Connect with us

Editorial

അന്യം നിന്നു പോകുന്ന മനുഷ്യത്വം

Published

|

Last Updated

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിരണ്ടുകാരനായ സജീഷ് എന്ന യുവാവ് ലോറിയിടിച്ചു ഗുരുതരമായ പരുക്കേറ്റ് റോഡില്‍ കിടക്കുന്നു. ശരീരത്തില്‍ നിന്ന് ചോര വാര്‍ന്നു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിന്, ബൈക്കിലെ സഹയാത്രികനായിരുന്ന രജിത്ത് അതുവഴി കടന്നു പോയ വാഹനങ്ങള്‍ക്ക് നേരെയെല്ലാം കൈ നീട്ടി. രജിത്ത് കരഞ്ഞു കേണപേക്ഷിച്ചിട്ടും ഒരൊറ്റ വാഹനക്കാരും മരണത്തോട് മല്ലടിക്കുന്ന സജീഷിനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. അരമണിക്കൂര്‍ സജീഷ് അതേ നിലയില്‍ റോഡില്‍ കിടന്നു. ഒടുവില്‍ രക്തം പൂര്‍ണമായും വാര്‍ന്നൊലിച്ചു അവിടെ കിടന്നു മരിച്ചു.
സംസ്‌കാര സമ്പന്നമെന്ന് നാം ഊറ്റം കൊള്ളുന്ന കേരളത്തിലാണ് സംഭവം. ചിറ്റിലഞ്ചേരിയിലെ സംസ്ഥന പാതയില്‍ കടമ്പിടിപിള്ളി ജംഗ്ഷന് സമീപം ഞായറാഴ്ച കാലത്ത് 11 മണിക്കാണ് അപകടം നടന്നത്. ലോറിയിടിച്ചു തെറിച്ചു വീണ സജീഷിന്റെ ദേഹത്തു കൂടെ അതേ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങിയാണ് ഗുരുതരമായ പരുക്കേറ്റത്. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ യുവാവ് രക്ഷപ്പെടുമായിരുന്നു. ജയ്പൂരില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സമാനമായ ഒരു സംഭവമുണ്ടായി. ഒരു കുടംബം സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചു ബൈക്കിലുണ്ടായിരുന്ന സ്ത്രീയും മകളും ചതഞ്ഞരഞ്ഞു. കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ട കുടുംബനാഥനും നാല് വയസ്സുള്ള മകനും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് അതുവഴി കടന്നു പോയവരോടെല്ലാം സഹായമഭ്യര്‍ഥിച്ചു. ആരും തിരിഞ്ഞുനോക്കിയില്ല. ഒരു മണിക്കൂറോളം പിതാവും മകനും വാവിട്ടു കരഞ്ഞപേക്ഷിച്ചെങ്കിലും ഒരു വണ്ടി പോലും നിര്‍ത്താതെ പോവുകയായിരുന്നു. അവസാനം ഒരു ബൈക്ക് യാത്രികന്‍ ദയ തോന്നി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തിയ ശേഷമാണ് അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ഞായറാഴ്ച ചിറ്റിലഞ്ചേരിയില്‍ നടന്ന അപകടത്തില്‍ നിരവധി വാഹനങ്ങള്‍ അതുവഴി കടന്നു പോയിട്ടും ആരും സഹായിച്ചില്ലെന്നത് പോകട്ടെ, അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാനുള്ള സന്മനസ്സ് പോലും ഒരാളും കാണിച്ചില്ല.
