ഉയരം കുറഞ്ഞ വെച്ചൂര്‍ പശുവിനെ കാണാന്‍ ഗിന്നസ് റെക്കോര്‍ഡ് അധികൃതരെത്തുന്നു

Posted on: November 19, 2014 10:57 am | Last updated: November 19, 2014 at 10:57 am

കോഴിക്കോട്: അത്തോളിയിലെ കാമധേനു നാച്ച്വറല്‍ ഫാമിലുള്ള ലോകത്തെ ഏറ്റവും ചെറിയ പശുവായ വെച്ചൂര്‍ പശുവിന്റെ ഉയരക്കുറവ് സ്ഥിരീകരിക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ കോഴിക്കോട്ട് എത്തുന്നതായി എര്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാമധേനു ഫാമിലെ വെച്ചൂര്‍ പശുവായ ആറുവയസ്സുകാരി മാണിക്യത്തിന് 61.5 സെന്റിമീറ്റര്‍ മാത്രമാണ് ഉയരം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ലോകത്തെ ഏറ്റവും ചെറിയ തദ്ദേശീയ പശുവിന് മാണിക്യത്തേക്കാള്‍ എട്ട് സെന്റിമീറ്ററോളം ഉയരക്കൂടുതലുള്ള സാഹചര്യത്തിലാണ് 22 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ അത്തോളിയില്‍ എത്തുന്നത്. രാജ്യത്തെ ഗുണമേന്‍മയുള്ള നാടന്‍ പശു ഇനങ്ങളെ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പകരം വിദേശ ജനുസുകളെ ഭാരതീയ കാര്‍ഷിക മേഖലയിലേക്ക് അടിച്ചേല്‍പ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നാടന്‍ പശുക്കളുടെ സംരക്ഷകരായ സാധാരണ കര്‍ഷകരെ അംഗീകരിക്കാനും സഹായിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി വി കൃഷ്ണന്‍കുട്ടി, സെക്രട്ടറി ഡോ. യു പത്മനാഭന്‍, ട്രഷറര്‍ എന്‍ വി ബാലകൃഷ്ണന്‍ പങ്കെടുത്തു.