ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് അറസ്റ്റില്‍

Posted on: November 21, 2014 5:17 am | Last updated: November 20, 2014 at 10:18 pm

muslim brother hoodകൈറോ: ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവിനെ അറസ്റ്റ് ചെയ്തു. സര്‍ക്കാറും നിരോധിത സംഘടനയായ ബ്രദര്‍ഹുഡും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രധാന പങ്കാളിത്തം വഹിച്ച മുഹമ്മദ് അലി ബിശ്ര്‍ ആണ് അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നൈല്‍ ഡല്‍റ്റാ തീരത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് അറസ്റ്റ്. മാധ്യമങ്ങള്‍ക്ക് വിവരം കൈമാറാന്‍ അധികാരമില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പേരിലല്ല ബിശ്‌റിനെ അറസ്റ്റ് ചെയ്തത്. സലഫി സംഘടനയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഭവത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2013ല്‍ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ ബ്രദര്‍ഹുഡ് നടത്തിയ ആക്രമണങ്ങളുടെ പേരില്‍ സംഘടനയെ നിരോധിക്കുകയായിരുന്നു. മുര്‍സിയുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ തടവിലാണ്.