Connect with us

Gulf

പ്രമേഹം: കാല്‍ മുറിച്ചു മാറ്റപ്പെടുന്ന കേസുകള്‍ വര്‍ധിക്കുന്നു

Published

|

Last Updated

അബുദാബി: പ്രമേഹം മൂലം കാല്‍ മുറിച്ചു മാറ്റപ്പെടേണ്ടുന്ന കേസുകള്‍ മേഖലയില്‍ വര്‍ധിക്കുന്നതായി ഈ രംഗത്തെ വിദഗ്ധയായ ബ്രിട്ടീഷ് ഡോക്ടര്‍. അബുദാബി ഹെല്‍ത് പോയന്റിലെ പോഡിയാട്രി സര്‍വീസ് ഹെഡ് സൂസണ്‍ ടുല്ലെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കേസുകള്‍ ചികിത്സിക്കാന്‍ പ്രാപ്തരായ എട്ടു മുഴുസമയ, പാദങ്ങള്‍ക്ക് ചികിത്സ നടത്തുന്ന ഡോക്ടര്‍മാരും രണ്ട് പാര്‍ട്ട് ടൈം ഡോക്ടര്‍മാരുമാണ് യു എ ഇയിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം 200 ഡോക്ടര്‍മാര്‍ വേണ്ടിടത്താണ് ഇത്രയും ചെറിയ സംഘം ഡോക്ടര്‍മാര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.
പ്രമേഹം രൂക്ഷമാവുന്ന കേസുകളിലാണ് കാല്‍ മുറിച്ചു കളയേണ്ടി വരുന്നത്. ഇത് അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയാണ്. പ്രമേഹം പ്രധാനമായും കണ്ണുകള്‍, പാദം, വൃക്ക എന്നിവയെയാണ് ബാധിക്കുന്നതെന്നും കഴിഞ്ഞ 20 വര്‍ഷമായി മധ്യപൗരസ്ത്യ ദേശത്ത് പ്രമേഹ രോഗികളില്‍ കാല്‍ മുറിച്ചു മാറ്റല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്ന ഇവര്‍ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ കണ്ണും വൃക്കയും പരിഗണിക്കപ്പെടുമ്പോള്‍ പാദങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്നതാണ് കണ്ടുവരുന്നത്. കാലിന് പ്രമേഹവുമായി ബന്ധപ്പെട്ട് പഴുപ്പ് ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ കാല്‍ മുറിച്ചു മാറ്റപ്പെടുമോയെന്ന ഭയത്താല്‍ ആശുപത്രിയില്‍ വരാന്‍ രോഗികള്‍ ഭയക്കുകയാണ്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് കണ്ടുവരുന്നത്.
ഓരോ 20 സെക്കന്റിലും ലോകത്ത് പ്രമേഹം മൂലം ഒരു രോഗിയുടെ പാദം മുറിച്ചുമാറ്റപ്പെടുന്നുണ്ട്. ഇത് പ്രമേഹം എത്രത്തോളം മാരകമായ ഒരു രോഗമാണെന്നാണ് സൂചിപ്പിക്കുന്നത്. പ്രമേഹ രോഗികളില്‍ കാലില്‍ മുറിവ് ഉണങ്ങാതെ വൃണമായി രൂപാന്തരപ്പെട്ടാണ് പാദം മുറിച്ചു മാറ്റേണ്ടുന്ന സ്ഥിതിയിലേക്ക് എത്തുന്നത്. പലപ്പോഴും രോഗമുള്ളവര്‍ ഇതിനെ ഗൗരവത്തോടെ കാണാറില്ല. കണ്ണിന് പ്രമേഹം വരുത്തുന്ന കാഴ്ചക്കുറവും രോഗത്താല്‍ ഞരമ്പുകളുടെ സംവേദനക്ഷമത കുറയുന്നതുമാണ് തുടക്കത്തില്‍ ഇവ ശ്രദ്ധയില്‍പെടാതിരിക്കാന്‍ ഇടയാക്കുന്നത്. ഞരമ്പുകള്‍ക്ക് നാശം സംഭവിക്കുന്നതാണ് വേദന തലച്ചോറിലേക്ക് എത്തുന്നതിന് തടസമാവുന്നത്. മുറിവില്‍ നിന്നു ദുര്‍ഗന്ധം പരക്കുകയോ രക്തം പുറത്തുവരികയോ ചെയ്യുന്ന അവസരത്തിലാണ് പ്രമേഹ രോഗികളില്‍ പലരും സംഭവത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുക.
പ്രമേഹരോഗികളില്‍ കാണുന്ന പാദത്തിലെ പുണ്ണിന് ഇടയാക്കുന്നതില്‍ പകുതിയും പഴുപ്പാണ്. ഇത്തരം കേസുകളില്‍ അഞ്ചില്‍ ഒന്നിന് കാല്‍ മുറിച്ചു മാറ്റുകയേ നിര്‍വാഹമുള്ളൂ. അല്ലാത്തപക്ഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പഴുപ്പ് പടര്‍ന്നേക്കും. ഇത്തരക്കാരില്‍ രോഗത്തിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് കാല്‍ വിരലുകളോ, മുട്ടിന് താഴെയോ മുറിച്ചു മാറ്റേണ്ടി വരും. ഇത്തരം രോഗാവസ്ഥ നേരത്തെ അറിയാന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നും പ്രമേഹ രോഗികള്‍ കാല്‍ വിരലുകളില്‍ അസാധാരണമായ വേദനയോ, നിറ വ്യത്യാസമോ മറ്റോ സംഭവിക്കുന്ന പക്ഷം വിദഗ്ധ ചികിത്സക്ക് വിധേയമായാല്‍ രോഗം നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിച്ച് സുഖപ്പെടുത്താനും സാധിക്കുമെന്നും സൂസണ്‍ ടുല്ലെ പറഞ്ഞു.