Connect with us

Articles

രാഷ്ട്രീയത്തിലെ പിതൃഹത്യാ പാരമ്പര്യം

Published

|

Last Updated

“എന്നെ മഹാത്മാവ് എന്നവര്‍ അഭിസംബോധന ചെയ്യുന്നു. എന്നാല്‍ ഒരു തൂപ്പുകാരന്റെ ആദരവ് പോലും എനിക്കവര്‍ തരുന്നില്ല.”- കോണ്‍ഗ്രസുകാരെ കുറിച്ച് ഗാന്ധിജി എഴുതി. സ്വാതന്ത്ര്യാനന്തരം ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ താന്‍ അവഗണിക്കപ്പെടുകയാണ്, തന്നെ അവര്‍ ഒരു പൂജാവിഗ്രഹമാക്കുകയാണ് എന്നൊക്കെ ഗാന്ധിജി മനസ്സിലാക്കിയിരുന്നു. എന്തൊക്കെ ആയാലും തന്റെ നെഞ്ചിനു നേരെ നിറ ഒഴിക്കുവാന്‍ ആരെങ്കിലും മുതിരുമെന്ന് ആ മഹാത്മാവ് വിചാരിച്ചിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകാവകാശത്തെ ചൊല്ലി വീമ്പിളക്കിയ കോണ്‍ഗ്രസുകാര്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതു തുടര്‍ന്നപ്പോള്‍ നഥുറാം വിനായക്‌ഗോഡ്‌സെ എന്ന ആര്‍ എസ് എസ്സുകാരന്‍ ഗാന്ധിജിയെ ശാരീരികമായിത്തന്നെ ഉന്മൂലനം ചെയ്തു. പുതിയ തലമുറയിലെ ഒരു ആര്‍ എസ് എസ് അനുഭാവി ഇപ്പോള്‍ അനുമാനിക്കുന്നത് ഗോഡ്‌സേക്ക് ഉന്നംപിഴച്ചുപോയി എന്നാണ്. ഗാന്ധിജിയെ ആയിരുന്നില്ല നെഹ്‌റുവിനെ ആയിരുന്നത്രേ കൊല്ലേണ്ടിരുന്നത്.!
വിഭജനത്തിന്റ ഭാഗമായി പാക്കിസ്ഥാന് കൊടുക്കാമെന്ന് ഇന്ത്യാ സര്‍ക്കാര്‍ സമ്മതിച്ച 55 കോടി രൂപ ഉടനെ നല്‍കുക, വിഭജനത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ഡല്‍ഹിയിലെ മുസ്‌ലിംകളെ പുനരധിവസിപ്പിക്കുക, അഭയാര്‍ഥികള്‍ കൈയടക്കിയ മുസ്‌ലിം ദേവാലയങ്ങള്‍ അവര്‍ക്കു തിരികെ നല്‍കുക തുടങ്ങിയ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗാന്ധിജി ബിര്‍ലാ മന്ദിരത്തില്‍ നടത്തിയ ഉപവാസ സമരത്തില്‍ പ്രതിഷേധിച്ചായിരുന്നു “പൂര്‍ണ രാജ്യസ്‌നേഹി”യായിരുന്ന ആ സ്വയം സേവകന്‍ ഗാന്ധിജിയുടെ നെഞ്ചിനെ ലക്ഷ്യമാക്കി വെടിയുണ്ട ഉതിര്‍ത്തത്. കൃത്യനിര്‍വഹണത്തിനു മുമ്പ് തത്രഭവാന്‍ മഹാത്മാവിന്റ പാദങ്ങളില്‍ തൊട്ടു നമസ്‌കരിച്ച് മുന്‍കൂര്‍ പാപമോചനം നേടിയിരുന്നു. എന്തൊരുദാരമനസ്‌കത! എന്തൊരു രാജ്യസ്‌നേഹം! അനുയായികളെ അക്രമസജ്ജരാക്കിയിട്ട് അവര്‍ അക്രമം പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ സംഘടനാപരമായ ഉത്തരവാദിത്വത്തില്‍ നിന്നു അക്രമിയെ വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിനു ഒഴിഞ്ഞുമാറാന്‍ എളുപ്പമാണ്. അതില്‍ കോണ്‍ഗ്രസ് ആര്‍ എസ് എസ്, മാര്‍ക്‌സിസ്റ്റ്, എസ് ഡി പി ഐ, ശിവസേനാ ഭേദം ഒന്നുമില്ല. അച്ഛന്‍ കട്ടിലിനു കീഴിലും ഇല്ല പത്തായപ്പുരയിലും ഇല്ലെന്നു സാക്ഷിപറയുന്ന കുട്ടിയെപ്പോലെ ഗാന്ധിജിയെ കൊന്നത് തങ്ങളല്ലെന്നു ആര്‍ എസ് എസുകാര്‍ കൂടെക്കൂടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അഡ്വ. ബി ഗോപാലകൃഷ്ണന്റെ ലേഖനത്തിലും (കേസരി, ഒക്‌ടോബര്‍ 17-2014) ഇത് ആവര്‍ത്തിച്ചിരിക്കുന്നു. അക്രമം നല്ലത്, പക്ഷേ ഗാന്ധിജിയെ അല്ല നെഹ്‌റുവിനെ ആയിരുന്നു കൊല്ലേണ്ടത് എന്ന ലേഖകന്റെ വെളിപ്പെടുത്തല്‍ കടന്നുപോയില്ലേ എന്നു സംശയം.!
പിതൃമേധാവിത്ത സമൂഹങ്ങളുടെ മനോഘടനയെക്കുറിച്ചു പഠനം നടത്തിയ സിഗ് മണ്ട് ഫ്രോയിഡും അദ്ദേഹത്തിന്റ ശിഷ്യന്മാരും വ്യക്തികളുടെ സ്വകാര്യചിന്തകളിലെന്നതു പോലെ സമൂഹത്തിന്റ ഉപബോധമനസ്സിലും (Collective Conciousness) പ്രവര്‍ത്തിക്കുന്ന പിതൃഹത്യാവാസനയെക്കുറിച്ചു വിശദമായി പരാമര്‍ശിക്കുന്നുണ്ട്. കുലചിഹ്ന സങ്കല്‍പം(Totemism), ആചാരപരമായ വിലക്കുലംഘിക്കാന്‍(Tatoo) ഇതു രണ്ടിന്റെയും ഉത്ഭവം മേല്‍പ്പറഞ്ഞ പിതൃഹത്യാ വാസനയുടെ ഫലമാണെന്നാണ് ഫ്രോയിഡ് സമര്‍ഥിച്ചിരിക്കുന്നത്. രാഷ്ട്രത്തിനു ഒരു പിതാവ് വേണമെന്ന സങ്കല്‍പം പോലെ തന്നെയാണ് രാഷ്ട്രത്തെ മാതാവായിക്കരുതി രാജ്യസ്‌നേഹം പ്രചരിപ്പിക്കുന്നതും. പിതാവിനെ കൊന്നാലേ മാതാവിന്റെ ഇഷ്ടഭാജനമാകാന്‍ കഴിയൂ എന്ന മാനസികാവസ്ഥക്കാണ് ഈഡിപ്പസ് കോംപ്ലക്‌സ് എന്നു പറയുന്നത്. നാഥുറാം വിനായക് ഗോഡ്‌സേ മാത്രമല്ല തീവ്ര രാജ്യസ്‌നേഹത്തിന്റെ മറവില്‍ നിര്‍ദോഷികളെ പോലും കൊന്നുതള്ളുന്ന തീവ്രവാദികളും ഈ മാനസിക രോഗം ബാധിച്ചവരാണ്. മനോവിശ്ലേഷണ സിദ്ധാന്ത പ്രകാരം സ്വന്തം ലിംഗത്തില്‍പ്പെട്ട രക്ഷിതാവിനോടുള്ള ശത്രുതാമനോഭാവത്തിനാണ് ഈഡിപ്പസ് കോംപ്ലക്‌സ് (Oedipus Complex) എന്നുപറയുന്നത്. സ്വന്തം പിതാവിനെ കൊന്ന് അമ്മയെ വിവാഹം ചെയ്ത പുരാണകഥാപാത്രമായ ഈഡിപ്പസില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഗാന്ധിവധത്തിനു ന്യായീകരണം തേടുകയും നെഹ്‌റു വധത്തെ അഭിലഷിക്കുകയും ചെയ്യുന്നവരുടെ മനസ്സില്‍ അപകടകരമായ ഈ മാനസിക വൈകൃതം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ അനന്തരഫലമാണ് ഫാസിസം. ഹിറ്റ്‌ലറും മുസ്സോളിനിയും സ്റ്റാലിനും ഇന്ദിരാ ഗാന്ധിയും എല്ലാം ഈഡിപ്പസ് കോംപ്ലക്‌സ് വളര്‍ന്നു ഫാസിസ്റ്റുകളായി അരങ്ങു തകര്‍ക്കുന്നവരായിരുന്നു എന്നാണ് ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം എഴുതിയ വില്‍ഹം റീഹ് ചൂണ്ടിക്കാണിക്കുന്നത്. ഇവര്‍ പ്രചരിപ്പിക്കുന്ന ദേശീയതാവാദത്തിലും രാജ്യസ്‌നേഹത്തിലും എതിരഭിപ്രായ വിരോധത്തിലും പതിയിരിക്കുന്നത് രാഷ്ട്രമീമാംസയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫാസിസം ആണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഫാസിസം. ഇവരാദ്യം തങ്ങളെത്തന്നെ ടോട്ടം (കുലചിഹ്നം) ആയി ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നു. കുലചിഹ്നങ്ങള്‍ പൂജിക്കപ്പെടണം എന്ന ധാരണ പ്രബലമാക്കുമ്പോള്‍ തന്നെ വാര്‍ഷികോത്സവങ്ങളില്‍ ഒരു കുലചിഹ്നത്തെ വധിച്ചു പുണ്യം നേടുന്ന സങ്കല്‍പവും പ്രാകൃത സമൂഹങ്ങളില്‍ പ്രബലമായിരുന്നു. പിതാവിന്റെ ക്രോധം ശമിപ്പിക്കാന്‍ പുത്രനെ തന്നെ ബലി അര്‍പ്പിച്ചു കൊണ്ടിരുന്ന പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു നരബലി. ക്രമേണ നരബലി മൃഗബലിക്ക് വഴിമാറി. പുരാതന ആര്യന്‍മാരുടെ സോമയാഗവും പശുമേധവും അശ്വമേധവും മറ്റ് അനുബന്ധ യാഗങ്ങളും ടോട്ടം അവസ്ഥയില്‍ നിന്നും ടാബു അവസ്ഥയിലേക്കുള്ള സാമൂഹിക പരിണാമത്തെയാണ് സൂചിപ്പിക്കുന്നത്. ഇതൊക്കെ കൂടി കണക്കിലെടുത്താണ് എന്തു കാരണത്തിന്റെ പേരിലായാലും നരഹത്യമാത്രം ഉരുവിടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ പരിഷ്‌കൃത മനുഷ്യന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബോധമുള്ള മനുഷ്യര്‍ പറയുന്നത്.
ഗാന്ധിജിയോ നെഹ്‌റുവോ മോദി തന്നെയോ വിമര്‍ശനത്തിനതീതരാണെന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. അവര്‍ സമൂഹത്തില്‍ പിതൃസ്ഥാനം കൈയാളുന്നവരായതുകൊണ്ടുതന്നെ അവരുടെ ചെയ്തികളുടെ ഭവിഷ്യത്തുകളെ ചൊല്ലി അവര്‍ വിമര്‍ശിക്കപ്പെടുക സ്വാഭാവികം മാത്രം. അത്തരം വിമര്‍ശങ്ങളോടുള്ള അവരുടെ അനുയായികളുടെ അസഹിഷ്ണുത ജനാധിപത്യ സംസ്‌കാരത്തിനെതിരെ ഉയരുന്ന വെല്ലുവിളിയാണ്.
