Connect with us

Articles

മുല്ലപ്പെരിയാര്‍: കേരള സര്‍ക്കാറിന്റെ നിലപാടില്‍ സംശയങ്ങളുണ്ട്

Published

|

Last Updated

മുല്ലപ്പെരിയാര്‍ വിഷയത്തില്‍, കേരളം ഭരിച്ച സര്‍ക്കാറുകള്‍ എടുത്ത നിലപാടുകളും നടപടികളും എന്നും കേരള ജനതയില്‍ സംശയം തീര്‍ത്തിട്ടുണ്ട്. പ്രശ്‌നപരിഹാരം അകലെയാണെന്നതിനാല്‍ ജനങ്ങളുടെ ആശങ്കവര്‍ധിക്കുകയാണ്. സര്‍ക്കാര്‍ നിലപാടുകള്‍ പലപ്പോഴും തമിഴ്‌നാട്‌സര്‍ക്കാറിനെ സഹായിക്കുന്നതായി തീരുന്നു. വേണ്ടത് വേണ്ടസമയത്ത് ചെയ്യുന്നില്ല.സംസ്ഥാന സര്‍ക്കാറിന് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ നല്‍കാനാകുന്നില്ല. തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം നിയമപരമായും ശാസ്ത്രീയമായുംഅവരുടെ സംസ്ഥാന താത്പര്യസംരക്ഷണത്തിനുമായി അനേകം വാദമുഖങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പും അതിനുശേഷവും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് തങ്ങളുടെ ഭാഗം വിശദീകരിക്കാനുതകുന്ന വാദമുഖങ്ങള്‍ ശേഖരിക്കുന്നതില്‍ എന്നും വിജയിച്ചിട്ടുണ്ട്. കേരളം എന്നും അധികജലമുള്ള, ജലമിച്ച സംസ്ഥാനമെന്ന ഖ്യാതിയില്‍ തെളിഞ്ഞുനിന്നു.
സംസ്ഥാനത്തെ ജലഉപയോഗം വര്‍ധിച്ചതും ജലമലിനീകരണം രൂക്ഷമായതും നദികളിലെ ഒഴുക്ക് നിലച്ചതും സര്‍ക്കാര്‍ അറിഞ്ഞമട്ടില്ല.അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ശുദ്ധജലവും സ്രോതസ്സുകളും സംരക്ഷിക്കുന്നതിനോ സംസ്ഥാന താത്പര്യപ്രകാരം അന്തര്‍സംസ്ഥാന നദീ ജലം സംരക്ഷിക്കുന്നതിനോ സംസ്ഥാനം ഒരുകാലത്തും കാര്യമായ നടപടി കൈക്കൊണ്ടിട്ടില്ല. തമിഴ്‌നാട് കേരള ജലം ഊറ്റുന്നതിനെതിരെ നിയമപരമായി എന്തുകൊണ്ട് കേരളീയ സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ഇങ്ങനെ നിഷ്‌ക്രിയമായി പെരുമാറുന്നു എന്നതിന് കൃത്യമായ മറുപടിയൊന്നുമില്ലെങ്കിലും തമിഴ്‌നാട്ടില്‍ നിന്നും പല ആനുകൂല്യങ്ങളും രാഷ്ട്രീയകക്ഷികള്‍ പല ഘട്ടങ്ങളിലായി കൈപ്പറ്റിയതായി ജനങ്ങള്‍ വിശ്വസിക്കുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142അടിയാക്കി ഉയര്‍ത്തുന്നതിനെ കേരളത്തിലെ ചില പ്രാദേശിക നേതാക്കള്‍ സ്വന്തമാക്കിയിരിക്കുന്ന വനഭൂമിയില്‍ വെള്ളം കയറുമെന്ന് ഭയന്നാണ് കേരളം എതിര്‍ക്കുന്നതെന്ന മട്ടില്‍ ജയലളിത ഹിന്ദു ദിനപത്രത്തില്‍ ഫുള്‍ പേജില്‍ പരസ്യം നല്‍കിയിട്ടും കേരളം എന്തുകൊണ്ടതിന് മറുപടി