ഫേസ്ബുക്ക് വഴി തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Posted on: November 18, 2014 5:41 am | Last updated: November 17, 2014 at 11:42 pm

മഞ്ചേരി: ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് യുവതിയുടെ പണം തട്ടിയെടുത്ത കൊല്ലം സ്വദേശിയായ യുവാവിനെ മഞ്ചേരി എസ് ഐയും സംഘവും അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂര്‍ എളമ്പാല്‍ വയലിറക്കത്തില്‍ സനല്‍കുമാറി (37)നെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കാരാപറമ്പ് സ്വദേശിനിയും മംഗലാപുരം സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 2014 ജനുവരി മാസത്തിലാണ് തട്ടിപ്പ്. ഫേസ് ബുക്കിലൂടെ പരിചയം സ്ഥാപിച്ച യുവതിയുമായി പിന്നീട് മൊബൈല്‍ ഫോണിലൂടെയായി സംസാരം. ഇത് പ്രണയത്തിന് വഴിമാറിയതോടെ യുവതിയുടെ വിവിധ പോസിലുള്ള ഫോട്ടോകള്‍ പ്രതി കൈക്കലാക്കി. ഇത് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. 10,000 രൂപ ബേങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയ പ്രതി വീണ്ടും ആഭരണങ്ങളും പണവും ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. നിര്‍ധന കുടുംബത്തില്‍പെട്ട യുവതി പണം കണ്ടെത്താനാകാതെ വന്നപ്പോള്‍ പ്രതിയുടെ പ്രേരണ പ്രകാരം സഹജോലിക്കാരുടെ നമ്പര്‍ സംഘടിപ്പിച്ചു നല്‍കിയിരുന്നു. ഇവര്‍ക്കും ഭീഷണി ഫോണ്‍ വന്നതോടെയാണ് തട്ടിപ്പിനിരയായ യുവതി പോലീസില്‍ പരാതി നല്‍കിയത്.
ബേങ്ക് അക്കൗണ്ട് നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. പ്രതിയുടെ പേരില്‍ പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ അടിപിടി കേസും ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസും നിലവിലുണ്ട്. മഞ്ചേരി എസ് ഐ സി കെ നാസര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ അസൈനാര്‍, ഷാജഹാന്‍ കൊല്ലം എന്നിവരുടെ നേതൃത്വത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പുനലൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.