Connect with us

Kasargod

അപ്പാര്‍ട്ട്‌മെന്റില്‍ മോഷണത്തിനിറങ്ങിയ കള്ളന്‍ കെട്ടിടത്തില്‍ കുടുങ്ങി

Published

|

Last Updated

മഞ്ചേശ്വരം: ഉപ്പള ബസ് സ്റ്റാന്‍ഡിന് പിറകു വശത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ താഴെയിറങ്ങാന്‍ കഴിയാതെ കെട്ടിടത്തില്‍ കുടുങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഒന്നാം നിലയില്‍ കയറിയ മോഷ്ടാവ് ജനല്‍പാളികള്‍ക്കിടയിലൂടെ നടന്ന് നീങ്ങുന്നത് കണ്ട ഫ്‌ലാറ്റിലെ താമസക്കാരിയായ ഗള്‍ഫുകാരന്റെ ഭാര്യ നിലവിളിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവം അറിഞ്ഞത്.
ഉടന്‍ മഞ്ചേശ്വരം പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. ഉപ്പളയില്‍നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം കോണി ഉപയോഗിച്ച് മോഷ്ടാവിനെ താഴെയിറക്കി. ചോദ്യം ചെയ്യലില്‍ തന്റെ പേര് ലക്ഷ്മണനാണെന്നും തമിഴ്‌നാട് സ്വദേശിയാണെന്നും കൂടെ രണ്ടു പേര്‍ ഉണ്ടായിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തി.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ വന്‍ മോഷണ റാക്കറ്റില്‍ ഉള്‍പെട്ടിട്ടുള്ളവരാണ് ഇവരെന്ന് കരുതുന്നു. മോഷ്ടാവിനെ പിടികൂടിയിട്ടും പോലീസ് ലാഘവത്തോടെയാണ് സംഭവത്തെ കാണുന്നതെന്ന് നാട്ടുകാര്‍ പരിതപിക്കുന്നു. നിരവധി ജ്വല്ലറികളും മറ്റു വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഉപ്പളയില്‍ മോഷ്ടാവിനെ പിടികൂടിയ വാര്‍ത്തയറിഞ്ഞ് ആശങ്കയിലാണ് നാട്ടുകാര്‍.

Latest