നെഹ്‌റു രൂപത്തില്‍ ഗാന്ധിയനും, ഭാവത്തില്‍ ലോക നേതാവായി ഉയരാന്‍ വെമ്പല്‍ കൊണ്ടിരുന്ന തന്റെ സമകാലികരായ വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെയും റൂസ്‌വെല്‍റ്റിനെയും ചിയാങ്ങ് കൈഷക്കിനെയും ഒക്കെ മാതൃകാ പുരുഷന്മാരായി കണ്ടുകൊണ്ട് ഇന്ത്യയെ കണ്ടെത്താനും ഇന്ത്യക്ക് തന്നെ കാണിച്ചു കൊടുക്കാനും വ്യഗ്രത കാണിച്ച ഒരു രാഷ്ട്രീയ കുശാഗ്ര ബുദ്ധിയുമായിരുന്നു. 1947ലെ രാഷ്ട്രീയ നാടകത്തിന്റെ തിരക്കഥ തയ്യാറാക്കുന്നതില്‍ ബ്രിട്ടീഷുകാരോടൊപ്പം നിന്ന നെഹ്‌റുവിനെക്കുറിച്ച് രാം മനോഹര്‍ ലോഹ്യ എഴുതി:”നെഹ്‌റു ഭാരത വിഭജനത്തിന്റെ മാപ്പുസാക്ഷിയാണ്. ഭാരതത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുവും മുസ്‌ലിമുമായി വിഭജിക്കുവാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഈ വിവരം റൂസ്‌വെല്‍ട്ട് ചിയാങ്ങ് കൈഷക്കിനെ അറിയിച്ചു. വിനാശകരമായ ഈ വിഭജന തീരുമാനവുമായി ബ്രിട്ടനില്‍ നിന്നും ക്രിപ്‌സ് വരുന്നുണ്ടെന്നും വിഭജനം ഒഴിവാക്കിയുള്ള സ്വാതന്ത്യം ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും 1942 മാര്‍ച്ച് മാസം 13-ാം തീയ്യതി മാഡം ചിയാങ്ങ് കൈഷക്ക് നെഹ്‌റുവിനെ അറിയിച്ചിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, നെഹ്‌റു ഇക്കാര്യം ഗാന്ധിജി അടക്കമുള്ള നേതാക്കളില്‍ നിന്നും മറച്ചുവെച്ചു. ക്രിപ്‌സിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ചര്‍ച്ചിലുമായി നെഹ്‌റു ചര്‍ച്ച ചെയ്തു. ബ്രിട്ടീഷ് – അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ച നെഹ്‌റു ദേശീയ നേതാക്കളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഇത് മറച്ചു വെക്കുകയും ചെയ്തു.”(ലോഹ്യ ജീവചരിത്രം-പേജ് 72. ഉദാഹരണം സി ഗോപാലകൃഷ്ണന്‍ കേസരി വാരിക ഒക്‌ടോബര്‍ 17-2014) ലോഹ്യയുടെ ഈ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ട കാര്യമില്ല.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും ഗാന്ധിജിക്കനുകൂലമായ നിലപാടല്ല നെഹ്‌റു പുലര്‍ത്തിയിരുന്നതെന്നാണ് മറ്റൊരാരോപണം. ഇക്കാര്യത്തില്‍ നെഹ്‌റു എന്നത് പോലെ കമ്മ്യൂണിസ്റ്റുകാരും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ക്വിറ്റിന്ത്യാ സമരത്തിന് മുന്നോടിയായി നടന്ന ക്രിപ്‌സ് ദൗത്യം വിജയിപ്പിച്ചിരുന്നെങ്കില്‍ സ്വതന്ത്ര ഇന്ത്യയുടെ ഭാവി മറ്റൊരു