ബാര്‍ കോഴ: പ്രാഥമിക അന്വേഷണം വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി

Posted on: November 20, 2014 7:00 pm | Last updated: November 21, 2014 at 12:07 am

high court

കൊച്ചി: ബാര്‍ കോഴ കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പതിനഞ്ച് ദിവസത്തിലധികം നീളുന്നതെന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ശഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബാര്‍ കോഴ കേസില്‍ മന്ത്രി കെ എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ എം എല്‍ എ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.

അഴിമതി ആരോപണം ഉണ്ടായാല്‍ ഒരാഴ്ചക്കകം പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചാണ് 45 ദിവസത്തെ ‘ക്വിക്ക് വെരിഫിക്കേഷ’ന് നിര്‍ദേശം നല്‍കിയതെന്ന് സുനില്‍ കുമാറിന്റെ അഭിഭാഷകനായ രഞ്ജിത്ത് തമ്പാന്‍ ബോധിപ്പിച്ചു. ഒരാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ പതിനഞ്ച് ദിവസത്തിനകം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ നീട്ടണമെങ്കില്‍ പ്രത്യേക കാരണങ്ങള്‍ വേണമെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം പതിനഞ്ച് ദിവസത്തിലധികം നീളുന്നത് എന്തടിസ്ഥാനത്തിലാണെന്ന് രേഖാമൂലം വിശദീകരിക്കാന്‍ ഡിവിഷന്‍ ബഞ്ച് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടത്.
ഇതുവരെ നടന്ന പ്രാഥമിക അന്വേഷണത്തില്‍ മന്ത്രി മാണി കോഴ വാങ്ങിയതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ആരോപണം ഉന്നയിച്ച ബാര്‍ ഉടമകളുടെ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടു പോയതായും അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് ഹരജിയില്‍ അന്തിമവാദത്തിനായി കോടതി വ്യാഴാഴ്ച പരിഗണിച്ചത്.
മറ്റൊരു മന്ത്രിയും കോഴ വാങ്ങിയതായി സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പരാതി ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്നും ഹരജിഭാഗം വാദിച്ചു. സര്‍ക്കാറിന്റെ വിശദീകരണ പത്രികക്ക് ശേഷം കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.