റെയില്‍വെ ജനറല്‍മാനേജറുടെ മിന്നല്‍ പരിശോധന

Posted on: November 18, 2014 12:48 am | Last updated: November 17, 2014 at 10:48 pm

കാസര്‍കോട്: സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും സംഘവും മംഗളൂരു മുതല്‍ കണ്ണൂര്‍ വരെയുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചു. ചെന്നൈ സതേണ്‍ റെയില്‍വേ മാനേജര്‍ രാകേഷ് മിശ്ര, ഡിവിഷണല്‍ മാനേജര്‍ ആനന്ദ് പ്രകാശ്, കൊമേഴ്‌സ്യല്‍ മാനേജര്‍ ടി എ ധനഞ്ജയന്‍, കൊമേഴ്‌സ്യല്‍ സെക്യൂരിറ്റി ചീഫ് മോഹനന്‍, ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ഐ ജി ജോണ്‍സണ്‍, സീനിയര്‍ എന്‍ജിനീയര്‍, കൊമേഴ്‌സിയര്‍ എന്‍ജിനീയര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍, ഓപ്പറേറ്റിംഗ് മാനേജര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
മംഗളൂരുവില്‍നിന്നും പ്രത്യേക ട്രെയിനിലാണ് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തിയത്. മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ പരിശോധനയ്ക്കുശേഷം ഇന്നലെ രാവിലെ 9.30 മണിയോടെയാണ് സംഘം കാസര്‍കോട്ടെത്തിയത്. മംഗളൂരുവില്‍നിന്നും പ്രത്യേക ട്രെയിനിലാണ് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തിയത്.
കാസര്‍കോട്ട് 45 മിനുട്ടോളം ജനറല്‍ മാനേജരും സംഘവും പരിശോധന നടത്തി. പ്ലാറ്റ്‌ഫോം, ട്രാക്കുകള്‍, കാന്റീന്‍, റെയില്‍വേ ക്വാര്‍ട്ടേഴ്‌സ്, പാര്‍ക്കിംഗ് ഏരിയ, ഓഫീസ്, വിശ്രമ കേന്ദ്രം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കാസര്‍കോടിന് പുറമെ മണ്ഡലത്തിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളായ കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ജനറല്‍ മാനേജര്‍ തയ്യാറായില്ല.
അതിനിടെ, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരുടെ പരിശോധനയില്‍നിന്നും എം പി വിട്ടുനിന്നത് ചര്‍ച്ചാവിഷയമായിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ റെയില്‍വേ വികസന കാര്യത്തില്‍ എം പിയുടെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ നടക്കുന്നില്ലെന്ന പരാതി ശക്തമാകുന്നതിനിടെയാണ് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്രയും ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ റെയില്‍വേ സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കുമ്പോള്‍ മണ്ഡലത്തിലെ ജനപ്രതിനിധി എന്നനിലയില്‍ എം പി സ്ഥലത്തെത്താതിരുന്നത്.
റെയില്‍വേ സ്‌റ്റേഷനുകളുടെ അവസ്ഥ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്താനുള്ള അവസരമായിരുന്നു എം പിക്ക് ഉണ്ടായിരുന്നത്. ഇത് എം പി പ്രയോജനപ്പെടുത്താതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. മുസ്‌ലിംലീഗ്, ബി ജെ പി നേതാക്കള്‍ എം പി എത്താത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
ഡല്‍ഹിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പാര്‍ലമെന്ററി കാര്യ വിഭാഗവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്താതിരുന്നതെന്നും ഇക്കാര്യം സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരെ നേരത്തെ തന്നെ അറിയിച്ചിരുന്നതായുമാണ് എം പി പറയുന്നത്.
റെയില്‍വേ വികസനം സംബന്ധിച്ച് പി കരുണാകരന്‍ എം പി റെയില്‍വേ മന്ത്രിക്ക് വികസനരേഖ സമര്‍പ്പിച്ചതായാണ് പറയുന്നത്. റെയില്‍വേ രംഗത്ത് കാസര്‍കോടിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതാണ് വികസന രേഖയെന്നും എം പി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിവേദനങ്ങളും റിപ്പോര്‍ട്ടുകളും കൊണ്ടു മാത്രം ബജറ്റില്‍ ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരാണ് ഇതിന് കീഴിലുള്ള സ്‌റ്റേഷനുകളുടേയെല്ലാം വികസനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അദ്ദേഹം നേരിട്ട് പരിശോധനയ്‌ക്കെത്തുമ്പോള്‍ ഒപ്പം എം പിയും ഉണ്ടായിരുന്നെങ്കില്‍ അത് കൂടുതല്‍ പ്രയോജനപ്പെടുമായിരുന്നുവെന്ന വാദം നിലനില്‍ക്കുന്നുണ്ട്.
എം പിക്ക് അസൗകര്യമുണ്ടായിരുന്നുവെങ്കില്‍ ജനറല്‍ മാനേജരുടെ സന്ദര്‍ശനം മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നാണ് പ്രതിഷേധം പ്രകടിപ്പിക്കുന്നവര്‍ പറയുന്നത്. കാസര്‍കോട് എം പി ഇക്കാര്യത്തില്‍ കാണിച്ച സമീപനമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കാസര്‍കോട്ടെ റെയില്‍വേ വികസന കാര്യം ജനറല്‍ മാനേജറുടെ ശ്രദ്ധയില്‍പെടുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി മാത്രമാണ് എത്തിയത്.
മാര്‍ച്ചില്‍ റെയില്‍വേ ബജറ്റ് നടക്കാനിരിക്കെ ഇതിന്റെ മുന്നോടിയായിട്ടാണ് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും സംഘവും റെയില്‍വേ സ്‌റ്റേഷനുകള്‍ പരിശോധനയ്‌ക്കെത്തിയത്.