Connect with us

Ongoing News

അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയെ ബ്ലാസ്‌റ്റേഴ്‌സ് തളച്ചു

Published

|

Last Updated

കൊച്ചി: വംഗനാടിന്റെ ഫുട്‌ബോള്‍ പെരുമയെ ഭാഗ്യത്തിന്റെ കൂടി സഹായത്തോടെ മലര്‍ത്തിയടിച്ച് കേരനാടിന്റെ പൊട്ടിത്തെറി…! ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറെ മത്സരങ്ങള്‍ക്ക് ശേഷം ക്ലാസിക് വിരുന്നൊരുക്കിയ പോരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ കീഴടക്കി. കനേഡിയന്‍ അറ്റാക്കര്‍ ഇയാന്‍ ഹ്യൂമും ബ്രസീലിയന്‍ വിംഗര്‍ ഗുസമാവോയും കേരളത്തിനായി ലക്ഷ്യം കണ്ടപ്പോള്‍ എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രുവായിരുന്നു കൊല്‍ക്കത്തയുടെ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ കേരളം 2-0ന് മുന്നില്‍. നാലാം മിനുട്ടിലായിരുന്നു ഹ്യൂമിന്റെ ലീഡ് ഗോള്‍. 42ാം മിനുട്ടില്‍ ഗുസമാവോയുടെ അപ്രതീക്ഷിത ഗോള്‍. ഫിക്രുവിലൂടെ കൊല്‍ക്കത്തയുടെ തിരിച്ചടി അമ്പത്തഞ്ചാം മിനുട്ടില്‍. ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്തക്ക് അര്‍ഹിച്ച ഗോള്‍ അനുവദിക്കാതെ പോയത് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും ജയത്തിന് അല്പം മങ്ങലേല്‍പ്പിച്ചത്. രാജ്യാന്തര, ക്ലബ്ബ് മത്സരങ്ങള്‍ നിയന്ത്രിച്ച സൂപ്പര്‍ ഗോളി റാവ്ഷാന്‍ ഇമാതോവ് നിയന്ത്രിച്ച മത്സരത്തിലെ ഏക കല്ലുകടിയും ഈ ഗോള്‍ നിഷേധമായിരുന്നു.

ലീഗില്‍ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് പതിനഞ്ച് പോയിന്റോടെ ടേബിളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇത്രയും മത്സരങ്ങളില്‍ നിന്ന് കൊല്‍ക്കത്ത 16 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റും കൊല്‍ക്കത്തയേക്കാള്‍ ഗോള്‍ബലവുമുള്ള ചെന്നൈയിന്‍ എഫ് സി ഒന്നാം സ്ഥാനത്ത്. ഇന്ന് ഹോംഗ്രൗണ്ടില്‍ വെച്ച് പൂനെ സിറ്റി എഫ് സിയെ തോല്‍പ്പിച്ചാല്‍ ചെന്നൈക്ക് ടേബിളിലെ കരുത്ത് കൂട്ടാം.
കേരളത്തിന്റെ ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്രയും കൊല്‍ക്കത്തയുടെ സ്പാനിഷ് സൂപ്പര്‍ താരം ഗാര്‍സിയയും രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. ഗാര്‍സിയ ഇറങ്ങിയതോടെയാണ് കൊല്‍ക്കത്തയുടെ നീക്കങ്ങള്‍ക്ക് കുറേക്കൂടി ചടുലത വന്നത്. എന്നാല്‍, ക്ലിനിക്കല്‍ ഫിനിഷിംഗില്‍ മുന്തി നിന്നത് കേരളത്തിന് ടൂര്‍ണമെന്റിലെ നാലാം ജയം സമ്മാനിച്ചു.

കൊല്‍ക്കത്തയുടെ ഗോള്‍ റഫറി റാഞ്ചി !
രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം കൊല്‍ക്കത്ത പൊരുതി നേടിയത് രണ്ട് ഗോളുകള്‍. ഇതിലൊന്ന് മത്സരം നിയന്ത്രിച്ചവര്‍ കാണാതെ പോയി. ഗോള്‍ ലൈന്‍ കടന്ന പന്ത് ലൈന്‍ റഫറിയുടെ ശ്രദ്ധയില്‍ പെടാതെ പോവുകയായിരുന്നു. അഞ്ച് മിനുട്ട് ഇഞ്ചുറി ടൈം അനുവദിച്ചതിലെ മൂന്നാം മിനുട്ടിലായിരുന്നു ഐ എസ് എല്ലിലെ തന്നെ വിവാദം നിറഞ്ഞ നിമിഷം. ജോഫ്രിയുടെ ക്രോസ് ബോള്‍ തലകൊണ്ട് പോസ്റ്റിനരികിലേക്ക് ചെത്തിയിട്ട ഫിക്രു, ഗാര്‍സിയക്ക് ഗോളൊരുക്കി. ഇടം കാല്‍ കൊണ്ട് ഗാര്‍സിയ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളി ജെയിംസ് കണ്ടില്ല. ക്രോസ് ബാറില്‍ തട്ടി ഗോള്‍ ലൈനിപ്പുറം പതിച്ച ശേഷം പന്ത് കൂസലില്ലാതെ പുറത്തേക്ക് പോന്നു. കേരള ഡിഫന്‍ഡര്‍ അത് വേഗം ക്ലിയര്‍ ചെയ്തതോടെ, എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരും ഒരു നിമിഷം മിഴിച്ചു നിന്നു. ഫിക്രു ഗോള്‍ ഉറപ്പുള്ളതുപോലെ ലൈന്‍ റഫറിയോട് തര്‍ക്കിക്കാനെത്തി. ഗാര്‍സിയയും മറ്റ് കൊല്‍ക്കത്തതാരങ്ങളും റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതോടെ മത്സരം മുടങ്ങി. ഇതിനിടെ, കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ ഗോളല്ലെന്ന് വാദിച്ചതോടെ ചെറിയതോതില്‍ ഉന്തും തള്ളും അരങ്ങേറി. ടീ വി റീപ്ലേയില്‍ വ്യക്തമായിരുന്നു പന്ത് ഗോള്‍ ലൈന്‍ കടന്നുവെന്നും.

ആവേശം നിറച്ച
ആദ്യ ഗോള്‍
നാട്ടുകാരുടെ ആവേശമേറ്റുവാങ്ങിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടച്ചോട് കൂടിയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ പോരിന് കിക്കോഫായത്. എന്നാല്‍, പന്തൊഴുക്ക് ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്കായിരുന്നു. മൂന്നാം മിനുട്ടില്‍ തന്നെ അത്‌ലറ്റിക്കോക്ക് സൂപ്പര്‍ ചാന്‍സ്. ബോക്‌സിനുള്ളിലേക്ക് ബോര്‍ജയുടെ ത്രൂ ബോള്‍. ഓഫ് സൈഡ് കെണിപൊട്ടിച്ച് എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു ഇടത് കാല്‍ കൊണ്ട് ഷോട്ടുതിര്‍ത്തു. പക്ഷേ, ഗോളി ഡേവിഡ് ജെയിംസിന്റെ പരിചയ സമ്പത്തിന് മുന്നില്‍ ഗോള്‍ശ്രമം വിഫലമായി.
തൊട്ടടുത്ത നീക്കത്തില്‍ ഗോള്‍ നേടിക്കൊണ്ട് ട്രെവര്‍ മോര്‍ഗന്റെ ശിഷ്യന്‍മാര്‍ സ്റ്റേഡിയത്തില്‍ സ്‌ഫോടനാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു. കളിയുടെ ഒഴുക്കിനെതിരായി വീണ ഗോളില്‍ കൊല്‍ക്കത്ത ഞെട്ടി. ഇടത് വിംഗിലൂടെ തുളച്ചു കയറി ബോക്‌സിലേക്ക് രണ്ട് പേരെ ലക്ഷ്യമാക്കി പാസ് നല്‍കിയ ബ്രസീലിയന്‍ അറ്റാക്കര്‍ പെഡ്രോ ഗുസമാവോയുടെ ഉള്‍ക്കാഴ്ചയെ നമിക്കണം. ഹെഡറിന് ശ്രമിച്ച സ്റ്റീവന്‍ പിയേഴ്‌സന് പന്തെത്തിപ്പിടിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, അതാ ഇയാന്‍ ഹ്യൂം. ഗോളി സുഭാശിഷിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും മുമ്പെ പന്ത് സ്റ്റേഡിയത്തില്‍ മഞ്ഞക്കടലിരമ്പത്തിന് വഴിയൊരുക്കി. എന്നാല്‍, കനേഡിയന്‍ താരം തട്ടിയിട്ട പന്ത് വലയിലേക്ക് ഉരുണ്ട് കയറുമ്പോള്‍ സ്റ്റീവന്‍ പിയേഴ്‌സന്‍ ഓഫ് സൈഡ് പൊസിഷനിലായിരുന്നു. പന്തിനെ പന്തിന്റെ വഴിക്ക് വിട്ട് പിയേഴ്‌സന്‍ ചാടിമാറി. ടീം വര്‍ക്കിന്റെ ഗോളായി ഇത് മാറി.

ഫിക്രുവിനെ പൂട്ടി
കാളക്കൂറ്റനെ പോലെ ബോക്‌സിനുള്ളില്‍ വമ്പ് കാട്ടുന്ന ഫിക്രുവിനെ അടിമുടി തളച്ചിടുക എന്നതായിരുന്നു കേരള ടീമിന്റെ തന്ത്രം. ഫിക്രുവിനെ ഏക സ്‌ട്രൈക്കറാക്കി, നിരന്തരം ലോംഗ് ബോളിലൂടെയും ത്രൂ ബോളിലൂടെയും ഗോളിന് ശ്രമിക്കുക എന്നതായിരുന്നു കൊല്‍ക്കത്തയുടെ മാസ്റ്റര്‍പ്ലാന്‍. ആദ്യ പകുതിയില്‍ തന്നെ, കേരളം തങ്ങളുടെ തന്ത്രം വിജയകരമാക്കി. ഫിക്രുവിലേക്ക് ഉയര്‍ന്നു വരുന്ന പന്തുകള്‍ ആകാശപ്പോരില്‍ ക്ലിയര്‍ ചെയ്തത് പലപ്പോഴും ഹെംഗ്ബര്‍ട് ആയിരുന്നു. ഹെംഗ്ബര്‍ട്ടിനും ഫിക്രുവിനും പിറകിലായി എപ്പോഴും ഗുര്‍വീന്ദര്‍ സിംഗ് പൊസിഷന്‍ ചെയ്ത് നില്‍ക്കുന്നുണ്ടാകും. ഹെംഗ്ബര്‍ടിന് പിഴച്ചാല്‍ ഗുര്‍വീന്ദറുണ്ടാകും മാരകമായ ക്ലിയറിംഗിന്. മധ്യനിരയില്‍ നിന്ന് ഫിക്രുവിലേക്ക് പന്തെത്തുന്ന വഴികള്‍ അടച്ചുപൂട്ടിയത് റാഫേല്‍ റോമിയായിരുന്നു. തകര്‍പ്പന്‍ ടാക്ലിംഗിലൂടെ സന്ദേശ് ജിംഗനും മിഷ്യന്‍ ഫിക്രുവില്‍ അംഗമായപ്പോള്‍ കൊല്‍ക്കത്തയുടെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു.
പൂട്ട് തുറന്ന് ഫിക്രു
ദിദിയര്‍ ദ്രോഗ്ബയെ പോലൊരു സ്‌ട്രൈക്കറെ തൊണ്ണൂറു മിനുട്ടും പ്രതിരോധിക്കുക എളുപ്പമല്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ പറഞ്ഞതാണ്. ഇന്നലെ, ഫിക്രുവിന്റെ ഗോള്‍ദാഹം കണ്ടപ്പോള്‍ ദ്രോഗ്ബയെയാകും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആദ്യം മനസിലേക്ക് ഓര്‍മ വന്നിട്ടുണ്ടാകുക. അമ്പത്തഞ്ചാം മിനുട്ടില്‍ ആതിഥേയര്‍ക്ക് സംഭവിച്ച പ്രതിരോധപ്പിഴവില്‍ നിന്ന് ഫിക്രു നേടിയ ഗോളിന് സൗന്ദര്യം കുറവായിരിക്കാം. പക്ഷേ, ഒരു സ്‌ട്രൈക്കര്‍ക്ക് വേണ്ട എല്ലാ ഗുണങ്ങളും ആ ഗോളില്‍ ദര്‍ശിക്കാം. ദേബ്‌നാഥ് ബോക്‌സിലേക്ക് തള്ളിവിട്ട പന്ത് ഫിക്രുവിന് മുമ്പെ ഓടിപ്പിടിക്കാന്‍ ക്യാപ്റ്റന്‍ ഹെംഗ്ബര്‍ട് ശ്രമിക്കുമ്പോള്‍ ഗോളി ജെയിംസ് ജാഗ്രതയില്ലാതെ അഡ്വാന്‍സ് ചെയ്തു. ഹെംഗ്ബര്‍ടിന്റെ ക്ലിയറന്‍സ് ഫിക്രുവിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയും ചെയ്തു. സ്റ്റേഡിയം ശ്മശാനമൂകം. ഫിക്രുവിന്റെ സ്ഥിരം പരിപാടി -വായുവില്‍ മലക്കംമറിച്ചില്‍-കണ്ടപ്പോള്‍ ചെറിയൊരാവേശം….
