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ പരിശോധിക്കാന്‍ സി പി എം തയ്യാറെടുക്കുന്നതും ആഗോളവത്കരണവും സാമ്പത്തിക പരിഷ്‌കരണ നടപടികളും സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വിശകലനം ചെയ്ത് നയപരിപാടികളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ആലോചിക്കുന്നതും. മാലിന്യ നിര്‍മാജനം, പച്ചക്കറിക്കൃഷിയുടെ വ്യാപനം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കല്‍ തുടങ്ങി പാര്‍ട്ടിയുടെ കേരള ഘടകം വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതും അതുകൊണ്ടൊക്കെയാണ്. വിജയം കാണുമോ ഇല്ലയോ എന്നതിനേക്കാള്‍, ശ്രമങ്ങള്‍ സി പി എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നതാണ് ഇപ്പോള്‍ പ്രസക്തം; അത്തരം ശ്രമങ്ങളെന്തെങ്കിലും സി പി ഐയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല എന്നതും.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം സി പി ഐ വിശകലനം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം വിറ്റതാണോ അല്ലയോ എന്നതില്‍ മാത്രമാണ്. ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലുണ്ടായ വലിയ തിരിച്ചടിയെക്കുറിച്ചോ, തിരിച്ചുവരവിന് സ്വീകരിക്കേണ്ട അടവുനയങ്ങളെക്കുറിച്ചോ ഗൗരവത്തിലെന്തെങ്കിലും സി പി ഐ ആലോചിച്ചതായി കാണുന്നില്ല. ആഗോളവത്കരണ – സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയോടുള്ള നിലപാട് എന്തായിരിക്കണമെന്ന് ആലോചിക്കേണ്ടതുണ്ടോ എന്ന ചിന്തപോലും ആ പാര്‍ട്ടിയിലുണ്ടായതായി തോന്നുന്നില്ല. നിലവിലുള്ള മുന്നണി സമവാക്യം തുടരുകയും അതിലൂടെ വല്ലപ്പോഴുമെങ്കിലും സാധ്യമാകുന്ന അധികാരപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതിനപ്പുറത്തുള്ള വിപ്ലവമൊന്നും സി പി ഐ ഉദ്ദേശിക്കുന്നേയില്ലെന്ന് ചുരുക്കം. കെ എം മാണിയോട് സി പി എം സ്വീകരിച്ച മൃദുസമീപനം സി പി ഐ നേതൃത്വത്തെ ചൊടിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.
ഇടത് ഐക്യമെന്ന ആശയത്തിന്റെ മറവില്‍ വലിയ പാര്‍ട്ടിയില്‍ നിന്ന് ചോദിച്ചുവാങ്ങാവുന്ന സീറ്റുകളുടെ എണ്ണം, വലിയ പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി ജയിച്ചുകയറാവുന്ന സീറ്റുകളുടെ എണ്ണം, ഭൂരിപക്ഷം ലഭിച്ചാല്‍ കിട്ടാവുന്ന മന്ത്രിസ്ഥാനമടക്കമുള്ള പദവികളുടെ എണ്ണം എന്ന കണക്കിനപ്പുറത്ത് ഒറ്റപ്പെട്ട സമരങ്ങളിലും മൂന്നാണ്ട് കൂടുമ്പോഴത്തെ പാര്‍ട്ടി സമ്മേളനങ്ങളിലുമൊതുങ്ങും സി പി ഐയുടെ സമകാലീന ചരിത്രം. