പട്ടയഭൂമികളുടെ നിയന്ത്രണം കര്‍ശനമാക്കുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി

Posted on: November 18, 2014 11:14 am | Last updated: November 18, 2014 at 11:14 am

ഗൂഡല്ലൂര്‍: പട്ടയഭൂമികളുടെ നിയന്ത്രണം കര്‍ശനമാക്കുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി ഗൂഡല്ലൂര്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. പട്ടയഭൂമികളുടെ രജിസ്‌ട്രേഷന്‍ ഉടന്‍ പുവസ്ഥാപിക്കുക, രജിസ്‌ട്രേഷന് അപേക്ഷിക്കുന്നവരുടെ അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കുക, രജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ എടുത്ത് കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സ്വാദിഖ് ബാബു അധ്യക്ഷതവഹിച്ചു. അഹ്മദ് യാസീന്‍ ഉദ്ഘാടനം ചെയ്തു. അബൂത്വാഹിര്‍, എം കെ മുരുകന്‍, പൈതമിഴ് ഭാരതി, പ്രകാശ്, കേപ്പീശ്വരന്‍, എച്ച് നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. തമിഴ്‌നാട് സ്വകാര്യ വനസംരക്ഷണ (ടി എന്‍ പി പി എഫ്) നിയമത്തിന്റെ മറവില്‍ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങളെ കഴിഞ്ഞ അഞ്ച് വര്‍ഷമായി പീഡിപ്പിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 17ന് ഗൂഡല്ലൂര്‍ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ ധര്‍ണ നടക്കും. 2009ല്‍ അന്നത്തെ ജില്ലാകലക്ടര്‍ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ ജനദ്രോഹപരമായി പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി വനംവകുപ്പും, റവന്യുവകുപ്പും, ജില്ലാഭരണകൂടവും ചേര്‍ന്ന് ജനങ്ങളെ കഷ്ടപ്പെടുത്തികൊണ്ടിരിക്കുകയാണ്.