കളം നിറഞ്ഞ്
ഗുസമാവോ…
ഇരുടീമുകളും ആദ്യ ലൈനപ്പില്‍ മാറ്റം വരുത്തിയാണ് കളത്തിലിറങ്ങിയത്. മലയാളി സ്‌ട്രൈക്കര്‍ സി എസ് സബീത്തിന് പകരം ബ്രസീലിയന്‍ പെഡ്രോ ഗുസമാവോയാണ് മുന്‍നിരയിലെത്തിയത്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മാര്‍ക്വു താരം ലൂയിസ് ഗാര്‍സിയയെ കൂടാതെയാണ് ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഗാര്‍സിയക്ക് പകരം കൊല്‍ക്കത്ത കളത്തിലിറക്കിയത് മറ്റൊരു സ്പാനിഷ് താരമായ അര്‍നാല്‍ കോന്‍ഡെയെ.
വിംഗിലൂടെ തുളച്ച് കയറിയും ലോംഗ് റേഞ്ചര്‍ തൊടുത്തും ഗുസമാവോ ആദ്യ മിനുട്ടുകളില്‍ നിറഞ്ഞു നിന്നതായിരുന്നു, കൂടുതല്‍ നേരം പന്തടക്കി വെച്ച കൊല്‍ക്കത്തക്കുള്ള കേരള മറുപടി. ഹോംഗ്രൗണ്ടില്‍ ആക്രമിച്ചു കളിക്കുക എന്നത് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെയും അവസാനത്തേയും വിജയമന്ത്രം. ഇയാന്‍ ഹ്യൂം, ഗുസമാവോ, ഗോണ്‍സാല്‍വസ് എന്നീ മുന്നേറ്റനിരക്ക് പിറകിലായി അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി സ്റ്റീവന്‍ പിയേഴ്‌സനും റൈറ്റ് വിംഗ് അറ്റാക്കറായി ഗോഡ്‌വിന്‍ ഫ്രാങ്കോയും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ഫ്രഞ്ച് താരം റാഫേല്‍ റോമിയും. നാല് വിശ്വസ്ത പ്രതിരോധ നിരക്കാരായിരുന്നു അത്‌ലറ്റിക്കോക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നിന്നത്. ഇടത് വിംഗില്‍ സന്ദേശ് ജിങ്കന്‍, വലത് വിംഗില്‍ സൗമിക് ദേ. സെന്‍ട്രല്‍ ഡിഫന്‍സിന്റെ താക്കോല്‍ പതിവ് പോലെ ഫ്രഞ്ച് താരം സെഡ്രിച് ഹെംഗ്ബര്‍ടിന്റെ കൈകളില്‍. ഒപ്പം ഇന്ത്യന്‍ താരം ഗുര്‍വീന്ദര്‍ സിംഗും.
സബ്സ്റ്റിറ്റിയൂഷന്‍…ഗോള്‍…!
