ആഷിഖ് യുവ സമൂഹത്തിനൊരു വഴികാട്ടി

Posted on: November 17, 2014 12:22 pm | Last updated: November 17, 2014 at 12:22 pm

വടക്കഞ്ചേരി: വളര്‍ന്ന് വരുന്ന യൂവസമൂഹം വഴി തെറ്റി സഞ്ചരിക്കുന്ന കാലഘട്ടത്ത് അവര്‍ക്ക് മുന്നില്‍ മാതൃകയായി മാറിയിരിക്കുകയാണ് കാരയന്‍ങ്കാട് സ്വദേശിയും പത്രവിതരണക്കാരനുമായ ആഷിഖ് എന്ന ചെറുപ്പക്കാരന്‍.പ്രാരാബ്ധങ്ങളുമായി ജീവിതം നയിക്കുന്നതിനിടെ വഴയില്‍ നിന്നും വീണ് കിട്ടിയ 30,000 ത്തോളം രൂപ ഉടന്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കാരയന്‍ങ്കാട് പടിഞ്ഞാറേക്കളം വീട്ടില്‍ സലീനയുടെ മകനും വള്ളിയോട് സെന്റ് മേരീസ് പോളിടെക്‌നിക്കിലെ ഇല്ക്ടിക്കല്‍ ഐ ടി ഐ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ് ആഷിഖ്. കൂലി പണി ചെയ്താണ് സലീന ആഷിഖും രണ്ട് സഹോദരിമാരടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. തകര്‍ന്ന് വീഴാറായിരുന്ന വീട് പുനര്‍നിര്‍മിക്കാനും ആഷിഖിന്റെ വിദ്യാഭ്യാത്തിന് വേണ്ടി ബേങ്കുകളില്‍ നിന്ന് വായ്പ എടുത്തിരുന്നത് സലീനയുടെയും ആഷിഖിന്റെയും തുച്ഛമായ വരുമാനത്തില്‍ നിന്നാണ് അടക്കുന്നത്. ഇത്രയൊക്കെ പ്രാരാബ്ധങ്ങളുണ്ടായിട്ടും വീണ് കിട്ടിയ സംഖ്യ അതിന്റെ ഉടമസ്ഥന് ലഭിക്കണമെന്ന ഒറ്റവാശിയില്‍ പോലീസില്‍ ഏല്‍പ്പിച്ച് മാതൃക കാണിക്കുകയായിരുന്നു.പത്രവിതരണത്തിനിടെ യാദൃശ്ചികമായാണ് വഴിയില്‍ ഒരു കെട്ട് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
എടുത്ത് നോക്കിയപ്പോള്‍ അതില്‍ രൂപയായിരുന്നു. ഉടന്‍തന്നെ തന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ കെ അബ്ദുള്‍ഷൂക്കുറിനെ ്അറിയിക്കുകയും ഇരുവരും സ്റ്റേഷനിലെത്തി എസ് ഐ സി രവീന്ദ്രന് തുക കൈമാറുകയായിരുന്നു. നഷ്ടപ്പെട്ടവര്‍ തെളിവ് സഹിതം സ്റ്റേഷനിലെത്തിയാല്‍ സംഖ്യ കൈമാറുമെന്ന് എസ് ഐ അറിയിച്ചു.