Connect with us

Malappuram

വാഗണ്‍ ട്രാജഡിയുടെ നടുക്കുന്ന ഓര്‍മയില്‍ കുരുവമ്പലം ഗ്രാമം

Published

|

Last Updated

കൊളത്തൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത സംഭവമായ വാഗണ്‍ ട്രാജഡിയുടെ ആ കറുത്ത ഓര്‍മകള്‍ക്ക് 93 വയസ്സ്. വൈദേശികാധിപത്യത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പിന്റെ പോരാട്ടത്തില്‍ കുരുവമ്പലം ഗ്രാമത്തിന് നിര്‍ണായക സ്ഥാനമുണ്ട്. പുലാമന്തോള്‍ പഞ്ചായത്തിലെ കൊച്ചു ഗ്രാമം വയലോലകളുടെ പച്ചപ്പ് നിറഞ്ഞ പ്രകൃതി സുന്ദരമായ ഈ ഗ്രാമത്തിന് സ്വാതന്ത്ര്യ സമരചരിത്രത്തിലുള്ള പങ്കിന് തുല്ല്യതയില്ല.

മലബാര്‍ കലാപത്തിന്റെ ഭീതിതമായ സംഭവത്തിന് വേദിയായത് തിരൂരായിരുന്നെങ്കിലും വാഗണ്‍ ട്രാജഡിയെന്ന് ചരിത്രം വിളിച്ച ആ കൊടും ക്രൂരതയില്‍ ജീവന്‍ ബലി നല്‍കിയത് ഈ നാട്ടിലെ 41 പേരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ നിലകൊണ്ടതിന് പക തീര്‍ക്കാന്‍ വെള്ളക്കാര്‍ വേട്ടയാടിക്കൊണ്ടിരുന്നത് മലബാര്‍ മാപ്പിളമാരെയായിരുന്നു. ഇവരെ പിടികൂടി നാടു കടത്തല്‍ പതിവാക്കി നിരവധി പേരെ അന്തമാന്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാടുകടത്തി.
ഇപ്രകാരം നാടു കടത്താന്‍ അസൂത്രിതമായി നടത്തിയ ഹീന കൃത്യമാണ് വാഗണ്‍ ട്രാജഡി. 1921 നവംബര്‍ 19ന് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എം എസ് റെയില്‍വെയുടെ 77-ാ0 നമ്പര്‍ ട്രയിനിലെ 1711-ാ0 നമ്പര്‍ ചരക്ക് വാഗണില്‍ ശ്വാസം മുട്ടി മരിച്ച 70 പേരില്‍ 41 പേരും ഈ ഗ്രാമത്തിലുള്ളവരാണ്. ഇവരില്‍ 35 പേര്‍ കുരുവമ്പലത്തുകാരും ആറ് ആളുകള്‍ വളപുരം, ചെമ്മലശ്ശേരി പ്രദേശത്തുള്ളവരുമാണ്. പള്ളി ദര്‍സ് വിദ്യാര്‍ഥികളായിരുന്നു ഇവരിലധികവും.
വളപുരം സ്വദേശി കല്ലെത്തൊടി കുഞ്ഞുണ്ണീന്‍ മുസ്‌ലിയാരെ അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലിലടച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ പുലാമന്തോള്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ പെരിന്തല്‍മണ്ണയിലേക്ക് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് കുഞ്ഞിണ്ണീന്‍ മുസ്‌ലിയാരെ വിട്ടയക്കുകയും പ്രതിഷേധക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ട് പോവുകയായിരുന്നു.
തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോവാനായി 72 പേരെ വാഗണില്‍ തിക്കിത്തിരുകി കയറ്റുകയായിരുന്നു. ഇതില്‍ 70 പേര്‍ ശ്വാസം മുട്ടി മരിക്കുകയും രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. സയ്യിദ് ഉണ്ണിക്കോയ തങ്ങളുടെ പിതാവു കൂടിയായ കാളിയാറോഡ് കോയക്കുട്ടി തങ്ങള്‍, വാഴയില്‍ കുഞ്ഞയമ്മു എന്നിവരാണ് രക്ഷപ്പെട്ടത്.
സ്വാതന്ത്ര്യ സമരചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ട്രാജഡിയെ ചരിത്രം വേണ്ടപോലെ ഗൗനിച്ചില്ല എന്നത് ഒരു വസ്തുതയാണ്. 2005ല്‍ ജില്ലാപഞ്ചായത്ത് നിര്‍മിച്ച കുരുവമ്പലത്തെ സ്മാരക മന്ദിരം മാത്രമാണ് വാഗണ്‍ ദുരന്തത്തിന്റെ ഓര്‍മക്കായി ആകെയുള്ളത്. നാളെ കുരുവമ്പലത്ത് വെച്ച് 93-ാ0 വാര്‍ഷിക ദിനാചരണം നടക്കും.

Latest