പച്ചത്തേയിലയുടെ വിലിയിടിവ്: കര്‍ഷക സമരത്തില്‍ പ്രതിഷേധം ഇരമ്പി

Posted on: November 19, 2014 12:24 am | Last updated: November 19, 2014 at 1:25 pm

ഗൂഡല്ലൂര്‍: നീലഗിരിയിലെ തേയില കര്‍ഷകരെ വഞ്ചിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ടീ ഗ്രോവേഴ്‌സ് അസോസിയേഷന്‍ (ഫെസ്റ്റ)യുടെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ നടന്ന സമരത്തില്‍ കര്‍ഷകരുടെ പ്രതിഷേധം ഇരമ്പി. വിലതകര്‍ച്ചയില്‍ പ്രതിഷേധിച്ച് തേയിലയുടെ പരസ്യലേലം നടത്തി. പത്ത് പൈസക്കാണ് തേയിലയുടെ ലേലം അവസാനിച്ചത്. ഇതേത്തുടര്‍ന്ന് ആര്‍ക്കും വേണ്ടാത്ത തേയില നിലത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരുന്നു നിരാഹാര സമരം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുക്കണക്കിന് പേര്‍ സമരത്തില്‍ പങ്കെടുത്തു. പച്ചതേയിലക്ക് തറവില നിശ്ചയിക്കുക, തേയില കര്‍ഷകരെ സംരക്ഷിക്കുക, തേയില കര്‍ഷകരെ സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുക, സബ്‌സിഡികള്‍ നിയമകുരുക്കിന്റെ പേരില്‍ കര്‍ഷകര്‍ക്ക് നല്‍കാതെ തടഞ്ഞുവെക്കുന്നത് അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. പ്രസിഡന്റ് ഷാജി ചെളിവയല്‍ അധ്യക്ഷതവഹിച്ചു. ഫെസ്റ്റ അഖിലേന്ത്യാ മുന്‍ പ്രസിഡന്റ് എ എം ജോഗി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നടരാജ്, എസ് എസ് റിച്ചാര്‍ഡ്, ഡി മുരുകന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.