വായനക്കാരെ കാത്ത് പുസ്തകങ്ങള്‍ ചിതലരിക്കുന്നു

Posted on: November 18, 2014 9:46 am | Last updated: November 18, 2014 at 9:46 am

താമരശ്ശേരി: അടിവാരം പ്രദേശത്തെ അക്ഷരവെളിച്ചമായിരുന്ന പബ്ലിക് ലൈബ്രറി അധികൃതരുടെ അനാസ്ഥകാരണം നാശത്തിന്റെ വക്കില്‍. രണ്ടര വര്‍ഷം മുമ്പ് അധികൃതര്‍ അടച്ചു പൂട്ടിയ പബ്ലിക് ലൈബ്രറിയിലെ ആയിരക്കണക്കിനു പുസ്തകങ്ങള്‍ ചിതലരിച്ചു തീരുകയാണ്.
അടിവാരം അങ്ങാടിക്ക് സമീപം സ്വന്തമായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി സി കണാരന്‍ സ്മാരക ലൈബ്രറി ഇപ്പോള്‍ ആരോഗ്യ ഉപകേന്ദ്രത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ആരോഗ്യ ഉപ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കാനായി പണം വകയിരുത്തിയിരിക്കുന്നുവെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും താത്കാലികമായി ലൈബ്രറിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
140 സ്ഥിരം അംഗങ്ങളുള്ള ലൈബ്രറിയില്‍ പത്ര മാസികകള്‍ വായിക്കാനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിത്യ സന്ദര്‍ശകരാരുന്നു. ലൈബ്രറി ഏറ്റെടുത്ത് നടത്താമെന്ന് അറിയിച്ചുകൊണ്ട് സാംസ്‌കാരിക സംഘടന ഭാരവാഹികള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കിയെങ്കിലും ഇത് ഭരണസമിതി യോഗത്തില്‍ വായിക്കുക പോലും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.