നല്‍കിയില്ല? കോടതിയില്‍ കേന്ദ്ര സര്‍ക്കാറിനുവേണ്ടി ബോധിപ്പിച്ച രേഖകള്‍ തയ്യാറാക്കിയത് തമിഴ്‌നാടിന് മുന്‍ഗണനയുള്ള, ആധിപത്യമുള്ള കേന്ദ്രജല കമ്മീഷനാണ്. ഇവര്‍ പെരിയാറിലെ അധികജലം കണക്കാക്കിയതില്‍ വന്‍ വീഴ്ച ഉണ്ടാക്കിയതായി പരക്കെ പരാതി ഉണര്‍ന്നിട്ടും അടിസ്ഥാനപരമായ ഈ രേഖകളെ എന്തുകൊണ്ട് കേരളം എന്തുകൊണ്ട് വേണ്ടവിധത്തില്‍ ചോദ്യം ചെയ്തില്ല? നിഷ്പക്ഷമായി നില്‍ക്കേണ്ട കേന്ദ്ര ജല കമ്മീഷന്‍ കേസിലെ കക്ഷിയായ തമിഴ്‌നാടിന്റെ സഹായത്തോടെയാണ് ജലത്തിന്റെ ഒഴുക്കിനെ കുറിച്ചും മറ്റും പഠനം നടത്തിയത്. അവര്‍ കൈക്കൊണ്ട മാനദണ്ഡങ്ങള്‍ പലതും തെറ്റായിരുന്നു. ഇത് കേരളം എന്തുകൊണ്ട് വേണ്ടവിധം ചോദ്യം ചെയ്തില്ല? തമിഴ്‌നാടിന് അനുകൂലമായി രേഖചമയ്ക്കുവാന്‍ എന്തിനാണ് കേരളം കൂട്ടുനിന്നത്? മുല്ലപ്പെരിയാറുമായി യാതൊരു ബന്ധവുമില്ലാത്ത പെരിയാറിലെ മറ്റ പല പദ്ധതികളും പെരിയാറിലെ ജല ഉപയോഗവും തമിഴ്‌നാട് അറിഞ്ഞു മാത്രമേ ചെയ്യാവൂ എന്ന വ്യവസ്ഥ എന്തിനു പറമ്പിക്കുളം- അളിയാര്‍ കരാറില്‍ എഴുതിച്ചേര്‍ത്തു? സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തത് ചീഫ് സെക്രട്ടറിയും ജലവിഭവ സെക്രട്ടറിയും ഈ കരാരില്‍ കേരള താത്പര്യം സംരക്ഷിക്കാതെ എന്തിനു ഒപ്പിട്ടു? മുല്ലപ്പെരിയാര്‍ കേസ് കോടതിയില്‍ നടക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പരിസ്ഥിതി മന്ത്രിമാരുടെ ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന് കേരളം എന്തുകൊണ്ട് സംശയിച്ചില്ല? കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ എന്തുകൊണ്ട് കേരളം- തമിഴ്‌നാട് തര്‍ക്കത്തില്‍ ഇടപെട്ടില്ല? മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ടത് എന്തിനായിരുന്നു! തുടര്‍ന്ന് എന്ത് സംഭവിച്ചു.? മന്‍മോഹന്‍ സിംഗിനെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടുവിക്കാന്‍ കേരള സര്‍ക്കാറിന് കഴിയാതെ പോയതെന്തുകൊണ്ട്? പുതിയ ഡാമും പുതിയ കരാറും എന്ന വാദമുയര്‍ത്തി കേരള സര്‍ക്കാര്‍ എന്തിന് തമിഴ്‌നാടിനെതിരെ പ്രമേയം പാസ്സാക്കി പ്രകോപിപ്പിച്ചു? കഴിഞ്ഞ തവണ മുല്ലപ്പെരിയാറില്‍ ജലം പൊങ്ങിയപ്പോള്‍ സംസ്ഥാന ജലവിഭവ മന്ത്രി മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് വിളിച്ചു പറഞ്ഞ് ജനത്തെ പരിഭ്രാന്തരാക്കിയതെന്തിനാണ്? 142 അടി ജലം മുല്ലപ്പെരിയാര്‍ ഡാമിലെത്തിയാല്‍ ഡാം അപകടത്തിലാണെന്ന് സര്‍ക്കാറിന് എവിടെ നിന്നാണ് അറിവു ലഭിച്ചത്?
