യാഥാര്‍ഥ്യമാകാതെ വാഴക്കാട് മത്സ്യഭവന്‍

Posted on: November 19, 2014 11:24 am | Last updated: November 19, 2014 at 11:24 am

എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിന് അനുവദിച്ച് കിട്ടിയ മത്സ്യഭവന്‍ തുറന്നു പ്രവര്‍ത്തിനാവാതെ 13 വര്‍ഷം പിന്നിടുന്നു. ചാലിയാര്‍ പുഴയുടെ ഓരം പറ്റി നില്‍ക്കുന്ന വാഴക്കാട് പഞ്ചായത്തിന് മത്സ്യഭവന്‍ ലഭിച്ചതില്‍ മത്സ്യതൊഴിലാളികള്‍ ഏറെ സന്തോഷിച്ചിരുന്നു.
മത്സ്യഭവന്‍ ആരംഭിക്കുന്നതിന് വിവിധ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. മത്സ്യഭവന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സ്റ്റാഫുകളുടെ അപര്യാപ്തതയാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തടസമാവുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. സ്റ്റാഫുകളെ നിയമിക്കുന്നത് ഗവണ്‍മെന്റ് തലത്തിലായതിനാല്‍ പഞ്ചായത്ത് നിസഹായരാണെന്നാണ് അധികൃതരുടെ ഭാഷ്യം. 15 ലക്ഷം രൂപ ചെലവില്‍ 2001വാണ് മത്സ്യഭവന്‍ നിര്‍മിച്ചത്. മത്സ്യഭവന്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ബോര്‍ഡ്‌യോഗം ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് തീരുമാനമെടുത്തിരുന്നു. വാഴക്കാട് പഞ്ചായത്തില്‍ 200ഓളം മത്സ്യതൊഴിലാളികള്‍ ജോലി ചെയ്തു വരുന്നുണ്ട്.
മത്സ്യഭവന്‍ യാഥാര്‍ഥ്യമായാല്‍ ഇവിടത്തെ തൊഴിലാളികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ ലഭിക്കാന്‍ ചെട്ടിപ്പടിയിലെ മത്സ്യഭവന്‍ ഓഫീസിലേക്ക് പോവേണ്ടി വരില്ല. മത്സ്യതൊഴിലാളികള്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍, തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ ഇങ്ങനെ നിരവധി സഹായങ്ങള്‍ തൊഴിലാളികള്‍ക്ക് മത്സ്യഭവനില്‍ നിന്ന് ലഭിക്കുന്നുണ്ട്. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന്റെ എല്ലാ ഘട്ടങ്ങളിലും മത്സ്യഭവന്‍ വഴി സഹായം ലഭിക്കുന്നുണ്ട്. വാഴക്കാട് പഞ്ചായത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. എളമരത്തെ മങ്കുഴി ഇത്തരത്തില്‍ പെട്ടതാണ്.
ഈ സ്ഥലങ്ങളില്‍ വളര്‍ത്തു മത്സ്യകൃഷി തുടങ്ങാന്‍ മത്സ്യഭവന്‍ യാഥാര്‍ഥ്യമായാല്‍ സാധ്യമാകുമെന്ന് അധികൃതര്‍ പറയുന്നു. മത്സ്യഭവന്‍ സാധ്യമാവാന്‍ വിവിധ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.