സ്ത്രീസുരക്ഷക്ക് വനിതാ കമ്മീഷന്‍ കൈപ്പുസ്തകം പുറത്തിറക്കുന്നു

Posted on: November 20, 2014 5:38 am | Last updated: November 19, 2014 at 11:39 pm

kerala women commissionതിരുവനന്തപുരം: സ്ത്രീസുരക്ഷക്കായി കേരള വനിതാകമ്മീഷന്റെ കൈപ്പുസ്തകം സ്ത്രീ സംരക്ഷണ നിയമങ്ങള്‍’ തയ്യാറായി. നിയമങ്ങള്‍ക്കുപുറമേ നിയമ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളുടെ വിവരങ്ങളും ബന്ധപ്പെടല്‍ മാര്‍ഗങ്ങളുമെല്ലാം അടങ്ങുന്ന സമഗ്രമായ പുസ്തകം സൗജന്യമായി വിതരണം ചെയ്യും.
സ്ത്രീകളുടെ സുരക്ഷക്കു പ്രയോജനപ്പെടുന്ന 20 നിയമങ്ങളുടെ ലളിതമായ പരിഭാഷയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഈ നിയമങ്ങളുമായി ബന്ധപ്പെട്ട ഫോറങ്ങെളുടെയും മറ്റും മാതൃകയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവക്കുപുറമെ അടിയന്തരഘട്ടങ്ങളില്‍ വിളിക്കേണ്ട പോലീസ്, വനിത, നിര്‍ഭയ, നോര്‍ക്ക, സൈബര്‍ ക്രൈം, ചൈല്‍ഡ് ലൈന്‍, ഷീ ടാക്‌സി, തുടങ്ങിയ 70ല്‍പ്പരം ഹെഹെല്‍പ് ലൈന്‍ നമ്പറുകളും ഹൈവേ, റെയില്‍വേ അലേര്‍ട്ടുകളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.ജില്ലകളിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെയും സാമൂഹിക ക്ഷേമ ഓഫീസര്‍മാരുടെയും വിവരങ്ങളും പുസ്തകത്തിലുണ്ട്. സ്ത്രീകള്‍ക്കു വേണ്ട വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന സംഘടനകളുടെ മേല്‍വിലാസങ്ങള്‍ ജില്ലതിരിച്ചു ചേര്‍ത്തിട്ടുണ്ട്. വനിതാകമ്മീഷനെപ്പറ്റിയുള്ള വിവിധ വിവരങ്ങള്‍ അറിയാനുള്ള എസ് എം എസ് സംവിധാനത്തിന്റെ വിശദാംശങ്ങളാണ് മറ്റൊരു പ്രത്യേകത.
പരാതി നല്‍കാനും പരാതിയുടെ സ്ഥിതി അറിയാനും ഈ സംവിധാനത്തിലൂടെ കഴിയും. കമ്മീഷന്‍ അധ്യക്ഷ, അംഗങ്ങള്‍, സെക്രട്ടറി, ഡയറക്ടര്‍ എന്നിവരില്‍ നിന്നുള്ള വിവരങ്ങള്‍, ഓരോ ജില്ലയിലെയും ഷെല്‍ട്ടര്‍ ഹോമുകള്‍, സേവനദാതാക്കള്‍, ഫാമിലി കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍, അദാലത്തിന്റെ വിവരം എന്നിവയൊക്കെ എസ് എം എസിലൂടെ അറിയാം. സാമൂഹ്യനീതിദിനാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ പുസ്തകം പഞ്ചായത്ത് സാമൂഹ്യനീതി മന്ത്രി എം കെ മുനീര്‍ പ്രകാശനം ചെയ്യും.