Connect with us

Kozhikode

റോഡപകടം: രണ്ട് ലക്ഷം കെയര്‍ടേക്കര്‍മാരെ വാര്‍ത്തെടുക്കാനുള്ള നടപടി തുടങ്ങി- മന്ത്രി മുനീര്‍

Published

|

Last Updated

കോഴിക്കോട്: റോഡപകടങ്ങളുണ്ടാകുമ്പോള്‍ പ്രഥമശുശ്രൂഷയുള്‍പ്പെടെയുള്ള അടിയന്തര സഹായമെത്തിക്കുന്നതിനുള്ള വൊളന്റിയര്‍മാരുടെ സേവനം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം കെ മുനീര്‍.
കോഴിക്കോട് ട്രോമാ കെയറിന്റെ ആഭിമുഖ്യത്തില്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച റോഡപകട ഇരകളുടെ ഓര്‍മക്കായുള്ള ലോക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തില്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന പ്രഥമശുശ്രൂഷ ശരിയായ രീതിയിലല്ലെങ്കില്‍ ഫലം വിപരീതമാകും. ഇതിനായി പരിശീലനം പ്രത്യേകമായി ആര്‍ജിക്കേണ്ടതുണ്ട്. പരിശീലനം നല്‍കി രണ്ട് ലക്ഷം കെയര്‍ടേക്കര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും ഓരോ കേരളീയനും കെയര്‍ടേക്കര്‍മാരാകുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നഗരത്തിലെയും മറ്റും ഗതാഗത പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് പറഞ്ഞു. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കും മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുന്നവര്‍ക്കുമെതിരെ നടപടി കര്‍ശനമാക്കും. നിയമങ്ങള്‍ അനുസരിച്ച് ശ്രദ്ധയോടെ വാഹനമോടിക്കാനുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ട്രോമാകെയര്‍ വൊളന്റിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലയില്‍ ഈ വര്‍ഷമുണ്ടായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട 332 പേരുടെ ഓര്‍മക്കായി വോളന്റിയര്‍മാര്‍ മെഴുകുതിരികള്‍ തെളിയിച്ചു. റോഡപകടങ്ങള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണെന്നും അതു തടയേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് ദിനാചരണം സമാപിച്ചത്.