Connect with us

Gulf

കുട്ടികളുടെ സുരക്ഷിതത്വത്തിന് വന്‍ പ്രചാരണം

Published

|

Last Updated

ദുബൈ: കുട്ടികളുടെ സുരക്ഷിതത്വത്തിന് ആര്‍ ടി എ വ്യാപക പ്രചാരണം തുടങ്ങി. സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അടങ്ങുന്ന ലഘുലേഖ വിതരണം ചെയ്തുതുടങ്ങിയെന്ന് സി ഇ ഒ മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു. ലഘുലേഖകള്‍ ആശുപത്രികളില്‍ എത്തുന്ന സ്ത്രീകള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.
കുട്ടികളുടെ സുരക്ഷിതത്വത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് മാതാക്കള്‍. ഇവര്‍ക്കാണ് നിര്‍ദേശങ്ങള്‍ ലഭ്യമാകേണ്ടത്. ഇതോടൊപ്പം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണം വേണം.
2009ലാണ് ഇത്തരം ബോധവത്കരണം തുടങ്ങിയത്. മാതാക്കളെ ശാക്തീകരിക്കാന്‍ തീരുമാനിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമുണ്ടായി.
അപകടകരമായ നീക്കങ്ങള്‍ കുട്ടികള്‍ നടത്തുമ്പോള്‍ പിന്തിരിപ്പിക്കേണ്ടത് രക്ഷിതാക്കളാണ്. 2009ല്‍ പ്രസിദ്ധീകരിച്ചത് ആവശ്യമായ മാറ്റങ്ങളോടെ 2011ലും ഇറക്കിയിരുന്നു. 10,000 കോപ്പിയാണ് ആശുപത്രിയിലും മറ്റും വിതരണം ചെയ്തത്.
തലമുറകളുടെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്തം പങ്കുവെക്കണം എന്നതാണ് ലഘുലേഖയിലെ പ്രധാന സന്ദേശം, ദുബൈ ഹെല്‍ത് അതോറിറ്റി, പോലീസ്, എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട് തുടങ്ങിയ വകുപ്പുകള്‍ സഹകരിച്ചു. അറബിയിലും ഇംഗ്ലീഷിലും വെവ്വേറെ പ്രസിദ്ധീകരിച്ചു.
വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേകം സീറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപരിചിതരായ ആളുകളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും കുട്ടികളെ അകറ്റിനിര്‍ത്താനും രക്ഷിതാക്കളെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷക്കുള്ള 50 സീറ്റുകള്‍ വിതരണം ചെയ്തു. ഉദ്യാനങ്ങള്‍, മാളുകള്‍ എന്നിവടങ്ങളിലെ സുരക്ഷിതത്വത്തിന് ശില്‍പശാല നടത്തി. 2013ല്‍ കുട്ടികളുടെ സുരക്ഷാ പദ്ധതി 95 ശതമാനം സംതൃപ്തി നേടിയതായും അദിയ്യ് പറഞ്ഞു.