തരത്തിലാകുമായിരുന്നു. ക്വിറ്റ ്ഇന്ത്യാ സമരം ഒഴിവാക്കി കൊണ്ടു തന്നെ 1942ല്‍ തന്നെ ബ്രിട്ടണ്‍ ഇന്ത്യ വിട്ട് പോകുമായിരുന്നു. ഇതേക്കുറിച്ചു ഇ എം എസ് എഴുതുന്നു:”കോണ്‍ഗ്രസിനാകട്ടെ, ക്രിപ്‌സ് നിര്‍ദേശങ്ങള്‍ ആകര്‍ഷകമായി തോന്നിയെങ്കിലും ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോള്‍ അതിലടങ്ങിയ അപകടം ബോധ്യപ്പെടാന്‍ തുടങ്ങി. സംസ്ഥാനങ്ങള്‍ക്കും നാട്ടുരാജ്യങ്ങള്‍ക്കും ഇന്ത്യായൂനിയനില്‍ നിന്നും വേറിട്ടുപോകാന്‍ അവകാശം നല്‍കികൊണ്ടുള്ള വ്യവസ്ഥ അവരെ അസ്വസ്ഥരാക്കി. പക്ഷേ ഇക്കാര്യത്തില്‍ ഏറ്റവും അധികം എതിര്‍പുണ്ടായിരുന്ന ഗാന്ധിയുടെ അഭിപ്രായങ്ങളെ അവഗണിച്ചുക്കൊണ്ടുപോലും ക്രിപ്‌സ് നിര്‍ദേശം അംഗീകരിക്കാന്‍ രാജാജിയും പട്ടേലും നെഹ്‌റുവും മറ്റും തയ്യാറായിരുന്നു. (ഇ എം എസ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം- പേജ് 919) രണ്ടാം ലോകമഹായുദ്ധത്തിന്റെ കരാളഹസ്തങ്ങള്‍ ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയിലേക്കും നീണ്ടുതുടങ്ങിയകാലം കൂടി ആയിരുന്നു ഇത്. ജാപ്പുപട്ടാളത്തിന്റെ മുന്നേറ്റം ഇങ്ങ് മദിരാശി വരെ നീളുന്നു എന്ന ആശങ്ക ശക്തമായി. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയില്‍ ജര്‍മനിയും ജപ്പാനും മൊത്തം ഇന്ത്യയുടെ മിത്രങ്ങളാണെന്നവികാരം പ്രചരിപ്പിച്ചു കൊണ്ട് ബ്രിട്ടീഷ് വിരോധം മൂത്ത് സുഭാഷ് ചന്ദ്രബോസെന്ന സമുന്നതനായ ഒരു ദേശീയ നേതാവ് ഇന്ത്യ ഒട്ടാകെ അട്ടിമറിസമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. മലയ, ബര്‍മ, അന്തമാന്‍ദ്വീപുകള്‍ മുതലായ രാജ്യങ്ങളിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് എന്ന സംഘടനയും, ഇന്ത്യന്‍ നാഷനല്‍ ആര്‍മി എന്ന പേരില്‍ ഒരു സൈന്യത്തെയും രൂപവത്കരിച്ച് സുഭാഷ് ചന്ദ്രബോസ് ജപ്പാന്‍ പട്ടാളത്തിന്റെ സഹായത്തോടെ ഇന്ത്യയാകെ അട്ടിമറി സമരം നടത്തി ബ്രിട്ടനെ കെട്ടുകെട്ടിക്കുക എന്ന ഒട്ടും യാഥാര്‍ഥ്യബോധമില്ലാത്ത ഒരു പ്രക്ഷോഭസമരം നടത്തി ഇന്ത്യ ആകെ ഇളക്കിമറിച്ചു. ഈ കാലത്ത് ബ്രിട്ടീഷ് അനുകൂല നിലപാട് എടുത്ത കമ്യൂണിസ്റ്റുകാര്‍ പില്‍ക്കാലത്ത് പരസ്യ കുംബസാരം നടത്തി കുറ്റ സമ്മതം പ്രഖ്യാപിച്ചെങ്കിലും കമ്യൂണിസ്റ്റുകാരുടെ അന്നത്തെ നിലപാട് ശരിക്കും യുക്ത്യാധിഷ്ഠിതവും ലോകത്തിന്റെ ഭാവിയെ സംബന്ധിച്ച ശുഭോദര്‍ക്കവുമായിരുന്നു എന്നാരും സമ്മതിക്കും.
