യു എസ് സന്നദ്ധ പ്രവര്‍ത്തകന്റെ തലയറുത്ത സംഭവം പൈശാചികമെന്ന് ഒബാമ

Posted on: November 17, 2014 11:52 am | Last updated: November 18, 2014 at 12:19 am

obamaന്യൂയോര്‍ക്ക്: അമേരിക്കക്കാരനായ പീറ്റര്‍ കാസിഗിനെ തലയറുത്തുകൊന്ന ഇസില്‍ തീവ്രവാദികളുടെ നടപടി പൈശാചികമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ്ഹൗസ് പുറത്ത് വിട്ട പ്രസിഡന്റിന്റെ പ്രസ്താവനയിലാണ് ഇസില്‍ നടപടിയെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തയത്.
കഴിഞ്ഞദിവസം ഐ എസിന്റെ പേരില്‍ പുറത്തുവിട്ട വിഡിയോയില്‍ പീറ്റര്‍ കാസിഗിനെ തലയറുത്തു കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ആധികാരികമാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കക്കാരനായ സന്നദ്ധ പ്രവര്‍ത്തകന് പുറമെ 12 സിറിയന്‍ സൈനികരെയും ഇസില്‍ തീവ്രവാദികള്‍ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇവര്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍അസദിന്റെ സൈന്യത്തിലെ പൈലറ്റുമാരാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
തങ്ങളുടെ പിടിയിലുള്ള പീറ്റര്‍ കാസിഗിനെ വധിക്കുമെന്ന് നേരത്തെ തന്നെ ഇസില്‍ തീവ്രവാദികള്‍ ഭീഷണിമുഴക്കിയിരുന്നു. അലന്‍ ഹെന്നിംഗ് എന്ന മറ്റൊരു സന്നദ്ധ പ്രവര്‍ത്തകനെ ഇസില്‍ നേരത്തെ കൊലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ കാസിഗിനെയും കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇറാഖില്‍ അമേരിക്കന്‍ സൈനികനായി സേവനമനുഷ്ഠിച്ച കാസിഗ് ഇതിന് ശേഷം ഇവിടെ തന്നെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഫലസ്തീനില്‍ നിന്നും സിറിയയില്‍ നിന്നും അഭയാര്‍ഥികളായി എത്തുന്നവരെ പരിപാലിക്കാന്‍ 2012ല്‍ കാസിഗ് ലബനാനിലെത്തി.
ദക്ഷിണ തുര്‍ക്കി ആസ്ഥാനമായി സ്‌പെഷല്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് എന്ന സംഘടനക്ക് കഴിഞ്ഞ വര്‍ഷം രൂപം നല്‍കി. ഇതിനുവേണ്ടി പ്രത്യേക പരിപാടി നടപ്പാക്കിവരുന്നതിനിടെയാണ് 2012 ഒക്‌ടോബറില്‍ ഇസില്‍ തീവ്രവാദികളുടെ പിടിയിലാകുന്നത്.