കാലപ്പഴക്കത്താല്‍ 100 അടിയിലും മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ തന്നെ പൊട്ടാമെന്നിരിക്കേ കേരളസര്‍ക്കാര്‍ ജനങ്ങളെ കുടിയൊഴിപ്പിച്ച് പ്രാദേശിക ജനതയെ പരിഭ്രാന്തരാക്കുന്നത് എന്തിനാണ്? ഒരു അണക്കെട്ട് പണിയുവാന്‍ ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും വേണമെന്നിരിക്കേ മുല്ലപ്പെരിയാറില്‍ ഇന്ന് ജലനിരപ്പ് ഉയരുന്നതിനു പകരമായി വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള പരിഹാരം നിര്‍ദേശിക്കുമ്പോള്‍ സര്‍ക്കാറിന്റെ ലക്ഷ്യം എന്തായിരുന്നു? സുപ്രീം കോടതി വിധിപ്രകാരം ന്യായമായും തമിഴ്‌നാടിന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി ആക്കാനുള്ള എല്ലാ നിയമപരമായ അവകാശവുമുണ്ട്. എന്നിട്ടും മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി ആയപ്പോള്‍ തന്നെ സര്‍ക്കാര്‍ എന്തിനാണ് ജനങ്ങളെ പരിഭ്രാന്തരാക്കും വിധം പ്രസ്താവനകള്‍ നടത്തുന്നത്?
സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. നിയമപരമായും, ശാസ്ത്രീയമായും പ്രായോഗികമായും കേരളം തമിഴ്‌നാടിന് മുന്നില്‍ തോല്‍ക്കുന്നതിനുള്ള സന്നാഹങ്ങളൊരുക്കിയതിന് ശേഷം തങ്ങള്‍ ജനങ്ങളോടൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രഹസനമായിട്ടാണ് സംസ്ഥാനസര്‍ക്കാറിന്റെ പ്രവൃത്തികളെ ജനം വിലയിരുത്തുന്നത്. തമിഴ്‌നാടിന്റെ പല ചോദ്യങ്ങള്‍ക്കും കേരളത്തിന് മറുപടിയില്ല.1979-വരെ മുല്ലപ്പെരിയാറില്‍ 152 അടി വെള്ളം നിര്‍ത്തിയിരുന്നതാണ്. 1979 ലാണ് ചോര്‍ച്ചയെ തുടര്‍ന്ന് ജലം 136 അടിയാക്കി സുപ്രീം കോടതി നിജപ്പെടുത്തിയത.് അതേ സുപ്രീം കോടതിയാണ് 142 അടിവരെ ജലം നിലനിര്‍ത്തുവാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയതും. എന്നിട്ടും 142 അടിയായി മുല്ലപ്പെരിയാറില്‍ ജലം പൊങ്ങിയപ്പോള്‍ എങ്ങനെയാണ് മുല്ലപ്പെരിയാറിന് ഭീഷണിയാകുന്നതെന്ന് തമിഴ്‌നാട് ചോദിച്ചപ്പോള്‍ കേരള സര്‍ക്കാറിന് എന്തു മറുപടിയാണുള്ളത്? 1970 ല്‍ അന്നത്തെ കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ കരാര്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കി നല്‍കുകയും തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തതല്ലേ! പിന്നെന്താണീ മുല്ലപ്പെരിയാര്‍ പ്രശ്‌നം….?

 

Latest