വിവേകം തൊട്ടു തീണ്ടിയിട്ടുള്ള ആര്‍ക്കെങ്കിലും അന്നത്തെ ലോക സാഹചര്യങ്ങളില്‍ ജപ്പാനനുകൂല നിലപാട് സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഇറ്റലിയിലെ ഫാസിസം, ജര്‍മനിയിലെ നാസിസം, ജപ്പാനിലെ പട്ടാള ഭരണം ഇവക്കെതിരെ ഒരേശബ്ദത്തില്‍ പ്രസംഗിച്ചു നടന്നവരായിരുന്നു കോണ്‍ഗ്രസുള്‍പ്പെടെയുള്ള ദേശീയ കക്ഷികള്‍. ഫാസിസ്റ്റ് കോയ്മകളുടെ മുന്നേറ്റം ഒരൊറ്റ അസ്വതന്ത്ര രാജ്യങ്ങളെപ്പോലും സ്വതന്ത്രമാക്കുകയുണ്ടായിട്ടില്ല എന്ന ഇ എം എസിന്റെ നിരീക്ഷണം തികച്ചും അര്‍ത്ഥവത്തായിരുന്നു. ഒരു യജമാനനെ ഉപേക്ഷിച്ചു മറ്റൊരു യജമാനനെ സ്വീകരിക്കുക എന്നതിലപ്പുറം മറ്റൊന്നും ഇന്ത്യന്‍ ദേശീയ കക്ഷികളുടെ ഈ അമിതാവേശം പ്രദാനം ചെയ്യുമായിരുന്നില്ലെന്നതാണ് ചരിത്ര യാഥാര്‍ഥ്യം. ഇതു കണക്കിലെടുക്കാതെ ഇന്ത്യ വിട്ടു പോകുക എന്ന സമരത്തിനു മുന്നില്‍ നിന്ന ഗാന്ധിജി വിമര്‍ശിക്കപ്പെടുക തന്നെ വേണം. ഈ കാര്യത്തില്‍ നെഹ്‌റു കൈക്കൊണ്ട ഇരട്ടത്താപ്പു വിമര്‍ശനങ്ങള്‍ക്കതീതമല്ല. സ്വന്തം അഭിപ്രായം ക്വിറ്റിന്ത്യാ സമരത്തിനെതിരായിട്ടു പോലും ബഹുജന വികാരം കണക്കിലെടുത്തു ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം നെഹ്‌റു അംഗീകരിക്കുകയായിരുന്നു.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പൈതൃകാവകാശത്തെ ചൊല്ലി ഊറ്റം കൊള്ളുന്ന ഇന്നത്തെ ഗാന്ധിയന്മാര്‍ അന്നത്തെ ഗാന്ധിയെ മനസ്സിലാക്കിയിരുന്നോ എന്ന കാര്യത്തില്‍ സംശയം ബാക്കി. ഗാന്ധി അന്ന് ഇരുട്ടില്‍ തപ്പുകയായിരുന്നു. തുടങ്ങാന്‍ പോകുന്ന സമരം എവിടെ ചെന്നവസാനിക്കുമെന്ന് അദ്ദേഹത്തിനറിഞ്ഞുകൂടായിരുന്നെങ്കിലും അത് സംഘടിതമായി നടത്താന്‍ യാതൊരേര്‍പ്പാടും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു ബഹുജന വിപ്ലവം സംഘടിപ്പിക്കാന്‍ വേണ്ട സമയവും സൗകര്യവും കിട്ടും. അതിനെതിരായി സര്‍വശക്തിയും ഉപയോഗിച്ചു പ്രത്യാക്രമണം നടത്താന്‍ ഭരണാധികാരികള്‍ തയ്യാറാവുകയില്ല. ശിശു സഹജമായ വിശ്വാസത്തോടെയാണദ്ദേഹം നീങ്ങിയിരുന്നത്. ഇത്ര അനാസൂത്രിതമായ ഒരു ബഹുജന വിപ്ലവത്തിന് ആരെങ്കിലും നേതൃത്വം കൊടുത്ത സംഭവം ലോക ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടൊ എന്ന് സംശയമാണ് (ഇ എം എസ്. ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രം- പേജ്. 928)
