ദ്വാരകയിലെ അനാഥാലയ നടത്തിപ്പില്‍ ദുരൂഹതകളെന്ന് ആരോപണം

Posted on: November 18, 2014 11:18 am | Last updated: November 18, 2014 at 11:18 am

മാനന്തവാടി: ദ്വാരകയിലെ അനാഥാലയ നടത്തിപ്പില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നതായി ആരോപണം. ഇന്നലെ നാല് കുട്ടികള്‍ ഒളിച്ചുപോയ ദ്വാരകയില ട്രസ്റ്റിന് കീഴിലുള്ള അനാഥാലയത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് നിറയെ ആരോപണങ്ങളുയരുന്നത്. സ്‌നേഹാശ്രമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് ഈ ബാലഭവനം രജിസ്റ്റര്‍ ചെയ്തതായി പറയപ്പെടുന്നത്. ഏതാനും വര്‍ഷം മുമ്പുവരെ പ്രവര്‍ത്തിച്ചതായും എന്നാല്‍ കുട്ടികള്ളില്ലാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഈ വര്‍ഷം പുതുതായി വീണ്ടും തുടങ്ങിയതാണെന്നും നടത്തിപ്പുകാരന്‍ പറയുന്നു. ആകെയുള്ള ഒമ്പത് കുട്ടികളില്‍ രണ്ടുപേര്‍ ഒരു മാസം മുമ്പ് എര്‍ണാകുളത്ത് നിന്നും എത്തിച്ച പെണ്‍കുട്ടികളാണ്. ഏഴ് ആണ്‍കുട്ടികളോടൊപ്പം തന്നെയാണ് പെണ്‍കുട്ടികളെയും താമസിപ്പിക്കുന്നത്. ഈ കുട്ടികളെ സംബന്ധിച്ച് കൃത്യമായ രേഖകളോ വിലാസമോ നടത്തിപ്പുകാരുടെ കൈവശമില്ല. ഇവരുടെ പേര് മുസ്‌ലിം നാമമാണെങ്കിലും ഇന്നലെ വെള്ളമുണ്ടയില്‍നിന്ന് കുട്ടികളെ കണ്ടെത്തുമ്പോള്‍ നാലുപേരുടെയും കഴുത്തില്‍ മതചിഹ്നമുണ്ടായിരുന്നു. ഇതിനു പുറമെ എട്ടും പന്ത്രണ്ടും വയസ്സുള്ള ഈ രണ്ടു പെണ്‍കുട്ടികളെയും ഇതുവരെയും സ്‌ക്ൂളില്‍ പറഞ്ഞയച്ചിട്ടുമില്ല. ഒളിച്ചോടിയ മറ്റു രണ്ടുകുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഈ അനാഥാലയത്തിലെത്തിച്ചതെന്നാണ് നടത്തിപ്പുകാരന്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാറിന് കീഴില്‍ കണിയാമ്പറ്റയില്‍ ബാലമന്ദിരം ഉണ്ടെന്നിരിക്കെ ഇവരെ എന്തിന് ദ്വാരകയിലെ സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള ബാലമന്ദിരത്തില്‍ ഏല്‍പ്പിച്ചുവെന്നത് ദുരൂഹമാണ്. രാവിലെ ആറിന് കാണാതായ കുട്ടികളെ കുറിച്ച് 11.30ന് മാനന്തവാടി പോലിസില്‍ നടത്തിപ്പുകാരന്‍ പരാതി നല്‍കിയെങ്കിലും വൈകുന്നേരം ആറുവരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കുട്ടികളെ കാണാനോ സംസാരിക്കാനോ മാധ്യമ പ്രവര്‍ത്തകരെ പോലും പോലിസ് അനുവദിച്ചതുമില്ല. രാത്രി എട്ടോടെയാണ് മജിസ്‌ട്രേറ്റിന് മുമ്പില്‍ കുട്ടികളെ ഹാജരാക്കി ചൈല്‍ഡ് ലൈനില്‍ വിട്ടത്.