International
ഇസില്‍: നിരീക്ഷണം ശക്തമാക്കി മലേഷ്യ

ക്വാലാലംപൂര്‍: ഇസിലിനോടൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ രാജ്യത്തേക്ക് തിരിച്ചുവരുന്നത് നിരീക്ഷിക്കാന്‍ മലേഷ്യ പരിശോധന ശക്തമാക്കി. രാജ്യത്ത് ഇസ് തീവ്രവാദികളുടെ ആശയം പ്രചരിപ്പിക്കാന്‍ പദ്ധതിയിട്ടാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. തീവ്രവാദികളുടെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതരുമായി പങ്കുവെച്ച് നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി വാന്‍ ജൂനൈദി വാന്‍ ജഅ്ഫര്‍ പറഞ്ഞു.
തീവ്രവാദികള്‍ എത്തുന്നത് രാജ്യത്ത് കീഴടങ്ങാന്‍ വേണ്ടിയല്ലെന്നും അവരുടെ വിഷലിപ്തമായ ആശയ പ്രചാരണത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് വിഭാഗത്തിന് ഇവരെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വാന്‍ പാര്‍ലിമെന്റില്‍ പറഞ്ഞു. ഇതുവരെ 39 മലേഷ്യന്‍ പൗരന്‍മാരാണ് ഇസില്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതെന്നാണ് വിവരം. എന്നാല്‍, ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇറാഖിലെയും സിറിയയിലെയും വിശാലമായ ഭൂപ്രദേശങ്ങള്‍ കീഴടക്കിയ ഇസില്‍ തീവ്രവാദികള്‍ അല്‍ഖാഇദ തീവ്രവാദികളില്‍ നിന്ന് വേര്‍പിരിഞ്ഞവരാണ്.