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് അരിയെത്തിക്കാന്‍ കൃഷിയിറക്കിയതാകും ഈ ചരിത്രത്തിലെ ഏക അപവാദം. എണ്ണത്തിന്റെ കണക്ക് സ്ഥായിയായി നിലനില്‍ക്കേണ്ടത്, പാര്‍ട്ടിയുടെ നിലനില്‍പ്പിന് അനിവാര്യമായതിനാല്‍ രണ്ടാം സ്ഥാനം അപഹരിക്കാന്‍ പാകത്തിലുള്ള ഏതെങ്കിലും പാര്‍ട്ടി മുന്നണിയിലേക്ക് വരുന്നതിനെ അവര്‍ എതിര്‍ത്തുകൊണ്ടേയിരിക്കും. വോട്ട് ബാങ്കിലുണ്ടാകാനിടയുള്ള ചോര്‍ച്ചയോ കേരളത്തില്‍ വളര്‍ച്ച ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കങ്ങളോ അവര്‍ക്കൊരു തലവേദനയാകാന്‍ സാധ്യതയുമില്ല. ചോരാന്‍ തക്ക വലുപ്പമുള്ള വോട്ട് ബേങ്ക് ഇല്ലാത്തതുകൊണ്ടും പ്രതിലോമശക്തികളുടെ കടന്നുവരവിനെ ചെറുക്കാന്‍ തക്ക സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടും തലവേദനിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും കാര്യമുണ്ടാകുമെന്ന് തോന്നുന്നുമില്ല. അപ്പോള്‍പിന്നെ മൂന്നണിയിലെ മുഖ്യശക്തിയെ, അവര്‍ തന്നെ തുറന്നുനല്‍കുന്ന അവസരങ്ങളുപയോഗപ്പെടുത്തി, പ്രതി സ്ഥാനത്തു നിര്‍ത്തുകയും സമൂഹമധ്യത്തില്‍ പ്രതിച്ഛായ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് സി പി ഐക്ക് കരണീയമായുള്ളത്. കെ എം മാണിക്കെതിരായ കോഴ ആരോപണത്തില്‍ തങ്ങള്‍ ശക്തമായ നിലപാടെടുക്കുമെന്നും ചെയ്ത സമരങ്ങളൊക്കെ വിജയിപ്പിച്ച ചരിത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഇടതുമുന്നണിയെക്കൊണ്ട് തീരുമാനിപ്പിച്ചത് തങ്ങളാണെന്നും പന്ന്യന്‍ രവീന്ദ്രനടക്കം നേതാക്കള്‍ ആവര്‍ത്തിക്കുന്നതില്‍ ഇതിലപ്പുറം കാര്യം കാണേണ്ടതുമില്ല.
കേരള കോണ്‍ഗ്രസ് പലതുണ്ടെങ്കിലും അതിലെ വലിയ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് (എം) നിലകൊള്ളുന്നത് കെ എം മാണി എന്ന നേതാവുള്ളതുകൊണ്ടും ക്രൈസ്തവസഭകളുടെ പിന്തുണ മാണിക്കും പാര്‍ട്ടിക്കുമുള്ളതുകൊണ്ടുമാണ്. നേതൃസ്ഥാനത്തു നിന്നോ മന്ത്രി സ്ഥാനത്തു നിന്നോ മാണി നീങ്ങിനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ കേരള കോണ്‍ഗ്രസി (എം) ല്‍ പിളര്‍പ്പിന്റെ വിത്തുകള്‍ മുളയ്ക്കുമെന്ന് ഉറപ്പാണ്. ആ പാര്‍ട്ടിയുടെ ചരിത്രം അതിന് തെളിവ് നല്‍കും. പിളരുന്തോറും വളരുമെന്ന മാണിയുടെ സിദ്ധാന്തമാകില്ല ഇനിയൊരു പിളര്‍പ്പുണ്ടായാല്‍ സംഭവിക്കുക. ഈഴവരും പട്ടികവിഭാഗക്കാരും കഴിഞ്ഞാല്‍ ബി ജെ പി, കേരളത്തില്‍ ലക്ഷ്യമിടുന്നത് ക്രൈസ്തവ വിഭാഗങ്ങളെയാണ്. ബി ജെ പിയോട് അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ വരികള്‍ക്കിടയിലൂടെ പലവട്ടം പറഞ്ഞുകഴിഞ്ഞു. ‘ലവ് ജിഹാദ്’ പോലുള്ള അസംബന്ധ പ്രചാരണങ്ങളുണ്ടായപ്പോള്‍ സംഘ് പരിവാരത്തിനൊപ്പം നില്‍ക്കാന്‍ കത്തോലിക്കാ സഭ മടികാട്ടിയിട്ടില്ലെന്നതും ഓര്‍ക്കുക. കറചേരാത്ത കാപട്യക്കാരനെന്ന ആക്ഷേപവും അഴിമതിക്കാരനെന്ന ആരോപണവും നേരിടുന്നുണ്ടെങ്കിലും ആ ഗോപിക്കുറി ചാര്‍ത്തി കെ എം മാണിയെ നീക്കിനിര്‍ത്തിയാല്‍ പ്രയോജനം ആര്‍ക്കെന്ന ചോദ്യം സി പി എം സ്വയം ഉന്നയിക്കുന്നുണ്ടാകണം. കോഴ ആരോപണത്തിനും അതേക്കുറിച്ച് നടത്തേണ്ട അന്വേഷണമേതെന്ന കാര്യത്തിനുമപ്പുറത്ത് പ്രായോഗിക രാഷ്ട്രീയത്തില്‍ ഈ ചോദ്യത്തിനുള്ള സ്ഥാനം സി പി ഐക്ക് മനസ്സിലാകാതെ പോകുന്നതില്‍ അത്ഭുതവുമില്ല. ഒരിക്കലും തെളിയാത്ത ആരോപണങ്ങളുടെ കൂമ്പാരത്തില്‍ മറ്റൊന്നായി മാത്രമേ ബാര്‍ കോഴ അവസാനിക്കൂ എന്ന യാഥാര്‍ഥ്യം കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.
ബാറുടമകളില്‍ നിന്ന് അഞ്ച് കോടി ആവശ്യപ്പെട്ടു, അതിലൊരു കോടി കൈപ്പറ്റി എന്നതിനേക്കാള്‍ വലിയ കാര്യങ്ങളുണ്ട് കെ എം മാണിയെക്കുറിച്ചും അദ്ദേഹമുള്‍ക്കൊള്ളുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെക്കുറിച്ചും ആലോചിക്കുമ്പോള്‍. വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് അതിന്റെ സാധ്യതാ പഠനത്തിന് ഏജന്‍സികളെ കരാറേല്‍പ്പിക്കുന്നതിനു പിറകിലെ കളികള്‍. അത്തരം പദ്ധതികളുടെ മറവില്‍ നടത്തപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് വ്യവഹാരങ്ങള്‍. അതിലൊക്കെ മറിയുന്ന കോടികളും അതിന്റെ കമ്മീഷനും. ഇതിലൊക്കെ പൊതുഖജാനക്കുണ്ടാക്കുന്ന നഷ്ടങ്ങള്‍. കൂട്ടിയ നികുതി, കൈക്കൂലി വാങ്ങി കുറച്ചുകൊടുക്കുന്നുവെന്ന ആരോപണങ്ങള്‍. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ അലിഞ്ഞ് ഇല്ലാതാകുകയാണ് ഇതെല്ലാം. കടുത്ത നിരാശയെത്തുടര്‍ന്ന് ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുമ്പോള്‍ അത് ഏറ്റെടുക്കുന്നിലല്ലോ എന്ന് വിലപിക്കുന്നതില്ലല്ല, ഇതൊക്കെ സ്വയം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിലാണ് മിടുക്ക് കാട്ടേണ്ടത്. അതിന് സാധിക്കുന്നില്ലല്ലോ എന്നാണ് സ്വയം വിമര്‍ശിക്കേണ്ടതും സി പി എമ്മിനെ വിമര്‍ശിക്കേണ്ടതും. വോട്ടുബേങ്ക് രാഷ്ട്രീയത്തിനപ്പുറത്ത്, ജനങ്ങളുടെ പിന്തുണയാര്‍ജിക്കാന്‍ സി പി എമ്മിന് ഉപകാരപ്പെടുന്നതും മറ്റൊന്നാകില്ല.