ആശുപത്രി ആക്രമിച്ച് ഫാര്‍മസിക്ക് തീയിട്ടു

Posted on: November 19, 2014 12:14 pm | Last updated: November 19, 2014 at 12:14 pm

തിരൂരങ്ങാടി: മൂന്നിയൂര്‍ ആലിന്‍ ചുവടില്‍ പ്രവര്‍ത്തിക്കുന്ന മൂന്നിയൂര്‍ നഴ്‌സിംഗ് ഹോം വാഹനങ്ങളിലെത്തിയ ഒരു സംഘമാളുകള്‍ ആക്രമിച്ച് ഫാര്‍മസിക്ക് മണ്ണെണ്ണയൊഴിച്ച് തീയിട്ടു.
ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ വാഹനങ്ങളിലെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കൗണ്ടറുകളും, കാഷ്യാലിറ്റിയും അടിച്ചു തകര്‍ത്ത സംഘം മണ്ണെണ്ണ ഒഴിച്ച് ഫാര്‍മസിക്ക് തീയിടുകയായിരുന്നു.
തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും നാട്ടുകാര്‍ തീയണച്ചിരുന്നു. തീ ഉടന്‍ അണക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഹോസ്പിറ്റലിലെ കമ്പ്യൂട്ടറുകളും മുന്‍വശത്തെ ഗ്ലാസുകളും മറ്റും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് യുവതി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അക്രമമെന്ന് കരുതുന്നതായി ഹോസ്പിറ്റല്‍ അതികൃതര്‍ അറിയിച്ചു. തിരൂരങ്ങാടി സി ഐ അനില്‍ ബി റാവുത്തര്‍, എസ് ഐ കൃഷ്ണന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.