Connect with us

Kollam

സിറാജ് വാര്‍ത്ത തുണയായി; നൗഷാദിനും കുടുംബത്തിനും തലചായ്ക്കാന്‍ കൂരയായി

Published

|

Last Updated

ചവറ ( കൊല്ലം):: ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് ദുരിത ജീവിതത്തിന് നടുവില്‍ കഴിയുന്ന നൗഷാദിനും കുടുംബത്തിനും സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായി. ഏറെ കഷ്ടതകളില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന നൗഷാദിനും കുടുംബത്തിനും എസ് വൈ എസ്, എസ് എസ് എഫ് കൊട്ടുകാട് യൂനിറ്റ് കമ്മിറ്റിയും പ്രവാസികളും ചേര്‍ന്നാണ് വീട് നിര്‍മിച്ചു നല്‍കിയത്.

പണിപൂര്‍ത്തിയായ വീടിന്റെ താക്കോല്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയും ചേര്‍ന്ന് കൈമാറി. വൃക്കകള്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒന്നരവര്‍ഷമായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന നൗഷാദിന്റെ നൊമ്പര ജീവിതം സിറാജ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത കണ്ട് കൊട്ടുകാട്ടിലെ എസ് എസ് എഫ്, എസ് വൈ എസ് പ്രവര്‍ത്തകര്‍ സഹായവുമായെത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ സ്വദേശത്ത് നിന്നും വിദേശത്ത് പ്രവാസികളില്‍ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് വീട് നിര്‍മിച്ച് നല്‍കുകയായിരുന്നു.
എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് ഒരുക്കിയത്. സ്വന്തമായൊരു വീടില്ലാതിരുന്നതിനാല്‍ രോഗിയായ നൗഷാദും ഭാര്യയും പറക്കമുറ്റാത്ത മൂന്ന് മക്കളും അടങ്ങുന്ന കുടുംബം ഭാര്യാമാതാവിന്റെ പേരിലുള്ള ഒരു കുടിലിലായിരുന്നു താമസിച്ച് വന്നിരുന്നത്. കൂലിവേലയെടുത്ത് കുടുംബം പോറ്റിയിരുന്ന നൗഷാദ് ഇപ്പോള്‍ മാസത്തില്‍ എട്ട് തവണയാണ് ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നത്. വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി സിറാജ് കൊട്ടുകാട്, എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി അബ്ദുല്‍ ജലീല്‍, വൈ നൗഷാദ്, മുഹമ്മദ് ഇദ്‌രീസ് സംബന്ധിച്ചു.