പുസ്തകമേളക്കെത്തിയത് 14.7ലക്ഷം പേര്‍; 4.8 കോടി ഡോളറിന്റെ വരുമാനം

Posted on: November 17, 2014 4:30 pm | Last updated: November 17, 2014 at 4:30 pm

Cookeryഷാര്‍ജ:14.7 ലക്ഷം സന്ദര്‍ശകരാണ് ഈ വര്‍ഷത്തെ രാജ്യാന്തര പുസ്തകമേളക്കെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. 4.8 കോടി ഡോളറിന്റെ വരുമാനമാണ് പുസ്തകമേളക്ക് ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ മേളയാണ് കഴിഞ്ഞതെന്ന് ഡയറക്ടര്‍ അഹമ്മദ് റകാദ് അല്‍ ആമിരി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പത്തു ലക്ഷം പേരാണ് എത്തിയത്. ഇത്തവണ ആദ്യമൂന്നു ദിവസം കൊണ്ടുതന്നെ അഞ്ചുലക്ഷം പേര്‍ പുസ്തകമേള സന്ദര്‍ശിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. അവസാന ദിവസം കനത്ത തിരക്കായിരുന്നു-ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. 45 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 450 മാധ്യമ പ്രവര്‍ത്തകര്‍ എത്തി. 350 വിദ്യാലയങ്ങളില്‍ നിന്ന് 46,000 വിദ്യാര്‍ഥികളും മേളക്കെത്തി.
ഓരോരുത്തര്‍ക്കും ഓരോ പുസ്തകം എന്ന പ്രമേയത്തിലായിരുന്നു മേള. പകുതിയിലേറെപേര്‍ ഒരു പുസ്തകമെങ്കിലും വിലകൊടുത്തുവാങ്ങി. മലയാള പുസ്തകങ്ങള്‍ വന്‍തോതില്‍ വിറ്റുപോയി. കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലാണ് ഏറ്റവും വിറ്റഴിക്കപ്പെട്ടതെന്ന് ഡി സി ബുക്‌സ് അധികൃതര്‍ പറഞ്ഞു.
59 രാജ്യങ്ങളില്‍ നിന്ന് 1256 പ്രസാധകരാണ് ലക്ഷക്കണക്കിന് പുസ്തകങ്ങളുമായി എത്തിയത്. പുസ്തകപ്രകാശനം, കവിയരങ്ങ്, പൊതുസമ്മേളനം, വിദ്യാര്‍ഥികളുടെ പരിപാടി, ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രശ്‌നോത്തരി, പാചക പ്രദര്‍ശനം എന്നിവയുള്‍പ്പെടെ 750 പരിപാടികള്‍ അരങ്ങേറി. കുട്ടികളുടേതടക്കം ലോകപ്രശസ്തമായ പുസ്തകങ്ങള്‍ വിലക്കുറവില്‍ ലഭ്യമായി. യഥേഷ്ടം തിരഞ്ഞെടുക്കാനും എഴുത്തുകാരെ കാണാനും പരിചയപ്പെടാനും കേള്‍ക്കാനും കൈയൊപ്പിട്ട പുസ്തകങ്ങള്‍ സ്വന്തമാക്കാനുമുള്ള അപൂര്‍വാവസരമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ധാരാളം കുടുംബ സമേതം സന്ദര്‍ശകരെത്തിച്ചേര്‍ന്നു.
ഡാന്‍ ബ്രൗണ്‍, ജോണ്‍ ബട്ടന്‍, ചേതന്‍ ഭഗത്, കെ ആര്‍ മീര എന്നിവരായിരുന്നു ഇപ്രാവശ്യത്തെ ശ്രദ്ധേയരായ സാഹിത്യകാരന്മാര്‍. മലയാളത്തില്‍ നിന്നു സേതു, കെ ജി ശങ്കരപ്പിള്ള, വി മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, എം പി വീരേന്ദ്രകുമാര്‍, കുരീപ്പുഴ ശ്രീകുമാര്‍, പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, പി പി രാമചന്ദ്രന്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, വാണിദാസ് എളയാവൂര്‍ എന്നിവരും ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരായ ശശി തരൂര്‍, അമിതാവ് ഘോഷ്, ശിവ് ഖേര, രശ്മി ബന്‍സാല്‍, അമിഷ് ത്രിപാഠി, രാജേന്ദ്ര ഉപാധ്യായ, പ്രഫ.വിനോദ് ജോഷി, ഡോ. ശ്രീനിവാസ റാവു എന്നിവരുമടക്കം ഇന്ത്യയില്‍ നിന്ന് 30ലേറെ പേര്‍ സംബന്ധിച്ചു.
മാധ്യമ വിദഗ്ധന്‍ ശശികുമാര്‍, ഗായകന്‍ ജി വേണുഗാപാല്‍, പാചക വിദഗ്ധരായ ലക്ഷ്മിനായര്‍, അനില്‍കുമാര്‍ എന്നിവരുടെ പരിപാടികളുമുണ്ടായിരുന്നു. പൊതുപരിപാടികളിലും വിദ്യാര്‍ഥികളുമായുള്ള സംവാദങ്ങളിലും ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ പങ്കെടുത്തു. മുപ്പത് ശതമാനത്തിലേറെ വിലക്കിഴിവിലായിരുന്നു ഇന്ത്യന്‍ പവലിയനില്‍ പുസ്തകങ്ങള്‍ ലഭ്യമായത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങളുമായി ആയിരക്കണക്കിന് പ്രസാധകര്‍ സജീവ സാന്നിധ്യമറിയിച്ചു. കേരളത്തില്‍ നിന്നുള്ള പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സ്, മാതൃഭൂമി, ഒലിവ്, ഗ്രീന്‍, കൈരളി, ലിപി, ചിന്ത, സിറാജ്, ഐപിഎച്ച്, രിസാല എന്നിവരുള്‍പെടെ ഇന്ത്യയില്‍ നിന്ന് നൂറോളം പ്രസാധകര്‍ അല്‍ തആവുനിലെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ അണിനിരന്നു.