Connect with us

Gulf

ഇരുചക്രവാഹനങ്ങളുടെ നിയമലംഘനം; പോലീസ് നടപടി കര്‍ശനമാക്കും

Published

|

Last Updated

അബുദാബി: ഇരുചക്ര വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ പോലീസ് നടപടികള്‍ ഊര്‍ജിതമാക്കി. ഒമ്പതു മാസത്തിനിടെ രണ്ടാളുകള്‍ മരിച്ചതടക്കം നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണിത്. ഇരുചക്ര വാഹനങ്ങളുടെ 3,812 നിയമലംഘനങ്ങള്‍ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ 108 നിയമലംഘനങ്ങളും ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിനാണ്. വേഗപരിധി ലംഘിച്ച 1,250 പേരെയും ഇതിനകം പിടികൂടി. മറ്റു വാഹനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുക, അനധികൃത വഴികളിലൂടെ ഓടിക്കുക തുടങ്ങിയ കേസുകളിലാണ് മറ്റുള്ളവര്‍ പിടിക്കപ്പെട്ടത്.
പൊടുന്നനെ ലൈന്‍ മാറുക, അമിതവേഗം, ആളൊഴിയുന്നതിനു മുന്‍പു വാഹനവുമായി പ്രധാന പാതയില്‍ പ്രവേശിക്കുക, ചുവപ്പു സിഗ്നല്‍ മറികടക്കുക തുടങ്ങിയവയാണ് ഇരുചക്രവാഹനക്കാരുടെ പ്രധാന നിയമലംഘനങ്ങളെന്ന് അബുദാബിയിലെ പുറംപാതകളുടെ പട്രോളിങ് ചുമതല വഹിക്കുന്ന കേണല്‍ ഹമദ് നാസിര്‍ അല്‍ ബലൂശി അറിയിച്ചു. റോഡിന്റെ സ്വഭാവവും വേഗപരിധിയും പരിഗണിക്കാതെയാണു പലരും ഇരുചക്ര വാഹനങ്ങളില്‍ ചീറിപ്പായുന്നത്. പലപ്പോഴും മറ്റു വാഹനങ്ങളെ അപകടങ്ങളിലേക്കു തള്ളിവിട്ടാകും ഈ മരണപ്പാച്ചില്‍. അശ്രദ്ധയോടെയും നിയന്ത്രിക്കാന്‍ കഴിയാത്തവിധത്തിലുമാണ് ഇവര്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 31 വരെ 51 അപകടങ്ങള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ ഇടയായിട്ടുണ്ട്.
യുഎഇയിലെ ഫെഡറല്‍ ഗതാഗത നിയമപ്രകാരം 17 വയസ്സിനു താഴെയുള്ളവര്‍ക്ക് ഇരുചക്ര വാഹന ലൈസന്‍സ് നല്‍കില്ല. മോട്ടോര്‍ സൈക്കിളുകളുമായി നിരത്തിലിറങ്ങുന്നവര്‍ സുരക്ഷയ്ക്കായി ഹെല്‍മറ്റ് ധരിക്കണമെന്നാണു നിയമം. നമ്പര്‍പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും
അപകടമുണ്ടാക്കുന്ന വിധത്തില്‍ ഇരുചക്രമോടിച്ചാല്‍ ഇരുനൂറു ദിര്‍ഹമാണ് പിഴ. കൂടാതെ ഒരാഴ്ചത്തേക്കു വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക്മാര്‍ക്ക് പതിക്കുകയും ചെയ്യും.
ജനങ്ങള്‍ക്കു ശല്യമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നര്‍ക്കു പിഴ 500 ദിര്‍ഹമാണ്. ഈ വാഹനങ്ങള്‍ 30 ദിവസത്തേക്കു പിടിച്ചെടുക്കും. കൂടുതല്‍ അഭ്യാസപ്രകടനങ്ങള്‍ക്ക് അധികൃതരില്‍ നിന്ന് അനുമതിയില്ലാതെ എന്‍ജിനില്‍ മാറ്റംവരുത്തിയാല്‍ പിഴ 400 ദിര്‍ഹമാണ്. മരുഭൂമിയില്‍ ഓടിക്കാനുള്ള ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ പാര്‍പ്പിട മേഖലകളിലും പൊതുനിരത്തുകളിലും വ്യവസായ മേഖലകളിലും ഇറക്കുന്നതിനു വിലക്കുണ്ട്.
സൈനിക ക്യാംപുകള്‍ക്കു സമീപവും കാര്‍ഷിക സ്ഥലങ്ങളിലും മുന്നറിയിപ്പു ബോര്‍ഡുകള്‍ വച്ചു വിലക്കിയ സ്ഥലങ്ങളിലും ഇത്തരം വാഹനങ്ങള്‍ ഇറക്കരുതെന്നാണ് നിര്‍ദേശം. അല്‍ വസ്ബ, അല്‍ ഫലാഹ് മേഖലകളെപ്പോലെ ജനവാസമില്ലാത്ത സ്ഥലങ്ങളിലാണ് മരുവാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുള്ളതെന്നും അല്‍ ബലൂശി സൂചിപ്പിച്ചു.