മടവൂര്‍ പി എച്ച് സിയില്‍ സ്ഥിരം ഡോക്ടറില്ല; രോഗികള്‍ ദുരിതത്തില്‍

Posted on: November 17, 2014 10:06 am | Last updated: November 17, 2014 at 10:06 am

കൊടുവള്ളി: മടവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറില്ലാത്തത് രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. മുട്ടാഞ്ചേരി അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പി എച്ച് സിയില്‍ ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. നേരത്തെ ഇവിടെയുണ്ടായിരുന്ന സ്ഥിരം ഡോക്ടര്‍ സ്ഥലം മാറിയപ്പോയ ശേഷം ഇവിടെ സ്ഥിരമായി ഡോക്ടറെ നിയമിച്ചിട്ടില്ല. നരിക്കുനി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ക്കാണിപ്പോള്‍ ഇവിടത്തെ മെഡിക്കല്‍ ഓഫീസറുടെ ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും ഡോക്ടര്‍ എത്താത്തതിനാല്‍ രോഗികള്‍ ഏറെനേരം കാത്തിരുന്നു തിരിച്ചുപോകേണ്ട അവസ്ഥയാണ്.
രണ്ട് നില കെട്ടിടത്തോട് കൂടിയ മിനി ആശുപത്രി വേണ്ട വിധത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നില്ല. മടവൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ഏകാശ്രയമായ ഈ സര്‍ക്കാര്‍ ആശുപത്രിയെ അധികൃതര്‍ അവഗണിക്കുന്നതില്‍ ജനരോഷമുയര്‍ന്നിട്ടുണ്ട്. ഇവിടെ ഡോക്ടറുടെ സേവനം എല്ലാ ദിവസവും ലഭ്യമാക്കുക, അവഗണന അവസാനിപ്പിക്കുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ചു ജനാധിപത്യ മഹിളാ അസോസിയേഷന്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു.