കേരളം വഴികാട്ടുന്നു

Posted on: November 19, 2014 5:59 am | Last updated: November 19, 2014 at 12:59 am

ഐക്യരാഷ്ട്ര സംഘടന ഇന്ന്, നവംബര്‍ മാസം 19-ാം തീയതി ലോക ശൗച്യാലയ ദിനമായി പ്രഖ്യപിച്ചിരിക്കുകയാണ്. അതെന്തിന് വേണ്ടി എന്ന് കേരളീയരായ നമുക്ക് സംശയം തോന്നാം. നമുക്ക് അതിന്റെ പ്രാധാന്യം പെട്ടെന്ന് മനസ്സിലാകാത്തത് സാനിറ്റേഷന്‍ രംഗത്ത് നാം ഇതിനോടകം കൈവരിച്ച പുരോഗതി ഒന്നു കൊണ്ടു മാത്രമാണ്. എന്നാല്‍ ശരാശരി ലോകനിലവാരം എന്തെന്ന് നോക്കുക. 721 കോടി ലോകജനതയില്‍ 250 കോടി ജനങ്ങള്‍ക്കും ഒരു ശൗച്യാലയം അപ്രാപ്യമാണ് എന്നതാണ് യാഥാര്‍ഥ്യം. സുരക്ഷിതമായ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകിച്ചും അവരുടേതായ ആരോഗ്യ പ്രശ്‌നമുള്ള സാഹചര്യങ്ങളില്‍ ഉണ്ടാവുന്ന അഭിമാനക്ഷതവും ദുരനുഭവങ്ങളും ചൂഷണങ്ങളും എത്രയെന്ന് ഒരു നിമിഷമെങ്കിലും ആലോചിച്ചെങ്കില്‍ മാത്രമേ ഈ ദിനാചരണത്തിന്റെ മഹത്വമെന്തെന്ന് മനസ്സിലാവുകയുള്ളൂ.
60 വര്‍ഷം മുന്‍പ് ഗാന്ധിജി വിഭാവനം ചെയ്ത പുരോഗതി ഇന്നും പല സംസ്ഥാനങ്ങളിലും അപ്രാപ്യമാണ്. 2010ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനം സാനിറ്റേഷനും ജലവും” മനുഷ്യാവകാശമായി പ്രഖ്യാപിച്ചു ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കുന്നതിന് ഇവ രണ്ടും അത്യന്താപേക്ഷിതമാണെന്നതിനാല്‍ ഓരോ പൗരനും ഇവ രണ്ടും ലഭ്യമാക്കുന്നത് ഭരണാധികാരികളുടെ കടമയായി നിര്‍ദേശിക്കപ്പെട്ടു. അവികസിത രാജ്യങ്ങളില്‍ മാത്രമല്ല, വികസ്വര രാഷ്ട്രങ്ങളിലും വികസിത രാജ്യങ്ങളിലും ഇക്കാര്യങ്ങള്‍ വ്യാപകമായി ചര്‍ച്ചകള്‍ക്ക് വിഷയമാക്കാന്‍ ഐക്യരാഷ്ട്രസഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇന്നും ശൗച്യാലയങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുവാന്‍ പല ജനവിഭാഗങ്ങള്‍ക്കും വിമുഖതയാണ്. ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപവത്കരണ പ്രക്രിയയ്ക്കും വിധേയമാകാത്ത കാര്യങ്ങളില്‍ പുരോഗതി കൈവരിക്കുവാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ അഭിമാന പ്രശ്‌നങ്ങളുളവാകുന്നത് സങ്കുചിത മനഃസ്ഥിതി മൂലമാണെന്നും അവയെ അതിജീവിക്കാന്‍ ഇത്തരം ദിനാചരണങ്ങള്‍ സഹായകമാകണമെന്നും ഐക്യരാഷ്ട്രസഭ നിര്‍ദേശിക്കുന്നു.
ആറ് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അമേരിക്കയുടെയും നാല് പതിറ്റാണ്ട് മുമ്പ് സിംഗപ്പൂരിന്റെയും രണ്ട് പതിറ്റാണ്ട് മുന്‍പ് ചൈനയുടെയും ഈ മേഖലയിലെ സ്ഥിതി എന്തായിരുന്നു എന്നതും ഇന്ന് അവര്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തെന്നും നാം പഠിക്കേണ്ടതാണ്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളം ഇതിനോടകം തന്നെ അഭിമാനകരമായ നേട്ടം കൈവരിച്ചു. എന്നാല്‍ അവ നിലനിര്‍ത്തി കൊണ്ട് പോകുന്നതിലും തുടര്‍ പുരോഗതി കൈവരിക്കുന്നതിലും നാം എത്രമാത്രം വിജയിച്ചു എന്നത് ഒരു സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട സംഗതിയാണ്. സാനിറ്റേഷന്‍ രംഗത്ത് ഇത്തരം പാളിച്ചകള്‍ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുറമ്പോക്കില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് പോലും സ്വന്തമായി വീടിനോട് ചേര്‍ന്ന് ശൗച്യാലയമുണ്ട് എന്നത് അഭിമാനകരം തന്നെ – എന്നാല്‍ നമ്മുടെ പൊതു ശൗച്യാലയങ്ങളുടെ സ്ഥിതി എന്താണ്? സാമൂഹികമായും, സാമ്പത്തികമായും നാം കൈവരിച്ച ജീവിത നിലവാരത്തിനനുസരണമായ വിധത്തില്‍ ആവശ്യമായ എണ്ണത്തിലും ആവശ്യമായ വൃത്തിയിലും പൊതു ശൗച്യാലയങ്ങള്‍ നമുക്കില്ലാത്തതിന് കാരണമെന്ത്?
ആരോഗ്യ പരിപാലന ചെലവിലെ കുറവും സമയലാഭവും പ്രവര്‍ത്തന ക്ഷമതയിലെ വര്‍ധനവും കണക്കിലെടുക്കുമ്പോള്‍ സാനിറ്റേഷന്‍ രംഗത്ത് മുടക്കുന്ന ഓരോ രൂപയും എട്ട് രൂപയായി തിരികെ സമൂഹത്തിന് ലഭിക്കും എന്നതാണ് യാഥാര്‍ഥ്യം. ഇത് സാമ്പത്തിക, സാമൂഹിക, ശാസ്ത്ര വിദഗ്ധര്‍ നല്‍കുന്ന കണക്കാണ്. എന്നാല്‍ ഈ രംഗത്തെ ഇന്നത്തെ നമ്മുടെ മുതല്‍മുടക്ക് ആശക്ക് വക നല്‍കുന്ന വിധത്തിലല്ല. 2012-ലെ ‘നാഷനല്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍’ യോഗത്തില്‍ പങ്കെടുത്ത കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സാനിറ്റേഷന്‍ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനും നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും താമസ സ്ഥലത്തിന് പുറത്ത് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു കമ്പനി രൂപവത്കരിക്കുവാന്‍ മുന്‍കൈയെടുക്കാന്‍ ഒരു മന്ത്രിസഭാ യോഗത്തില്‍ എന്നോട് ആവശ്യപ്പെടുകയുണ്ടായി. അതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ‘’ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള’’ എന്ന പേരില്‍ പൊതു മേഖലയില്‍ ഒരു കമ്പനി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. മേല്‍പറഞ്ഞ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കു പുറമേ പൊതു ശൗച്യാലയങ്ങളെക്കുറിച്ച് നിലവിലുള്ള ധാരണ മാറ്റുന്നതിനും തനിക്ക് പിന്നാലെ പൊതു ശൗച്യാലയം ഉപയോഗിക്കാനെത്തുന്നവര്‍ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്നതിനെക്കുറിച്ചും ചിലരിലെങ്കിലും നിലനില്‍ക്കുന്ന പൊതുമുതല്‍ നശീകരണവാസന ഇല്ലാതാക്കുന്നതിനും ആവശ്യമായ ബോധവത്കരണം നടത്തുക എന്ന ചുമതലയും ഈ കമ്പനി ഏറ്റെടുത്തിരിക്കുന്നു. നഗരങ്ങളിലെയും പ്രധാന പാതകളുടെയും വശങ്ങളില്‍ ലഭ്യമായിട്ടുള്ള സര്‍ക്കാര്‍ സ്ഥലം സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള അനുയോജ്യമായ സ്ഥലത്ത് പൊതു സ്വകാര്യ പങ്കാളിത്ത (പി പി പി) ആവശ്യമായ ടോയ്‌ലറ്റ് കോംപ്ലക്‌സ് സ്ഥാപിക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. ടോയ്‌ലറ്റുകള്‍ മാത്രമായി 24 മണിക്കൂറും വൃത്തിയായും വെടിപ്പോടു കൂടിയും പരിപാലിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് ഇതിനോടു ചേര്‍ന്ന് കോഫി ഷോപ്പ്, മെമെന്റോ സെന്റര്‍, എ ടി എം, പാര്‍ക്ക്, പൂന്തോട്ടം, കാര്‍ കഴുകുന്നതിനുള്ള സൗകര്യം തുടങ്ങി ഓരോ പ്രദേശത്തിനും യോജിക്കുന്ന മറ്റ് സൗകര്യങ്ങളോടു കൂടിയ പബ്ലിക് അമിനിറ്റീസ് സെന്റര്‍ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇക്കാര്യത്തില്‍ വേള്‍ഡ് ടോയ്‌ലറ്റ് ഓര്‍ഗനൈസേഷന്‍, മറ്റു രാജ്യങ്ങളിലെ ടോയ്‌ലറ്റ് അസോസിയേഷനുകള്‍ തുടങ്ങി ലഭ്യമായ എല്ലാ സാങ്കേതിക മികവുകളും അനുഭവങ്ങളും സ്വായത്തമാക്കുന്നതിനും കമ്പനി ശ്രദ്ധിച്ചു വരുന്നു. നമ്മുടെ നാട്ടിലെ യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ വൃത്തിയും വെടിപ്പുമുള്ളതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ ആധുനിക ടോയ്‌ലറ്റുകളോടെയുള്ള പബ്ലിക് അമിനിറ്റി സെന്റര്‍ ഈ വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കി തുടങ്ങുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. ആദ്യ പദ്ധതി ദേശീയപാതയുടെ സമീപത്ത് അരൂരില്‍ തുടങ്ങുകയാണ്. നമുക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പേ പറക്കുന്ന പക്ഷിയാവാം. വേള്‍ഡ് ടോയ്‌ലറ്റ് ഡേയുടെ ഈ വര്‍ഷത്തെ പ്രമേയം അന്തസ്സും സമത്വവും എന്നതാണ്. ഈ ആശയം ഉയര്‍ത്തി നമുക്കും ഈ ദിനം സമുചിതമായി ആഘോഷിക്കാം.