ചാരക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബി മാത്യൂസ് അപ്പീല്‍ നല്‍കും

Posted on: November 18, 2014 1:29 pm | Last updated: November 19, 2014 at 1:30 am

Sibi mathewതിരുവനന്തപുരം: ഐസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം തലവനായിരുന്ന സിബി മാത്യൂസ് അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ തീരുമാനം കാത്തു നില്‍ക്കാതെ ഈ മാസം 30നുള്ളില്‍ അപ്പീല്‍ നല്‍കും. ആരുടെയെങ്കിലും നടപടിക്ക് ബലിയാടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനം ചെയ്തത് മാത്രമാണെന്നും സിബി മാത്യൂസ് പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് അന്വേഷിച്ച സംഘാംഗങ്ങളായിരുന്ന സിബി മാത്യൂസ്, ഡിവൈഎസ്പി കെ കെ ജോഷ്വോ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ശാസ്ത്രജ്ഞന്‍ മ്പി നാരായണന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. നടപടിയുടെ കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ സര്‍ക്കാറിന് കോടതി മൂന്ന് മാസത്തെ സമയവും നല്‍കി. എന്നാല്‍ സര്‍ക്കാര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് കോടതിയെ സമീപിക്കാന്‍ സിബി മാത്യൂസ് തീരുമാനിച്ചത്.