Connect with us

Gulf

എക്‌സ്‌പോ 2020; കുറ്റാന്വേഷണ സംഘത്തിന് പ്രത്യേക പരിശീലനം നല്‍കുന്നു

Published

|

Last Updated

ദുബൈ: അനിഷ്ട സംഭവങ്ങളില്ലാതെ പൂര്‍ണ സുരക്ഷിതമായി എക്‌സ്‌പോ 2020 നടത്തുന്നതിന് ദുബൈ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചു.
പോലീസിലെ കുറ്റാന്വേഷണ വിഭാഗ (സി ഐ ഡി)ത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും പരിശീലനം സംഘടിപ്പിക്കുന്നത്.
യു എ ഇയുടെ പൊതുവിലും ദുബൈയുടെ പ്രത്യേകിച്ചും സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക വിനോദ സഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റത്തിന് കാരണമാകുന്ന എക്‌സ്‌പോ 2020യില്‍ ദുബൈ പോലീസിന്റെ ഉത്തരവാദിത്വം ഏറെ വലുതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു.
അല്‍ ഗര്‍ഹൂദിലെ പോലീസ് ക്ലബ്ബില്‍ ആരംഭിച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്‌സ്‌പോയുമായി ബന്ധപ്പെട്ട് അതിഥികളായെത്തുന്ന വ്യത്യസ്ത സംസ്‌കാരവും രീതികളുമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഓരോ ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണമെന്നും അല്‍ മന്‍സൂരി പറഞ്ഞു.
ലോകോത്തരമായ ധാരാളം പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും നടത്തി വിജയകരമാക്കിയ യു എ ഇയുടെ ചരിത്രത്തില്‍ എക്‌സ്‌പോ 2020യും ഒരു അവിസ്മരണീയ അധ്യായമായി മാറ്റിയെടുക്കാന്‍ നാം അതീവ ജാഗ്രതയുള്ള സംഘമായി രംഗത്തിറങ്ങണമെന്നും പ്രത്യേക പരിശീലനത്തിനെത്തിയ ഉദ്യോഗസ്ഥ സംഘത്തോട് അല്‍ മന്‍സൂരി ആവശ്യപ്പെട്ടു.
കുറ്റാന്വേഷണ വിഭാഗം അസി. ഡയറക്ടര്‍ കേണല്‍ സാലിം അല്‍ റുമൈതി, കുറ്റകൃത്യനിരീക്ഷണ വിഭാഗം അസി. ഡയറക്ടര്‍ കേണല്‍ ജമാല്‍ സാലം അല്‍ ജല്ലാഫ് തുടങ്ങിയ പ്രമുഖര്‍ പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ദുബൈയിലെ പോലീസ് സ്റ്റേഷനുകളിലെ ഡയറക്ടര്‍മാരും പരിശീലന പരിപാടിയില്‍ സന്നിഹിതരായിരുന്നു.