നമ്മുടെ സാമൂഹിക ബേധവും മനുഷ്യത്വവും അന്യം നിന്നു പോയോ? ദയ, കരുണ, സഹാനുഭൂതി, സഹജീവിസ്‌നേഹം, സഹകരണ മനോഭാവം, ആര്‍ദ്രത തുടങ്ങി മനുഷ്യരില്‍ ഉണ്ടായിരിക്കേണ്ട നല്ല വികാരങ്ങള്‍ക്കും ഭാവങ്ങള്‍ക്കും ഇന്നെന്ത് സംഭവിച്ചു? അപകടത്തില്‍ പെടുന്നവരെ സഹായിക്കേണ്ടത് മാനുഷികമായ കടമയാണ്. സാമൂഹിക ബാധ്യതയാണ്. എന്നാല്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന അപകടങ്ങളിലും ദുരിതങ്ങളിലും നിസ്സംഗത പുലര്‍ത്തുന്ന പ്രവണതയാണ് സമൂഹത്തില്‍ ഇന്ന് വളര്‍ന്നു വരുന്നത്. അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ മൊബൈല്‍ ഫോണുകളില്‍ അവ പകര്‍ത്തി കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നവരുടെ എണ്ണവും മറ്റൊരു സമൂഹത്തിലും ഇല്ലാത്ത വണ്ണം ഇവിടെ പെരുകുകയാണ്. ഇത് നിര്‍ഭാഗ്യകരമാണ്. അപകട രംഗത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമ്പോള്‍ അവിടെ കാരുണ്യവും സഹജീവിസ്‌നേഹവും കാണിക്കാനുള്ള സന്മനസ്സുണ്ടാകുന്നില്ലെങ്കില്‍ മനുഷ്യത്വത്തിന് എന്തര്‍ഥം? തിരക്ക് പിടിച്ച ജീവിതത്തിനിടയിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തിയേ തീരൂ. ചുരുങ്ങിയ പക്ഷം അപകടവിവരം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കാനുള്ള സന്മനസ്സെങ്കിലും പ്രകടിപ്പിക്കണം. ഒരു സഹജീവി രക്തത്തില്‍ കുളിച്ചു സഹായത്തിനായി നിലവിളിച്ചിട്ടും അത് കേള്‍ക്കാത്ത, കാണാത്ത ഭാവത്തില്‍ കടന്നു പോകുന്നത് അയാളെ കൊലക്ക് ഇട്ടു കൊടുക്കുന്നതിന് സമാനമാണ്. മനസ്സില്‍ അല്‍പ്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നവര്‍ക്ക് ഇത്തരമൊരു നിസ്സംഗത പുലര്‍ത്താനാകില്ല. എനിക്കല്ലല്ലോ, അവനല്ലേ പ്രശ്‌നം, ഞാനെന്തിന് ഇടപെടണമെന്ന സ്വാര്‍ഥ ചിന്തയും നിസ്സംഗതയും അപകടകരവും ക്രൂരതയുമാണ്.
അപായം ആര്‍ക്കും എപ്പോഴും സംഭവിക്കാം. ഇത്തരം ഘട്ടങ്ങളില്‍ സഹജീവി ബോധം ഉണര്‍ന്ന് സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കൈത്താങ്ങാകാന്‍ ഓരോരുത്തര്‍ക്കുമാകണം. അത് മറ്റുള്ളവര്‍ നിര്‍വഹിക്കട്ടെ എന്ന ചിന്തയില്‍ നാം ഒഴിഞ്ഞുമാറുമ്പോള്‍ പലപ്പോഴും നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളായിരിക്കും. നമ്മുടെ നിസ്സംഗത കൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെടാന്‍ ഇടവന്നു കൂടാ. ഇന്ന് നാം കാണിക്കുന്ന കാരുണ്യബോധമായിരിക്കാം ചിലപ്പോള്‍ നാളെ നമ്മുടെയോ നമ്മുടെ കുടുംബത്തിലെ ആരുടെയെങ്കിലുമോ രക്ഷക്ക് മറ്റുള്ളവരുടെ സഹായമായി തിരികെ വരുന്നത്. സഹോദരന്റെ സുഖദുഃഖങ്ങള്‍ തന്റെയും കൂടിയാണെന്ന ബോധം നിലനില്‍ക്കുകയും അത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുമ്പോഴാണ് മനുഷ്യത്വം അര്‍ഥപൂര്‍ണമാകുന്നത്. സ്വാര്‍ഥത വെടിഞ്ഞു സ്‌നേഹം പകര്‍ന്നു നല്‍കുകയും സഹോദരനെ ദയാവായ്‌പോടെ സമീപിക്കുകയും ചെയ്യാനുള്ള മനഃസ്ഥിതി സമൂഹത്തില്‍ വളര്‍ന്നു വരേണ്ടതുണ്ട്.

---- facebook comment plugin here -----

Latest