ടി ഒ സൂരജിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം: പിണറായി വിജയന്‍

Posted on: November 20, 2014 12:22 pm | Last updated: November 21, 2014 at 12:06 am

pinarayiതിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിനെ അഴിമതിയുടെ വിളനിലമാക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നും നീക്കംചെയ്യാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടിയെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
വിജിലന്‍സ് പരിശോധനയില്‍ അവിഹിതസ്വത്തുക്കള്‍ വന്‍തോതില്‍ കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും പിണറായി ഫേസ്ബുക്ക പോസ്റ്റിലൂടെ പറഞ്ഞു. 20 കോടി രൂപയുടെ അഴിമതിസ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ തെളിവെടുപ്പില്‍ പ്രാഥമികമായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ അഴിമതിക്കു പിന്നിലെ കൂട്ടുപങ്കാളികളെ പുറത്തുകൊണ്ടുവരാനുള്ള അന്വേഷണവും വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും സര്‍വീസിലെ തെറ്റായ പ്രവര്‍ത്തനത്തിനും ഈ ഉദ്യോഗസ്ഥനെതിരെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഉള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു മുന്നിലുണ്ട്. എന്നിട്ടും പൊതുമരാമത്ത് പോലെ സുപ്രധാനമായ വകുപ്പിന്റെ മേധാവിയാക്കിയത് ദുരുദ്ദേശപരമാണ്. മന്ത്രി ഓഫീസുകളില്‍ അടക്കം കൈക്കൂലി ഇടപാട് നടക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഇതിനു മധ്യേയാണ് ഒരു ഐഎഎസ് ഓഫീസറുടെ ഞെട്ടിക്കുന്ന അവിഹിതസ്വത്തിന്റെ ഇടപാടുകള്‍ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടില്‍നിന്നും കണക്കില്‍പ്പെടാത്ത 23 ലക്ഷം രൂപയും ഏഴ് ഫഌറ്റുകളുടെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകളും വിജിലന്‍സ് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സിവില്‍ സര്‍വീസിനെ അഴിമതി നടത്താനുള്ള കറവപ്പശുവാക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുപൊറുപ്പിക്കരുതെന്നും പിണറായി പോസ്റ്റില്‍ കുറിച്ചു.
ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ കേസില്‍ സംസ്ഥാനത്ത് ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ദൈനംദിനം കാണുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ ഓഫീസുകളടക്കം അവിഹിത പണമിടപാടുകളുടെ കേന്ദ്രങ്ങളായിരിക്കുന്നു എന്ന ആക്ഷേപം ദിനംതോറും വാര്‍ത്തകളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം നേരിട്ടറിയാവുന്ന ഉദ്യോഗസ്ഥരും അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടിറങ്ങുകയാണ്. അവിഹിത സ്വത്ത് സമ്പാദന ത്തില്‍ വിജിലന്‍സ് കേസ് എടുത്തിരിക്കുന്ന സൂരജ് നടത്തിയ അഴിമതി ഇടപാടുകള്‍ സമഗ്രമായി അന്വേഷിക്കണം. ഇക്കാര്യത്തില്‍ പങ്കാളിത്തമുള്ളവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ALSO READ  ആഹ്ളാദം സോഷ്യൽ മീഡിയയിൽ; വൈറലായി പിണറായിയുടെ പൂട്ടിക്കൽ