ഗാന്ധിജിയോ നെഹ്‌റുവോ ബോസോ പട്ടേലോ രാജാജിയോ ഇവരൊക്കെ മനപൂര്‍വമോ അല്ലാതെയോ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ സ്വീകരിച്ച നിലപാടുകളെയോ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പിന്തുടര്‍ന്ന ശൈലികളെയോ വിമര്‍ശന ദൃഷ്ടിയോടെ പഠന വിശകലനം ചെയ്യാനുള്ള അവകാശം പുതിയ തലമുറയിലെ ചരിത്രാന്വേഷകര്‍ക്കുണ്ട്. കേരള സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍ അരുന്ധതി റോയ് നടത്തിയ ഗാന്ധി വിമര്‍ശത്തെയും ഇതുമായി കൂട്ടി വായിക്കാമെന്നു തോന്നുന്നു. ഇതിനോടുള്ള പ്രതികരണം എന്ന നിലയില്‍ കണ്ണൂര്‍ ഗാന്ധി എന്നറിയപ്പെടുന്ന സാക്ഷാല്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമ നടപടികളിലേക്കു വരെ പോയി. ദളിതരെ മുഖ്യധാരാ ഹിന്ദുമതത്തിന്റെ അനുബന്ധമായി പ്രതിഷ്ഠിച്ച് യഥാതഥാ അവസ്ഥ നിലനിര്‍ത്താന്‍ ശ്രമിച്ച ഗാന്ധിജിയുടെ നിലപാടുകളെയാണ് അരുന്ധതി പരാമര്‍ശിച്ചത്. ഹിന്ദു സംസ്‌കാരത്തിന്റ പുനര്‍ജീവനം എന്ന നിലയില്‍ പര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്കു മേല്‍ ഹിന്ദുത്വ മുദ്ര ചാര്‍ത്തി അവരെ വീണ്ടും കുലീന വംശജരുടെ ആശ്രിതരാക്കാന്‍ നടത്തുന്ന സംഘടിത നീക്കങ്ങള്‍, അഖണ്ഡ ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കാനുള്ള നീക്കങ്ങള്‍, സംഘ്പരിവാര്‍ ശക്തികള്‍ക്കു ലഭിച്ചു വരുന്ന വ്യാപകമായ സ്വീകാര്യത, ഇതിനെല്ലാം മേമ്പൊടിയായി മഹാത്മാഗാന്ധിയെന്ന ചരിത്ര പുരുഷനെക്കൂടി ഒപ്പം നിര്‍ത്താനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ നിഗൂഢ ശ്രമം- ഇതൊക്കെ ആയിരുന്നു അരുന്ധതി റോയിയുടെ പ്രഭാഷണത്തിലെ പരാമര്‍ശ വിഷയങ്ങള്‍.
വിമര്‍ശങ്ങളെ വിമര്‍ശങ്ങള്‍ക്കൊണ്ടു നേരിടുക എന്നതിനു പകരം തങ്ങള്‍ക്ക് അഹിതരായവരെ കൊന്നു കളയുന്നതായിരിക്കും ഭേദം എന്ന തിരുത്തല്‍ ചിന്തയുമായി ഗാന്ധിയെ കൊന്ന ഗോഡ്‌സേക്കു വേണ്ടി പോലും വക്കാലത്തുമായി ജനകീയ കോടതിക്കു മുമ്പില്‍ ദുര്‍ബലമായ വാദഗതികള്‍ ഉയര്‍ത്തുന്ന വക്കീലന്മാര്‍ ഹിന്ദു രാഷ്ട്രീയത്തിന്റെ അടുക്കളയില്‍ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിഭവങ്ങളുടെ ദുര്‍ഗന്ധം പുറത്തേക്കു പ്രസരിച്ചു തുടങ്ങിയിരിക്കുന്നു. ഇതാണ് വിവാദ വിഷയമായ കേസരി ലേഖനം സൂചിപ്പിക്കുന്നത്.
(കെ സി വര്‍ഗീസ് ഫോണ്‍- 9446268581)

Latest