Connect with us

Malappuram

മരങ്ങളെ മക്കളായി താലോലിച്ച മുഹമ്മദ് യാത്രയായി

Published

|

Last Updated

തിരൂരങ്ങാടി: മരങ്ങളെ ബാക്കിവെച്ച് ഡി എം ഒ മുഹമ്മദ് യാത്രയായി. പന്താരങ്ങാടി പതിനാറുങ്ങല്‍ ഭാഗത്തെ റോഡിന്റെ പാര്‍ശ്വങ്ങളിലും പുറമ്പോക്ക് ഭൂമിയിലുമായി നൂറുകണക്കായ മരങ്ങള്‍ വെച്ചുപിടിച്ച പിതാനാങ്ങലിലെ മൂച്ചിക്കല്‍ മുഹമ്മദ് എന്ന ഡി എം ഒ മുഹമ്മദ് ഇനി ഓര്‍മ.
ഭാര്യയോ മക്കളോ വീടോ ഇല്ലാത്ത ഇദ്ദേഹം റോഡരുകിലെ പൊതുസ്ഥലത്ത് ഓലയും ഇലകളും വെച്ചുണ്ടാക്കിയ വീട്ടിലായിരുന്നു വര്‍ഷങ്ങളായി താസമിച്ചിരുന്നത്. പന്താരങ്ങാടി പതിനാറുങ്ങല്‍, മക്കടമ്പ് പെറ്റമ്മല്‍ ഭാഗങ്ങളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒട്ടുമിക്ക മരങ്ങളും ഇദ്ദേഹം നട്ടുണ്ടാക്കിയതാണ്. തെങ്ങുകള്‍ പ്ലാവുകള്‍ മാവുകള്‍ചീനിമരങ്ങള്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇതെല്ലാം ഇന്ന് സര്‍ക്കാറിന്റെ ഉടമസ്ഥതിലാണ്. 45-ാം വയസില്‍ ആരംഭിച്ചതാണ് മുഹമ്മദ് ഈ പ്രവര്‍ത്തനം. പുല്ലരിഞ്ഞ് വിറ്റ് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹം പുല്ലരിയുന്നതിനിടയില്‍ കിട്ടുന്ന ചെടികളും വൃക്ഷത്തൈകളുമാണ് പൊതുസ്ഥലങ്ങളില്‍ നട്ടുണ്ടാക്കിയിരുന്നത്. മരങ്ങള്‍ കുറേയുണ്ടായാലേ നാട്ടില്‍ മഴയുണ്ടാവുകയൊള്ളൂ എന്ന് മുഹമ്മദ് പറയുമായിരുന്നു. സ്വാതന്ത്ര്യത്തിനന് മുമ്പ് കറാച്ചിയിലില്‍ പട്ടാളക്കാരുടെ പാചകക്കാരനായിരുന്ന ഇദ്ദേഹം അസുഖത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്ന് പുല്ലരിയല്‍ തൊഴില്‍ സ്വീകരിക്കുകയയായിരുന്നു.
ബസും കാറും വ്യാപകമാകുന്നതിന് മുമ്പ് പരപ്പനങ്ങാടിയില്‍ നിന്ന് പന്താരങ്ങാടി വഴികാള വണ്ടിയിലായിരുന്നു ആളുകള്‍ സഞ്ചരിച്ചിരുന്നത്. അന്നൊക്കെ മുഹമ്മദിന്റെ പുല്ലിനായി ദൂരെഭാഗങ്ങളില്‍ നിന്ന് പലരും എത്തിയിരുന്നു. പതിനാറുങ്ങല്‍ പൊറ്റമ്മല്‍ റോഡിലെ പൊതുസ്ഥലത്താണ് താമസിച്ചിരുന്നത്. മേല്‍ക്കൂരയോ വളച്ചുകെട്ടോ ഇല്ലാത്ത വീട് വെയിലും മഴയും മഞ്ഞുമെല്ലാം ഈ വീട്ടിനുള്ളില്‍ തന്നെ. പക്ഷേ മുഹമ്മദിന് അതൊന്നും പ്രശ്‌നമല്ലായിരുന്നു. തളച്ചുകയറുന്ന വെയിലും ദേഹത്ത് ഇറ്റിവീഴുന്ന മഴത്തുള്ളികളും മരം കോച്ചുന്ന തണുപ്പുമൊന്നും വകവെക്കാതെ ഇദ്ദേഹം ഇവിടെ തന്നെ സൈ്വര്യമായി കഴിഞ്ഞുകൂട്ടി. വലിയ മഴയുണ്ടായാല്‍ തൊട്ടുത്തുള്ള സഹോദര പുത്രന്റെ വീട്ടുവരാന്തയില്‍ ചുരുണ്ടുകൂടും.
ഡി എം ഒ എന്ന് ഇദ്ദേഹത്തെ ആളുകള്‍ വിളിക്കാനും കാരണമുണ്ട്. ഈ കാലത്തിനിടക്ക് അസുഖത്തിന്റെ പേരില്‍ ഒരുഡോക്ടറേയും കാണിച്ചിട്ടില്ല. അതിനെല്ലാമുള്ള ചികിത്സാരീതി ഇയാളുടെ വശം തന്നെയുണ്ടായിരുന്നു. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കും ഇത് നിര്‍ദേശിക്കകുകയും ചെയ്തിരുന്നു. ഇതുകൊണ്ടാണ് ഇയാളെ ഡിസ്ടിക് മെഡിക്കല്‍ ഓഫീസര്‍ എന്ന അര്‍ഥത്തില്‍ ഡി എം ഒ എന്ന് വിശേഷിപ്പിച്ചിരുന്നത്. തന്റെ താമസസ്ഥലത്ത് ആവശ്യമായ എല്ലാം ഉണ്ടായിരുന്നു. ഒന്നിനും മറ്റുള്ളവരുടെ മുന്നില്‍ചെന്ന് കൈനീട്ടേണ്ട ആവശ്യം ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ കുറിച്ച് മാധ്യമങ്ങളില്‍ പലതവണ ഫീച്ചറുകള്‍ വന്നതാണ്. മരിക്കുമ്പോഴും വാര്‍ധക്യസഹചമായ അസുഖമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.

Latest