Connect with us

Kerala

പിഎസ് സി നിയമന തട്ടിപ്പ്: പ്രതിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വയനാട് നിയമനത്തട്ടിപ്പിലെ മുഖ്യപ്രതി അഭിലാഷ് എസ് പിള്ളയെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുക്കുന്നു. അഭിലാഷിന് വയനാട്, കൊല്ലം ജില്ലകള്‍ ഒഴിച്ച് മറ്റേതെങ്കിലും സ്ഥലങ്ങളില്‍ നിയമനം നല്‍കാനാണ് നീക്കം. വയനാട് കലക്ടറേറ്റിലെ എ വണ്‍ സെക്ഷന്‍ ക്ലര്‍ക്കായിരുന്നു അഭിലാഷ് എസ് പിള്ള. നിയമനതട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയാണ് അദ്ദേഹം. ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഈ കേസില്‍ വിജിലന്‍സിന് ഇതുവരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് പരിഗണിച്ചാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. രണ്ട് മാസം മുമ്പ് നടന്ന സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയില്‍ അഭിലാഷ് എസ്. പിള്ളയുടെ വിഷയം പരിഗണിച്ചിരുന്നു. പൊതുജനസമ്പര്‍ക്കം തീരെ കുറഞ്ഞ തസ്തികയില്‍ നിയമനം നല്‍കാമെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അഭിലാഷ് എസ് പിള്ളയെ തിരിച്ചെടുക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അഭിലാഷ് എസ് പിള്ളയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്യും.
2010ലാണ് വയനാട് നിയമനത്തട്ടിപ്പ് പുറത്തുവന്നത്. 2010 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ അഭിലാഷ് എസ് പിള്ളയുടെ നേതൃത്വത്തില്‍ വ്യാജനിയമനം നല്‍കിയെന്നാണ് കേസ്. മുന്‍ വയനാട് എ ഡി എം കെ വിജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ പ്രഭാവതി, മുന്‍ കലക്ടര്‍ ടി ഭാസ്‌ക്കരന്‍ എന്നിവര്‍ ഉള്‍പ്പെടെ 23 പേര്‍ കേസിലെ പ്രതികളാണ്. ശരിയായ പരിശോധന നടത്താതെ വ്യാജന്‍മാരുടെ നിയമന ഫയലുകളില്‍ ഒപ്പിട്ടുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അഭിലാഷ് എസ് പിള്ള തയാറാക്കിയ വ്യാജരേഖകള്‍ ഇവ നിര്‍മിക്കാനുപയോഗിച്ച കമ്പ്യൂട്ടര്‍ തുടങ്ങിയവ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഫയലുകളിലെ കയ്യക്ഷരവും ഒപ്പും പ്രതികളുടേതാണെന്നു തെളിയിക്കാന്‍ വിജിലന്‍സ് സംഘം ഇവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല.
നിയമനതട്ടിപ്പ് കേസില്‍ നിലമ്പൂര്‍ എടക്കര കറുത്തേടത്ത് വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. വ്യാജനിയമനം നേടിയ കെ വി ശംസീറയുടെ ഭര്‍ത്താവാണിയാള്‍. വിദേശത്ത് കഴിയുന്ന ഇയാള്‍ക്കു വേണ്ടി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ശംസീറക്കു വ്യാജ നിയമനം ലഭിക്കാന്‍ അഭിലാഷ് എസ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതും പണം നല്‍കിയതും മുഹമ്മദ് അഷ്‌റഫായിരുന്നു.