ഒരു ഗോള്‍ ലീഡിന്റെ ആവേശത്തില്‍ ടീം നില്‍ക്കുമ്പോള്‍ അതൊന്ന് കൂടി ആളിക്കത്തിക്കാനുള്ള കോച്ച് ട്രെവര്‍ മോര്‍ഗന്റെ തന്ത്രമായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍. മത്സരത്തിന് വേഗമേറുമ്പോള്‍ ഡിഫന്‍സീവ് പരിചയമുള്ള റാഫേല്‍ റോമിയെ പിന്‍വലിച്ച് അറ്റാക്കിംഗ് താരം പെന്‍ ഓര്‍ജിയെ കളത്തിലിറക്കി. കൂടുതല്‍ അറ്റാക്കിംഗ് മൂഡ് കൈവരിച്ച കേരളം ഓര്‍ജി ഇറങ്ങി രണ്ട് മിനുട്ടിനുള്ളില്‍ ലീഡുയര്‍ത്തി. സന്ദേശ് ജിങ്കന്‍ വലത് ബോക്‌സിന് പുറത്ത് വെച്ച് നല്‍കിയ ക്രോസ് സ്‌ട്രൈക്കര്‍ മിലാഗ്രെസ് ഗോണ്‍സാല്‍വസിനെ ഹെഡ്ഡറിന് നുണപ്പിച്ച് ഗുസമാവോയുടെ പെരുവിരലിലേക്ക്. അടുത്ത ടച്ചില്‍ പന്ത് വലക്കുള്ളില്‍. ടൂര്‍ണമെന്റിലെ എഴുപത്താറാം ഗോള്‍.
സെല്‍ഫ് ഗോള്‍ ഒഴിഞ്ഞു…
പത്താം മിനുട്ടില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ നേടിയെടുത്ത അത്‌ലറ്റിക്കോ ഗോള്‍ മടക്കാന്‍ തിടുക്കം കൂട്ടി. എന്നാല്‍ അതും ആകാശപ്പോരില്‍ കൈവരുതിയിലാക്കി ജെയിംസ് വംഗനാടന്‍ ക്ലബ്ബിന് മുന്നില്‍ വന്‍ മതിലായി നിന്നു. സന്ദര്‍ശക ടീമിനെ സമ്മര്‍ദത്തിലാഴ്ത്തി കേരളം തുടരെ ആക്രമിച്ചപ്പോള്‍ ഗ്യാലറിക്ക് വിരുന്നായി.
ഇതിനിടെ, കേരളത്തിന്റെ വലയില്‍ സെല്‍ഫ് ഗോളിന്റെ ഭീഷണി ഒരു മിന്നായം പോലെ കടന്നുപോയി. എതിര്‍താരത്തിലേക്ക് പന്തെത്തും മുമ്പെ റാഫേല്‍ റോമി പന്ത് ക്ലിയര്‍ ചെയ്യുകയായിരുന്നു. ഇത് പക്ഷേ, ഡേവിഡ് ജെയിംസിനെ ഞെട്ടിച്ചു കൊണ്ട് ക്രോസ് ബാറിന് മുകളിലൂടെ മൂളിപ്പറന്നു. കേരളക്കരയാകെ തലയില്‍ വെച്ച നിമിഷം.
ആവേശം പരുക്കനായി
ആവേശം വാനോളമെത്തിയപ്പോള്‍ പരുക്കന്‍ കളിയും കണ്ടു. ഏഴ് മഞ്ഞക്കാര്‍ഡുകള്‍ റഫറിക്ക് കാണിക്കേണ്ടി വന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ ഉടനെ മൈക്കല്‍ ചോപ്രയും വാങ്ങിച്ചു മഞ്ഞ. കേരള കോച്ചും മാര്‍ക്വുതാരവുമായ ജെയിംസിനും കിട്ടി ഒരു മഞ്ഞ. സൗമിക് ദേ, അര്‍നാബ്, ജോസെമി, മിലാഗ്രെസ് എന്നിവര്‍ക്കും റഫറി ഒരു തവണ താക്കീത് നല്‍കി.

---- facebook comment plugin here -----

Latest